Monday, September 30, 2019

നന്മ വിജയിക്കും

പരിശുദ്ധ അമ്മ സംസാരിക്കുന്നു:


"ലോകത്തിലും സഭയിലും താണിറങ്ങുന്ന കൂരിരുട്ട്‌ എത്രത്തോളം കടുത്തതായിരിക്കുമോ അത്രത്തോളം സുസ്പഷ്ടമായിരിക്കും നിങ്ങൾക്കു വഴി കാട്ടുവാൻ വേണ്ടി എൻ്റെ ഹൃദയത്തിൽ നിന്നു നിർഗമിക്കുന്ന പ്രകാശം.
ഈ പ്രകാശത്തിൽ നടക്കുക. തൽഫലമായി നിങ്ങൾ എപ്പോഴും പ്രകാശത്താൽ നിറയപ്പെടും.
പിശാച്‌ സഭയിൽ നുഴഞ്ഞു കയറിയിട്ടുണ്ട്‌; ഇതു സത്യമാണ്‌. ഓരോ ദിവസവും അവൻ ഇരകളെ അജപാലകരുടെ ഇടയിൽ നിന്നു പോലും കൊയ്തെടുക്കുന്നു.
പാവപ്പെട്ട എൻ്റെ ഈ സഭ! നീ രോഗിണിയായും മരണാസന്നയായും കാണപ്പെടുന്നു!
എങ്കിലും ഗുരുതരമായ നിൻ്റെ ഈ രോഗം - നിൻ്റെ മേൽ ശത്രു കൈവരിച്ചുവെന്നു തോന്നിക്കുന്ന ഈ വിജയം - മരണത്തിനുളളതല്ല. അതു ദൈവത്തിൻ്റെ ഉപരിമഹിമയ്ക്കു വേണ്ടിയുളളതത്രേ.

Sunday, September 29, 2019

അത്യുന്നത ദൈവദൂതന്മാരുടെ സമയം

സെപ്തംബർ 29 - ഇന്ന്‌ മുഖ്യദൂതന്മാരായ വി.മിഖായേൽ, വി.ഗബ്രിയേൽ, വി.റഫായേൽ എന്നിവരുടെ തിരുനാൾ
(പരിശുദ്ധ അമ്മയുടെ സന്ദേശം)



"ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ യുദ്ധം ഉന്നതാരൂപികളുടെ തലത്തിലുളളതാണ്‌. മാലാഖമാരും ദുഷ്ടാരൂപികളും തമ്മിലുളള യുദ്ധം, സ്വർഗവും ഭൂമിയും തമ്മിലും മാലാഖമാരും പിശാചുക്കളും തമ്മിലുമുളള യുദ്ധം. അതിദൂതനായ വി.മിഖായേലും ലൂസിഫറും തമ്മിലുളള  ഘോരസമരത്തിലാണ്‌ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്‌. നിങ്ങളുടെ ആത്മാക്കളെയും സഭയുടെ നിലനിൽപ്പിനെയും മാനവവംശത്തിൻ്റെ നന്മയെയും ഈ മാലാഖമാരെ കർത്താവ്‌ ഭരമേൽപ്പിച്ചിരിക്കുന്നു.
വിനാശകരമായ ഈ കാലഘട്ടത്തിൽ കർത്താവിൻ്റെ ദൂതന്മാരോട്‌ നിങ്ങൾ വളരെയേറെ പ്രാർത്ഥിക്കേണ്ടതുണ്ട്‌.
അത്യുന്നത ശക്തികളായ ദൈവദൂതന്മാരുടെ സമയമാണിത്‌. സാത്താൻ്റെ അവസാന പരാജയത്തിനു വേണ്ടിയുളള നിർണ്ണായകമായ യുദ്ധത്തിലും ക്രിസ്തുവിൻ്റെ മഹത്വമേറിയ രാജവാഴ്ചയുടെ ആവിർഭാവത്തിലും എൻ്റെ വിമലഹൃദയത്തിൻ്റെ ഈ ഭൂമിയിലെ വിജയത്തിലും എൻ്റെ എല്ലാ മക്കളെയും നയിക്കുന്നത്‌ ഈ ഉന്നതശക്തികളായ മാലാഖമാരാണ്‌.."

Saturday, September 28, 2019

വിശ്വാസം സംരക്ഷിക്കുക


(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബിയിലൂടെ നൽകിയ സന്ദേശം)

"യഥാർത്ഥ വിശ്വാസത്തിൽ നിന്നും അകന്ന്‌ അപകടസാദ്ധ്യതയിലേക്ക്‌ എൻ്റെ കുഞ്ഞുമക്കൾ വഴുതിപ്പോകുന്ന സമയമാണിത്‌. സന്യസ്തരുടെ ഇടയിൽപ്പോലും തെറ്റുകൾ പ്രചരിക്കപ്പെടുന്നു. അവ ശ്രദ്ധിക്കപ്പെടുകയും അനുധാവനം ചെയ്യപ്പെടുകയും ചെയ്യുന്നു. അവ പത്രങ്ങളിലും മറ്റും നിമിഷങ്ങൾക്കുളളിൽ വ്യാപകമായി പ്രസിദ്ധീകരിക്കപ്പെടുന്നു. വിശ്വാസ സത്യങ്ങൾ അതിൻ്റെ വ്യക്തതയിലും പൂർണതയിലും പ്രചരിപ്പിക്കുവാൻ സഹായിക്കുന്ന മാദ്ധ്യമങ്ങൾ ഇക്കാലഘട്ടത്തിൻ്റെ വലിയ ആവശ്യമാണ്‌.
അതുകൊണ്ട്‌ പ്രാർത്ഥനയോടെ, ജാഗരൂകതയോടെ, ശക്തമായ വിശ്വാസത്തോടെ  തിരുസഭാപഠനങ്ങൾക്ക്‌ ചെവി പാർത്തിരിക്കുക എന്നതും ഇന്നിൻ്റെ ഒരാവശ്യമാണ്‌. മാർപ്പാപ്പായുടെ പഠനങ്ങളെ ശ്രദ്ധിക്കുവാനും നിങ്ങളുടെ കത്തോലിക്കാ വിശ്വാസത്തിൻ്റെ കേന്ദ്രബിന്ദുവായ വിശ്വാസപ്രമാണം ഏറ്റുചൊല്ലുവാനും പോൾ ആറാമൻ പാപ്പായാൽ വിരചിതമായ വിശ്വാസസംഹിതയെക്കുറിച്ച്‌ ധ്യാനിക്കുവാനും ഞാൻ നിങ്ങളോട്‌ ആവശ്യപ്പെടുകയാണ്‌. ദൈവവചനം വിശ്വസിച്ച്‌, പാലിച്ച്‌, സ്നേഹിച്ച്‌, ജീവിച്ച്‌ നിങ്ങൾക്കു മാതൃകയായ നിങ്ങളുടെ അമ്മയുടെ യഥാർത്ഥ വിശ്വാസത്തിൽ നിങ്ങൾ ആയിരിക്കുവിൻ.."

Wednesday, September 25, 2019

ക്രിസ്ത്യാനിയുടെ യൂണിഫോം

     


     ഒരു ക്രിസ്ത്യാനി യൂണിഫോമിൽ നിൽക്കുന്ന - നിൽക്കേണ്ട - ദൃശ്യം, എഫേസ്യർക്കെഴുതിയ ലേഖനത്തിൽ സെൻ്റ് പോൾ വിവരിക്കുന്നുണ്ട്‌. "നിങ്ങളുടെ പഴയ ജീവിതരീതിയിൽ നിന്നു രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിൻ. നിങ്ങൾ മനസ്സിൻ്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിൻ്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ.  (എഫേ 4:22-24). തുടർന്ന്‌ ആ ക്രിസ്തീയ പടനായകൻ എഴുതുന്നു: "...പിശാചിൻ്റെ കുടില തന്ത്രങ്ങളെ എതിർത്തു നിൽക്കാൻ ദൈവത്തിൻ്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ.  (എഫേ 6:11)."
"സത്യം കൊണ്ട്‌ അര മുറുക്കി, നീതിയുടെ കവചം ധരിച്ച്‌ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. സമാധാനത്തിൻ്റെ സുവിശേഷത്തിനുളള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിക്കുവിൻ. സർവോപരി, ദുഷ്ടൻ്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിൻ്റെ പരിച എടുക്കുവിൻ. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിൻ്റെ വാൾ എടുക്കുകയും ചെയ്യുവിൻ." (എഫേ 6:14-17)
   ഒരു ക്രിസ്ത്യാനി, വർഷത്തിലെ 365 ദിവസങ്ങളിലും മാസത്തിലെ 30/31  ദിവസങ്ങളിലും ആഴ്ചയിലെ ഏഴു ദിവസങ്ങളിലും ദിവസത്തിൻ്റെ 24  മണിക്കൂറുകളിലും, എപ്പോഴും എവിടെയും ക്രിസ്തുവിൻ്റെ ഒരു ധർമഭടനായി വർത്തിക്കണം. അവനെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ അവനിലൂടെ ക്രിസ്തുവിനെ കാണുകയും കേൾക്കുകയും ചെയ്യണം. കാരണം, ഇന്നത്തെ ലോകത്തിൽ ക്രിസ്ത്യാനിയാണ് ക്രിസ്തുവിൻ്റെ പ്രതിപുരുഷൻ - സ്ഥാനപതി.

(ഫാ.ജേക്കബ് ഏറണാട്ട് - ജെം ചിന്തകൾ)

Tuesday, September 24, 2019

വെളിപാടിലെ കന്യക



        "സ്വർഗ്ഗത്തിൽ വലിയ ഒരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ; ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുളള കിരീടം.. അവൾ ഗർഭിണിയായിരുന്നു. പ്രസവവേദനയാൽ അവൾ നിലവിളിച്ചു. പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി. സ്വർഗത്തിൽ മറ്റൊരു അടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്നിമയനായ ഒരുഗ്ര സർപ്പം, അതിന് ഏഴു തലയും പത്തു കൊമ്പും."
( വെളിപാട് 12:1-3)

1980 ഏപ്രിലിൽ പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബിയിലൂടെ ഇപ്രകാരം പറഞ്ഞു: "ഞാൻ വെളിപാടിലെ കന്യകയാണ്‌. വിശുദ്ധ ലിഖിതങ്ങളെ പൂർണമായി ഞാൻ മനസ്സിലാക്കിത്തരാം. വിശിഷ്യാ, അതിൻ്റെ അവസാനത്തെ പുസ്തകം - നിങ്ങൾ ജീവിക്കുന്ന ആ പുസ്തകം - നിങ്ങളെ വായിച്ചു ഗ്രഹിപ്പിക്കാം.  എൻ്റെ മഹാവിജയം അതിൽ പ്രവചിച്ചിട്ടുണ്ട്‌."


      "സൂര്യനെ വസ്ത്രമായി അണിഞ്ഞ സ്ത്രീയും അവളുടെ സൈന്യവും, ചുവന്ന സർപ്പം നേതൃത്വം കൊടുക്കുന്ന സൈനികർക്കെതിരെ പരസ്യമായി യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്‌. കടലിൽ നിന്നു വന്ന കറുത്ത മൃഗം സർപ്പത്തിൻ്റെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു..
     ചുവന്ന സർപ്പം മാർക്സിസ്റ്റ്‌ നിരീശ്വരത്വമാണ്‌. അത് ഇപ്പോൾ ലോകം മുഴുവനും കീഴടക്കുകയും ദൈവത്തെക്കൂടാതെയുളള അതിൻ്റെ സംസ്കാരം കെട്ടിപ്പടുക്കുന്നതിന് മനുഷ്യവർഗ്ഗത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തൽഫലമായി ലോകം വിദ്വേഷത്തിൻ്റെ തണുപ്പിലും പാപത്തിൻ്റെയും അശുദ്ധിയുടെയും അന്ധകാരത്തിലും മുങ്ങിപ്പോയിരിക്കുന്നു..
    കറുത്ത മൃഗം മേസണറി (free Masons) പ്രസ്ഥാനമാണ്‌. അത് സഭയിൽ നുഴഞ്ഞു കയറി അതിനെ ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും നിഗൂഢ വക്രതയാൽ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. 
       സർപ്പം അതിൻ്റെ ശക്തിയുടെ വൻബലം പ്രകടമാക്കുമ്പോൾ കറുത്ത മൃഗം നിഴലിൻ്റെ മറവിൽ നിഗൂഢമായി കഴിഞ്ഞു കൊണ്ടും രഹസ്യമായി എല്ലായിടത്തും നുഴഞ്ഞു കയറിക്കൊണ്ടും മുന്നേറുന്നു..  
  ഈ അവസാന നാളുകളിലെ അപ്പസ്തോലന്മാരേ, നിങ്ങളുടെ സ്വർഗീയ മാതാവിൻ്റെ നേതൃത്വത്തിൻ കീഴിൽ നിങ്ങൾ സധൈര്യം യുദ്ധം ചെയ്യേണ്ട സമയമായി. 
    പ്രാർത്ഥിക്കുക, സ്നേഹിക്കുക, പ്രായശ്ചിത്തം ചെയ്യുക! നിങ്ങളെ സ്നേഹിക്കുകയും നയിക്കുകയും ചെയ്യുന്ന യേശുവിനെ അനുഗമിക്കുക..."

Monday, September 23, 2019

കാലത്തിൻ്റെ അടയാളങ്ങൾ





                   വി.മത്തായിയുടെ സുവിശേഷം 24:7 ൽ  നാം ഇങ്ങനെ വായിക്കുന്നു: "ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിൻ്റെ ആരംഭം മാത്രം."  
 ലോകം മുഴുവനിലും വ്യാപകമായി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ സാധാരണ സംഭവങ്ങളായി തളളിക്കളയാവുന്നവയല്ല. മറിച്ച്, ഗൗരവതരങ്ങളായ ഭാവി സംഭവങ്ങളുടെ മുന്നറിയിപ്പുകളാണ് അവ. 
     ഫാ. സ്റ്റെഫാനോ ഗോബിയിലൂടെ പരിശുദ്ധ അമ്മ നൽകിയ സന്ദേശങ്ങൾ ഇത്തരുണത്തിൽ സ്മരണീയമാണ്‌. മാതാവ് പറയുന്നു: "നിങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിൻ്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി ജീവിക്കുവാൻ വേണ്ടി , വിശുദ്ധ ഗ്രന്ഥം എങ്ങിനെയാണ്‌ വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടതെന്ന്‌ നിങ്ങൾ മനസ്സിലാക്കുവിൻ."
      ജോൺ മാർട്ടിനസ്‌ എന്ന ദർശകനിലൂടെ വീണ്ടും മാതാവ്‌ 2018 ജൂലൈ മാസത്തിൽ സന്ദേശം നൽകി: "ദൈവനീതി നടപ്പിലാകുന്നതാണ് നിങ്ങളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്‌.  വി.മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന, ഈറ്റുനോവിൻ്റെ നടുവിലാണ് ലോകമിപ്പോൾ.  കാലാവസ്ഥയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളും നിത്യസംഭവങ്ങളാകുന്ന പ്രകൃതിദുരന്തങ്ങളുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്‌.  
     ദൈവം സ്നേഹമാണ്‌: എന്നാൽ ദൈവം നീതിയുമാണ്‌. അവിടുന്ന്‌ മനുഷ്യനെ ശിക്ഷിക്കുന്നില്ല.  സാത്താൻ്റെ പൈശാചിക സ്വാധീനത്താൽ മാനവരാശി അന്ധരാക്കപ്പെട്ട്‌, ദൈവത്തെ പരിഹസിച്ചു കൊണ്ട് ജീവിതം നയിക്കുകയാണ്‌. 
             വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന  വിശ്വാസത്യാഗത്തിൻ്റെ  സമയം വന്നുകഴിഞ്ഞു!  യുദ്ധം ആസന്നമാണ്‌; ഭൗതിക തലത്തിൽ മാത്രമല്ല,  ആത്മീയ തലത്തിലും..
       തിന്മയും അന്ധകാരവും കൊടി കുത്തി വാഴുന്ന ഈ കാലങ്ങളിൽ, പ്രാർത്ഥനയും ഉപവാസവും ഞാൻ നിങ്ങളിൽ നിന്ന്‌ ആവശ്യപ്പെടുകയാണ്‌.."
   2 തിമോത്തി 3:1-5 ൽ വി.പൗലോസ് ശ്ലീഹായും മുന്നറിയിപ്പു നൽകുന്നു: "ഒരു കാര്യം മനസ്സിലാക്കിക്കൊളളുക, അവസാന നാളുകളിൽ ക്ലേശപൂർണമായ സമയങ്ങൾ വരും. അപ്പോൾ സ്വാർഥസ്നേഹികളും ധനമോഹികളും അഹങ്കാരികളും ഗർവിഷ്ഠരും ദൈവദൂഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും. അവർ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുളളവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളിൽ ആസക്തിയുളളവരും അയിരിക്കും. അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട്‌ അതിൻ്റെ ചൈതന്യത്തെ നിഷേധിക്കും.." 
     

Friday, September 20, 2019

മരുഭൂമിയിലെ പരീക്ഷ

  യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭുമിയിലേക്കു  നയിച്ചു. അവൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ട്‌ നാൽപതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു. അപ്പോൾ പിശാച് അവനോടു പറഞ്ഞു: "നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട് അപ്പമാകാൻ കൽപ്പിക്കുക." യേശു അവനോടു  പറഞ്ഞു: "അപ്പം കൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു." പിന്നെ പിശാച്‌ അവനെ ഒരു ഉയർന്ന സ്ഥലത്തേക്കു കൊണ്ടു പോയി, ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരം കൊണ്ട്‌ അവനു കാണിച്ചു കൊടുത്തു. പിശാച് അവനോടു പറഞ്ഞു: "ഇവയുടെ മേൽ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാൻ തരാം. ഇതെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുളളവർക്ക്‌ ഞാൻ ഇതു കൊടുക്കുന്നു. നീ എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിൻ്റേതാകും." യേശു മറുപടി പറഞ്ഞു: "നിൻ്റെ ദൈവമായ കർത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു." അനന്തരം പിശാച്‌ അവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിൻ്റെ ശൃംഗത്തിൽ നിർത്തിക്കൊണ്ടു പറഞ്ഞു: "നീ ദൈവപുത്രനാണെങ്കിൽ ഇവിടെ നിന്നു താഴേക്കു ചാടുക. നിന്നെ സംരക്ഷിക്കാൻ അവൻ ദൂതന്മാരോടു കൽപ്പിക്കുമെന്നും നിൻ്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ 
കൈകളിൽ താങ്ങിക്കൊളളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ." യേശു പറഞ്ഞു: "നിൻ്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും പറയപ്പെട്ടിരിക്കുന്നു." അപ്പോൾ പിശാച് പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച്‌ നിശ്ചിതകാലത്തേക്ക്‌ അവനെ വിട്ടുപോയി.

(ലൂക്കാ 4:1-13)

ഇന്നത്തെ തിരുവചനം


എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. എന്തെന്നാൽ ഒരു ദൈവമേ ഉളളൂ. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി ഒരുവനേയുളളൂ - മനുഷ്യനായ യേശുക്രിസ്തു.
(1തിമോത്തി 2:4-5)

Thursday, September 19, 2019

കർത്താവ് എൻ്റെ കാവൽക്കാരൻ

സങ്കീർത്തനം 121



1.  പർവതങ്ങളിലേക്കു ഞാൻ
കണ്ണുകൾ ഉയർത്തുന്നു;
എനിക്കു സഹായം എവിടെ നിന്നു വരും?
2.  എനിക്കു സഹായം കർത്താവിൽ നിന്നു വരുന്നു;
ആകാശവും ഭൂമിയും സൃഷ്ടിച്ച 
കർത്താവിൽ നിന്ന്‌.
3.  നിൻ്റെ കാൽ വഴുതാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ
ഉറക്കം തൂങ്ങുകയില്ല.
4.  ഇസ്രായേലിൻ്റെ പരിപാലകൻ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
5.  കർത്താവാണ് നിൻ്റെ കാവൽക്കാരൻ;
നിനക്കു തണലേകാൻ അവിടുന്ന്‌ 
നിൻ്റെ വലതു ഭാഗത്തുണ്ട്‌.
6.  പകൽ സൂര്യനോ രാത്രി ചന്ദ്രനോ 
നിന്നെ ഉപദ്രവിക്കുകയില്ല.
7.  സകല തിന്മകളിലും നിന്ന്‌ കർത്താവ്‌
നിന്നെ കാത്തു കൊളളും;
അവിടുന്ന്‌ നിൻ്റെ ജീവൻ സംരക്ഷിക്കും.
8.  കർത്താവ്‌ നിൻ്റെ  വ്യാപാരങ്ങളെ 
ഇന്നുമെന്നേയ്ക്കും കാത്തുകൊളളും.