"സ്വർഗ്ഗത്തിൽ വലിയ ഒരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ; ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുളള കിരീടം.. അവൾ ഗർഭിണിയായിരുന്നു. പ്രസവവേദനയാൽ അവൾ നിലവിളിച്ചു. പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി. സ്വർഗത്തിൽ മറ്റൊരു അടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരുഗ്ര സർപ്പം, അതിന് ഏഴു തലയും പത്തു കൊമ്പും."
( വെളിപാട് 12:1-3)
1980 ഏപ്രിലിൽ പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബിയിലൂടെ ഇപ്രകാരം പറഞ്ഞു: "ഞാൻ വെളിപാടിലെ കന്യകയാണ്. വിശുദ്ധ ലിഖിതങ്ങളെ പൂർണമായി ഞാൻ മനസ്സിലാക്കിത്തരാം. വിശിഷ്യാ, അതിൻ്റെ അവസാനത്തെ പുസ്തകം - നിങ്ങൾ ജീവിക്കുന്ന ആ പുസ്തകം - നിങ്ങളെ വായിച്ചു ഗ്രഹിപ്പിക്കാം. എൻ്റെ മഹാവിജയം അതിൽ പ്രവചിച്ചിട്ടുണ്ട്."
"സൂര്യനെ വസ്ത്രമായി അണിഞ്ഞ സ്ത്രീയും അവളുടെ സൈന്യവും, ചുവന്ന സർപ്പം നേതൃത്വം കൊടുക്കുന്ന സൈനികർക്കെതിരെ പരസ്യമായി യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. കടലിൽ നിന്നു വന്ന കറുത്ത മൃഗം സർപ്പത്തിൻ്റെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു..
ചുവന്ന സർപ്പം മാർക്സിസ്റ്റ് നിരീശ്വരത്വമാണ്. അത് ഇപ്പോൾ ലോകം മുഴുവനും കീഴടക്കുകയും ദൈവത്തെക്കൂടാതെയുളള അതിൻ്റെ സംസ്കാരം കെട്ടിപ്പടുക്കുന്നതിന് മനുഷ്യവർഗ്ഗത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തൽഫലമായി ലോകം വിദ്വേഷത്തിൻ്റെ തണുപ്പിലും പാപത്തിൻ്റെയും അശുദ്ധിയുടെയും അന്ധകാരത്തിലും മുങ്ങിപ്പോയിരിക്കുന്നു..
കറുത്ത മൃഗം മേസണറി (free Masons) പ്രസ്ഥാനമാണ്. അത് സഭയിൽ നുഴഞ്ഞു കയറി അതിനെ ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും നിഗൂഢ വക്രതയാൽ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
സർപ്പം അതിൻ്റെ ശക്തിയുടെ വൻബലം പ്രകടമാക്കുമ്പോൾ കറുത്ത മൃഗം നിഴലിൻ്റെ മറവിൽ നിഗൂഢമായി കഴിഞ്ഞു കൊണ്ടും രഹസ്യമായി എല്ലായിടത്തും നുഴഞ്ഞു കയറിക്കൊണ്ടും മുന്നേറുന്നു..
ഈ അവസാന നാളുകളിലെ അപ്പസ്തോലന്മാരേ, നിങ്ങളുടെ സ്വർഗീയ മാതാവിൻ്റെ നേതൃത്വത്തിൻ കീഴിൽ നിങ്ങൾ സധൈര്യം യുദ്ധം ചെയ്യേണ്ട സമയമായി.
പ്രാർത്ഥിക്കുക, സ്നേഹിക്കുക, പ്രായശ്ചിത്തം ചെയ്യുക! നിങ്ങളെ സ്നേഹിക്കുകയും നയിക്കുകയും ചെയ്യുന്ന യേശുവിനെ അനുഗമിക്കുക..."