Saturday, September 21, 2013

ന്യായവിധി - 3

ഗ്ളോറിയ പോളോ തന്റെ അനുഭവസാക്ഷ്യം തുടരുന്നു:

ഈശോ തുടർന്നു: "വൈദികൻ വഴിയായിട്ടാണ് നിങ്ങളുടെ പാപങ്ങൾക്കു മോചനം ലഭിക്കുന്നത്. ഒരു കുമ്പസാരക്കൂട് എന്താണെന്നു നീ മനസ്സിലാക്കിയിട്ടുണ്ടോ? ആത്മാക്കൾ ശുദ്ധി പ്രാപിക്കുന്ന സ്നാനസ്ഥലമാണത്; സോപ്പും വെള്ളവുമല്ല നിങ്ങളെ ശുദ്ധീകരിക്കുന്നത്,  പ്രത്യുത, എന്റെ രക്തമാണ്. പാപത്തിന്റെ ചെളി പുരണ്ടു കറുത്തിരുണ്ട ആത്മാവുമായി നീ വരുമ്പോൾ കുമ്പസാരമെന്ന കൂദാശയിലൂടെ എന്റെ പാപരഹിതമായ രക്തം കൊണ്ടു നിന്നെ ഞാൻ കഴുകി ശുദ്ധീകരിക്കുന്നു. അതുമാത്രമല്ല, പിശാചിന്റെ ബന്ധനങ്ങളിൽ നിന്നു ഞാൻ നിന്നെ വിടുവിക്കയും ചെയ്യുന്നു. ഇതെല്ലാം സംഭവിക്കുന്നത് വൈദികൻ വഴിയാണ്. പിശാചിന് വൈദികനെ വെറുക്കാനും തകർക്കാനും ഇതിൽക്കൂടുതൽ കാരണം വേണോ?"

അടുത്തതായി കർത്താവു സംസാരിച്ചത്, വിവാഹം എന്ന കൂദാശയെപ്പറ്റിയും അതു വഴി നൽകപ്പെടുന്ന കൃപകളെപ്പറ്റിയുമാണ്.  "വിവാഹകർമ്മത്തിലൂടെ,  കന്യാത്വം പാലിച്ചിട്ടുള്ള പങ്കാളികളുടെ മേൽ ചൊരിയപ്പെടുന്ന കൃപകളും അനുഗ്രഹങ്ങളും എണ്ണമറ്റതാണ്..."  എന്റെ വിവാഹകർമ്മം ഈശോ  എന്നെ കാണിച്ചുതന്നു.  വിവാഹകർമ്മത്തിൽ പരസ്പരവിശ്വസ്തതയുടെ പ്രതിജ്ഞ നാമെടുക്കുമ്പോൾ അവിടെ സന്നിഹിതമായിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ  മുമ്പിലാണ് അതു നിർവഹിക്കപ്പെടുന്നത്; അവിടുത്തോടാണ് നാം  ആ പ്രതിജ്ഞ ചെയ്യുന്നത്.  നാം മരണമടയുമ്പോൾ ഈ അനർഘനിമിഷം നമ്മുടെ 'ജീവന്റെ പുസ്തകത്തിൽ'  അതേപോലെ നാം കാണും. വിവാഹകർമ്മത്തിൽ ദമ്പതിമാർ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ഈശോ അവരെ തന്റെ ഹൃദയത്തോടു ചേർക്കുകയാണ്; അങ്ങനെ അവിടെയും ഒരു 'പരിശുദ്ധ ത്രിത്വം' രൂപപ്പെടുകയാണ്.  എന്റെ സഹോദരങ്ങളേ,  ദൈവം യോജിപ്പിച്ചതിനെ വേർപെടുത്താൻ ആർക്കാണ് അധികാരം? ആർക്കും തന്നെയില്ല!


Friday, April 12, 2013

ന്യായവിധി - 2

ഗ്ളോറിയ പോളോ തന്റെ അനുഭവസാക്ഷ്യം തുടരുന്നു:

"പത്തു കൽപ്പനകളെ അടിസ്ഥാനമാക്കി കർത്താവ് എന്നെ പരിശോധിക്കുകയാണ്.

                 എല്ലാറ്റിലുമുപരിയായി  എന്റെ ദൈവത്തെ ഞാൻ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു എന്നു ഞാൻ പറഞ്ഞു; എന്നാൽ സത്യത്തിൽ ഞാൻ ആരാധിച്ചത് സാത്താനെയാണ്. എന്റെ ഔട്ട് പേഷ്യന്റ്സ് ക്ളിനിക്കിൽ  കാർഡുപയോഗിച്ച് ഭാവി പ്രവചിക്കുന്ന ഒരു സ്ത്രീ സ്ഥിരമായി വരികയും ദോഷങ്ങൾ ഇല്ലാതാക്കാൻ എന്നു പറഞ്ഞ് എന്തോ ചില മന്ത്രങ്ങളും പൂജയും ഒക്കെ ചെയ്യുകയും  പതിവായിരുന്നു.  ഇത് അനുവദിച്ചതു വഴി   ഞാൻ സാത്താനു വാതിൽ തുറന്നു കൊടുക്കയായിരുന്നു...  എന്റെ ക്ളിനിക്കിൽ മാത്രമല്ല, എന്റെ ജീവിതത്തിലും യഥേഷ്ടം വിഹരിക്കാൻ പിശാചുക്കൾക്ക് അവസരമുണ്ടാക്കിക്കൊടുക്കയായിരുന്നു.  ദൈവതിരുമുമ്പിൽ ഇതെല്ലാം അങ്ങേയറ്റം മ്ളേച്ഛമായ പ്രവൃത്തികളാണ്.
                ദൈവത്തിനായാലും മറ്റുള്ളവർക്കായാലും നന്ദി പറയുക എന്നൊരു കാര്യം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല; എന്റെ മാതാപിതാക്കളോടുള്ള എന്റെ പെരുമാറ്റം മോശമായിരുന്നു. എന്നെയും സഹോദരങ്ങളെയും വളർത്താനും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാനും അവർ സഹിച്ച കഷ്ടപ്പാടുകൾ വളരെയേറെയായിരുന്നു. എന്നിട്ടും അവരെപ്പറ്റി നന്ദിയോടെ ഓർക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല; എന്നു തന്നെയല്ല, ഡോക്ടറായിക്കഴിഞ്ഞപ്പോഴേക്കും എന്റെ സ്റ്റാറ്റസിനു ചേന്നവല്ല അവരെന്നുള്ള ചിന്ത എന്നെ അവരിൽ നിന്നും പിന്നെയുമകറ്റി. പ്രത്യേകിച്ചും,  എന്റെ അമ്മയുടെ വിനയവും എളിമയും  നിറഞ്ഞ പെരുമാറ്റത്തിൽ എനിക്കു ലജ്ജ തോന്നിയിരുന്നു.
                             അതുപോലെ, എന്റെ ജീവിതപങ്കാളിയോടുള്ള എന്റെ അഹന്ത നിറഞ്ഞ പെരുമാറ്റവും കർത്താവ് എന്നെ കാണിച്ചുതന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്കു ഗുഡ് മോർണിംഗ് പറയുന്ന അദ്ദേഹത്തോടുള്ള എന്റെ മറുപടി ഇതായിരിക്കും. "ഓ, എന്തൊരു പ്രഭാതം? കണ്ടില്ലേ മഴ?"  ദൈവം നൽകിയ നിരവധി അനുഗ്രഹങ്ങൾക്കു നന്ദി പറയുന്നതിനു പകരം, ദിവസം മുഴുവൻ പിറുപിറുത്തും പരാതി പറഞ്ഞുമാണ് ഞാൻ കഴിച്ചുകൂട്ടിയിരുന്നത്.  
ദിവസത്തിൽ നാലും അഞ്ചും മണിക്കൂറുകൾ എന്റെ ശരീരത്തിന്റെ ഭംഗികൂട്ടുന്നതിനുള്ള വ്യായാമങ്ങൾക്കും എയ്റോബിക്സിനും മറ്റുമായി ചിലവഴിച്ചിരുന്ന എനിക്ക് ദൈവത്തിനു വേണ്ടി മാറ്റി വയ്ക്കാൻ പത്തു മിനിറ്റു പോലുമില്ലായിരുന്നു. ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ പരസ്യങ്ങളുടെ സമയത്തായിരുന്നു എന്റെ ജപമാല ചൊല്ലൽ...  പള്ളിയിൽപ്പോകുന്ന കാര്യത്തിൽ ങ്ങേയറ്റത്തെ മടിയായിരുന്നു എനിക്ക്. എനിക്ക്  ഒരാത്മാവുണ്ടെന്ന കാര്യം തന്നെ ഞാൻ വിസ്മരിച്ചു. ആ സമയം കൂടി എന്റെ ശരീരത്തിനായി വിനിയോഗിക്കാൻ എനിക്കൊരു മടിയുമില്ലായിരുന്നു.. 
              വീണ്ടും കർത്താവ്  കാണിച്ചുതന്നു;     വൈദികരെ ഞാൻ നിർദ്ദാക്ഷിണ്യം വിമർശിച്ചിരുന്നു..  എന്റെ ആത്മാവിനെ കളങ്കപ്പെടുത്തിയ ഏറ്റവും വലിയ തിന്മകളിലൊന്ന് ഇതായിരുന്നു; വൈദികരെ കുറ്റം വിധിച്ചതും അവരെപ്പറ്റി അപവാദം പറഞ്ഞു പരത്തിയതും.. എന്റെ  പിതാവിൽ നിന്നാണ്  ഈ ശീലം എനിക്കു കിട്ടിയത്. അദ്ദേഹം എപ്പോഴും വൈദികരെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ,  ഞങ്ങളുടെ മുമ്പിൽ വച്ച് വൈദികരെ സ്ത്രീജിതരെന്നും മറ്റും വിളിച്ചാക്ഷേപിക്കാൻ അദ്ദേഹത്തിനു യാതൊരു മടിയുമില്ലായിരുന്നു. 
                      കർത്താവ് സ്വരമുയർത്തി എന്നോടു ചോദിച്ചു: "എന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ കുറ്റം വിധിക്കാൻ നീ ആരാണെന്നാണ് നിന്റെ വിചാരം? ദൈവമോ? വൈദികരും മനുഷ്യരാണ്. അവരായിരിക്കുന്ന സമൂഹത്തിന്റെ നന്മയ്ക്കും സുസ്ഥിതിയ്ക്കും വേണ്ടിയാണ് ഞാനവരെ ആ വിശുദ്ധസ്ഥിതിയിലേക്കു നിയോഗിച്ചിരിക്കുന്നത്.  സമൂഹത്തിന് അവരുടെ വൈദികർക്കു വേണ്ടി പ്രാർത്ഥിക്കാനും അവരെ സ്നേഹിക്കാനും പിന്തുണയ്ക്കാനും കടമയുണ്ട്.  ഒരു വൈദികന്റെ വീഴ്ചയിൽ സമൂഹത്തിനും പങ്കുണ്ട്.  പിശാച് വൈദികരെയും അവരുടെ അഭിഷിക്ത കരങ്ങളെയും അങ്ങേയറ്റം വെറുക്കുന്നു. കാരണം, നിത്യനായ ദൈവത്തിനു സമർപ്പിക്കപ്പെട്ടവനായ ഒരു പുരോഹിതന്റെ അഭിഷിക്ത കരങ്ങൾ വഴിയാണ്  അൾത്താരയിലെ അത്ഭുതം നടക്കുന്നത്; അതുവഴി അനേക ജീവിതങ്ങളിൽ അത്ഭുതം നടക്കുന്നത്. ദിവ്യകാരുണ്യം സ്വർഗ്ഗത്തിലേക്കുള്ള വാതിലാണ്. അതുകൊണ്ടുതന്നെ പിശാചിന്റെ നിരന്തരമായ പ്രലോഭനങ്ങൾ വൈദികനു നേരിടേണ്ടി വരുന്നു. വൈദികർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അവർക്കു  താങ്ങായി നിൽക്കേണ്ടവരാണ് വിശ്വാസികൾ. അവരെ വിധിക്കുന്നവ  അതികഠിനമായിത്തന്നെ വിധിക്കപ്പെടും."

Saturday, April 6, 2013

ന്യായവിധി - 1

  ഗ്ളോറിയ പോളോയുടെ അനുഭവസാക്ഷ്യം
                          
                 (കൊളംബിയായിലെ ഒരു ദന്തഡോക്ടറായിരുന്നു ഗ്ളോറിയ പോളോ എന്ന സമർത്ഥയായ യുവതി. 1995 മെയ് മാസത്തിൽ അവൾ ഒരപകടത്തിൽപ്പെട്ടു.  നല്ല മഴയുള്ള ഒരു ദിവസം, ഭർത്താവിനോടും ബന്ധുവായ ഒരു  യുവാവിനോടുമൊപ്പം, ഉപരിപഠനത്തിനാവശ്യമായ ചില പുസ്തകങ്ങൾ തേടി ലൈബ്രറിയിലേയ്ക്കു പോയ അവർക്കു മൂവർക്കും  മിന്നലേറ്റു.  ഭർത്താവ് കാറിൽത്തന്നെ ഇരുന്നതിനാൽ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. ബന്ധുവായ യുവാവ് തൽക്ഷണം മരിച്ചു.  ഗ്ളോറിയയുടെ ശരീരം   ഇടിമിന്നലേറ്റ്  കത്തിക്കരിഞ്ഞുപോയി. Clinically dead   ആയ അവസ്ഥയിൽ അവൾ Near Death Experience' (NDE) എന്ന പ്രതിഭാസത്തിലൂടെ കടന്നുപോവുകയും മൂന്നു ദിവസത്തോളം  കോമയിലായിരുന്ന ശേഷം  ജീവിതത്തിലേക്കു തിരികെ വരികയും ചെയതു.  അവളുടെ ആത്മാവ് ശരീരം വിട്ടപ്പോൾ, നിത്യവിധിയാളനായ യേശുനാഥന്റെ മുമ്പിൽ ആനയിക്കപ്പെടുകയും അവളുടെ  ചെറുതും വലുതുമായ ഓരോ ചെയ്തിയും   പരിശോധിക്കപ്പെടുകയും ചെയ്തു.     അവൾക്കുണ്ടായ അനുഭവങ്ങൾ അവൾ പങ്കു വയ്ക്കുന്നു.)


"മിന്നലേറ്റയുടൻ തന്നെ വലിയൊരു പ്രകാശത്തിനുള്ളിലേക്കു കടക്കുന്ന അനുഭവം എനിക്കുണ്ടായി. വലിയ സന്തോഷവും സമാധാനവും തോന്നി. താഴെയായി എന്റെ കത്തിക്കരിഞ്ഞ ശരീരം വൈദ്യുതിപ്രവാഹത്തിന്റെ ശക്തിയാൽ ചാടുന്നതു ഞാൻ കണ്ടു...
                            വിവരണാതീതമായ ആ പ്രകാശത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഞാൻ മരിച്ചിരിക്കുവെന്ന ബോദ്ധ്യം എന്നിലേക്കു വന്നു. ഞാൻ എന്നോടു തന്നെ പറഞ്ഞു; "ഓ, ദൈവമേ,  എന്റെ കുഞ്ഞുങ്ങൾ!!  അവരെ വേണ്ടവിധം നോക്കാൻ സമയമില്ലാതിരുന്ന, എപ്പോഴും തിരക്കിലായിരുന്ന  ഈ അമ്മയെപ്പറ്റി അവരെന്തു കരുതും?" 
                 ഞാൻ മുകളിലേക്കു പോയ്ക്കൊണ്ടിരിക്കവേ,  ലോകത്തിലുള്ള എല്ലാ മനുഷ്യരെയും ഒരൊറ്റ നിമിഷം കൊണ്ട് ഞാൻ കണ്ടു.  എല്ലാവരുടേയും ഉള്ളിലുള്ള ചിന്തകളും വികാരങ്ങളും എനിക്കു കാണാൻ കഴിഞ്ഞു....  എല്ലാവരോടും എനിക്ക് അതിയായ സ്നേഹം തോന്നി. മുമ്പ്  ഞാൻ ഇങ്ങനെ ആയിരുന്നില്ല. വളരെ അസൂയാലുവും സ്വാർത്ഥയുമായിരുന്ന ഞാൻ,  ആരേയും എന്തിനേയും  വിമർശിച്ചിരുന്നു. 

                         പെട്ടെന്ന്, എന്റെ ഭർത്താവിന്റെ ഹൃദയഭേദകമായ കരച്ചിൽ ഞാൻ കേട്ടു. "ഗ്ളോറിയ, പോകരുതേ, തിരിച്ചു വരൂ...  നമ്മുടെ കുഞ്ഞുങ്ങൾ... തിരിച്ചു വരൂ..."  ആ സമയം,  തിരികെ പോകുവാൻ ദൈവം എന്നെ അനുവദിച്ചു; എനിക്കതിന് ഒട്ടും മനസ്സില്ലായിരുന്നെങ്കിലും...
           ഞാൻ തിരിച്ചു വന്ന് എന്റെ ശരീരത്തിനുള്ളിൽ കടന്ന ആ നിമിഷം, കത്തിക്കരിഞ്ഞ  ശരീരത്തിന്റെ എല്ലാ വേദനകളും അനുഭവിക്കാൻ തുടങ്ങി. എന്റെ ദുരഭിമാനത്തിനും അഹങ്കാരത്തിനും കിട്ടിയ തിരിച്ചടി അതിലും ഭയങ്കരമായിരുന്നു. തികച്ചും 'ലോകത്തിന്റേതു' മാത്രമായി ജീവിച്ച ഒരു സ്ത്രീയായിരുന്നു ഞാൻ.  ഒരു എക്സിക്യൂട്ടീവ്, ബുദ്ധിമതി, കഠിനാദ്ധ്വാനി, ഫാഷൻപ്രേമി, ഇതെല്ലാമായിരുന്ന ഞാൻ,  ശരീരവും സൗന്ദര്യവും സംരക്ഷിക്കുവാൻ മണിക്കൂറുകൾ തന്നെ ചെലവഴിച്ചിരുന്നു... എനിക്കു മനോഹരമായ മാറിടങ്ങൾ ഉണ്ടായിരുന്നു;  എന്റെ കാലുകൾ  വടിവൊത്തതും മനോഹരങ്ങളുമായിരുന്നു. അവ മറ്റുള്ളവരെ കാണിക്കുന്നതിൽ എന്താണു തെറ്റ് എന്നു ഞാൻ എന്നോടുതന്നെ പറഞ്ഞിരുന്നു.. എന്നാലിപ്പോഴിതാ,  ഞാൻ അങ്ങേയറ്റം അഭിമാനം കൊണ്ടിരുന്ന ഈ അവയവങ്ങൾ, ധാരാളം പണവും സമയവും ചെലവഴിച്ച് കരുതലോടെ സംരക്ഷിച്ചിരുന്ന ഈ അവയവങ്ങൾ, ഏറ്റവും വിരൂപമായ അവസ്ഥയിലായിരിക്കുന്നു..
                  കത്തിക്കരിഞ്ഞ  എന്റെ ശരീരത്തിന്മേൽ ഡോക്ടർമാർ അവരുടെ പരിശ്രമങ്ങളാരംഭിച്ചു...  കരിഞ്ഞുപോയ കോശങ്ങൾ നീക്കം ചെയ്യുന്ന സർജറിക്കായി എനിക്ക്  അനസ്തീഷ്യ തന്നപ്പോൾ വീണ്ടും എനിക്ക്  കാർഡിയാക് അറസ്റ്റ് ഉണ്ടായി; ശരീരത്തിൽ നിന്നും വീണ്ടും ഞാൻ പുറത്തു കടന്നു. സർജന്മാർ എന്റെ ശരീരത്തിന്മേൽ സർജറി ചെയ്യുന്നത് ഞാൻ കണ്ടു... പെട്ടെന്ന്  ദൈവവുമായുള്ള എന്റെ ബന്ധത്തെപ്പറ്റി ഞാൻ ചിന്തിക്കാൻ തുടങ്ങി.  വല്ലാത്തൊരു  ഭയം എന്നെ പിടികൂടി.    (ഞാനൊരു ഞായറാഴ്ച ക്രിസ്ത്യാനി മാത്രമായിരുന്നു.  കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിന് ഏറ്റവും കുറച്ചു സമയമെടുക്കുന്ന  വൈദികൻ ഏതെന്നു തിരക്കി കണ്ടുപിടിച്ച് ആ പള്ളിയിലായിരുന്നു ഞായറാഴ്ചകളിൽ ഞാൻ പോയിരുന്നത്) 
                         ആ സമയം ധാരാളം പിശാചുക്കൾ എന്റെ ചുറ്റും കൂടാൻ തുടങ്ങി..   അതോടൊപ്പം ഓപ്പറേഷൻ മുറിയുടെ ഭിത്തികളിലൂടെ അനേകം മനുഷ്യരും കടന്നു വരാൻ തുടങ്ങി. ആദ്യനോട്ടത്തിൽ സാധാരണ മനുഷ്യരെപ്പോലെ തോന്നിച്ചെങ്കിലും പെട്ടെന്നു തന്നെ അവരുടെ മുഖങ്ങളിലെ വിദ്വേഷവും ക്രൂരതയും ഞാൻ കണ്ടു.. ഭയന്നുവിറച്ച ഞാൻ, അവരിൽ നിന്നു രക്ഷപ്പെടാനായി എന്റെ ശരീരത്തിലേക്കു കടക്കാൻ ശ്രമിച്ചെങ്കിലും അത് എന്നെ സ്വീകരിച്ചില്ല. ഞാൻ ഓപ്പറേഷൻ മുറിയ്ക്കു പുറത്തേക്കു കടന്നു.. ഭിത്തികളിലൂടെത്തന്നെ...
                    പെട്ടെന്നു തന്നെ ഞാൻ കടുത്ത അന്ധകാരത്തിൽ നിപതിച്ചതുപോലെ എനിക്കനുഭവപ്പെട്ടു. ഏതൊക്കെയോ ഇരുട്ടു തുരങ്കങ്ങളിലൂടെ  കടന്നു പൊയ്ക്കൊണ്ടിരുന്നതുപോലെ എനിക്കു തോന്നി.  ഒടുവിൽ ദുർഗന്ധം വമിക്കുന്ന ഒരു ദ്വാരത്തിലേക്ക്   ഞാൻ  വലിച്ചെടുക്കപ്പെട്ടു.. അവിടെ ധാരാളം മനുഷ്യരുണ്ടായിരുന്നു. കൂടുതലും ചെറുപ്പക്കാർ... പല്ലുകടിയും ദൈവദൂഷണങ്ങളും ഞാൻ കേട്ടു..  എന്റെ ആത്മാവിന്റെ നാശമാണിതെന്ന് എനിക്കു  മനസ്സില്ലായി.  പൂർണ്ണമായും ആ ദ്വാരത്തിനകത്താകുന്നതിനു മുമ്പ് ആരോ എന്റെ പാദങ്ങളിൽ പിടിച്ചു പുറത്തേക്കു വലിച്ചു.....    ഞാൻ വളരെ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി; "ഇതെന്താണ്? എന്നെ എന്തിനാണ് ഇവിടേക്കു കൊണ്ടുവന്നത്?  ഞാൻ പാപങ്ങളൊന്നും ചെയ്തിട്ടില്ല;  ഞാൻ മോഷ്ടിച്ചിട്ടില്ല, ആരേയും കൊന്നിട്ടില്ല; ഞാനൊരു കത്തോലിക്കയാണ്; ഞായറാഴ്ചകളിൽ ഞാൻ പള്ളിയിൽ പോകാറുണ്ട്; എന്റെ ജീവിതത്തിലാകെ അഞ്ചു ഞായറാഴ്ചക്കുർബാനകൾ മാത്രമാണ് മുടങ്ങിയിട്ടുള്ളത്, ഞാൻ പാവങ്ങളെ ധാരാളം സഹായിച്ചിട്ടുണ്ട്... എന്നെ ഇവിടെ നിന്നും കൊണ്ടുപോകൂ...."
                         അങ്ങനെ ഞാൻ  നിലവിളിച്ചുകൊണ്ടിരിക്കുമ്പോൾ, വളരെ മൃദുവായ, മാധുര്യമേറിയ ഒരു സ്വരം ഞാൻ കേട്ടു. "കൊള്ളാം, അപ്പോൾ നീയൊരു കത്തോലിക്കയാണ്, അല്ലേ?  ശരി,  കൽപ്പനകൾ ഏതൊക്കെയെന്ന് എന്നോടു പറയുക."
                         ഒരു 
ഞായറാഴ്ച ക്രിസ്ത്യാനി മാത്രമായിരുന്ന   എന്റെ പരിഭ്രാന്തി ഊഹിച്ചു നോക്കുക.   കൽപ്പനകൾ  പത്താണെന്ന് എനിക്കറിയാമായിരുന്നെങ്കിലും അതിന്നപ്പുറമൊന്നും അറിയില്ലായിരുന്നു!!

ഒന്നാമത്തെ കൽപ്പന സ്നേഹമാണെന്ന് എന്റെ അമ്മ പറയാറുള്ള കാര്യം പെട്ടെന്നെന്റെ ഓർമ്മയിൽ വന്നു. ദൈവത്തെ സ്നേഹിക്കുക; അയൽക്കാരെയും സ്നേഹിക്കുക.  ഈ ഉത്തരം നൽകിയപ്പോൾ    ആ സ്വരം വീണ്ടും  ചോദിച്ചു; "കൊള്ളാം, നീയീ കൽപ്പനകൾ പാലിച്ചുവോ?"

ആകെ ആശയക്കുഴപ്പത്തിലായ ഞാൻ വിക്കി വിക്കി പറഞ്ഞു; "ഞാൻ.... ഉവ്വ്...ഉവ്വ്..."

എന്നാൽ ആ മനോഹര ശബ്ദം പറഞ്ഞു: "ഇല്ല!!!"

ആ ഇല്ല എന്ന വാക്കിന്റെ ശക്തിയിൽ ഞാൻ വീണ്ടും  ഇടിവെട്ടേറ്റതുപോലെയായി..

 യേശുനാഥന്റെ ദുഃഖിതമായ  മുഖം അപ്പോൾ ഞാൻ കണ്ടു. അവിടുന്ന് തുടർന്നു: "ഇല്ല; എല്ലാറ്റിനുമുപരിയായി നിന്റെ ദൈവത്തെ നീ സ്നേഹിച്ചില്ല. നിന്റെ അയൽക്കാരെ അത്രപോലും സ്നേഹിച്ചില്ല. നീ നിന്നെത്തന്നെ ഒരു ദൈവമാക്കി;  നിനക്കെന്തെങ്കിലും അടിയന്തിരമായി വേണ്ടപ്പോൾ,  അല്ലെങ്കിൽ നിന്റെ ദുരിതങ്ങളിൽ മാത്രം നീ ദൈവത്തെ ഓർമ്മിച്ചു. അപ്പോഴൊക്കെ നീ കരഞ്ഞു,മുട്ടിന്മേൽ നിന്നു പ്രാർത്ഥിച്ചു,  നൊവേന ചൊല്ലി, നേർച്ചകൾ നേർന്നു... പക്ഷേ അവയൊന്നും പാലിക്കപ്പെട്ടില്ല.

നീ ഓർക്കുന്നുണ്ടോ, കുട്ടിയായിരുന്നപ്പോൾ, നിന്റെ കുടുംബം ദാരിദ്ര്യത്തിലായിരുന്നപ്പോൾ, നീ മുട്ടിന്മേൽ നിന്നു പ്രാർത്ഥിച്ചിരുന്നു; ദൈവമേ, ഞങ്ങളെ ദാരിദ്ര്യത്തിൽ നിന്നു കര കയറ്റണേ, പഠിച്ച് ഉന്നതനിലയിലെത്താൻ എന്നെ അനുഗ്രഹിക്കണേ, ഞാൻ നിത്യം ബലിയർപ്പണത്തിനു പോകാം, ജപമാല ചൊല്ലാം... അങ്ങനെ എന്തെല്ലാം വാഗ്ദാനങ്ങൾ !!   എന്നിട്ട് നീ ഉയർന്നനിലയിലെത്തിയപ്പോൾ അവ പാലിച്ചുവോ?"

എന്റെ ഒരു പ്രാർത്ഥന ദൈവം എന്നെ കാണിച്ചുതന്നു. എന്റെ ആദ്യത്തെ കാർ വാങ്ങുന്ന സമയം... ഞാൻ വളരെ വിനീതയായി പ്രാർത്ഥിച്ചു; "കർത്താവേ, പഴയതാണെങ്കിലും വേണ്ടില്ല, ഒരു ചെറിയ കാർ വാങ്ങാനുള്ള അനുഗ്രഹം തരണേ.."  ഞാനാഗ്രഹിച്ചത് അവിടുന്ന് അനുവദിച്ചു.  എന്നാൽ ഞാൻ നന്ദി പറഞ്ഞില്ലെന്നു മാത്രമല്ല, എട്ടു ദിവസങ്ങൾക്കു ശേഷം അവിടുത്തെ ദുഷിച്ചു സംസാരിക്കുക കൂടി ചെയ്തു..

പഠിച്ചു ഡോക്ടറാവുകയും തൽഫലമായി സമൂഹത്തിൽ എന്റെ സ്റ്റാറ്റസ് ഉയരുകയും പണക്കാരിയാവുകയും ചെയ്യുന്നതിനനുസരിച്ച് ഞാൻ ദൈവത്തിൽ നിന്നകലുകയായിരുന്നു. മാത്രമല്ല, ജ്യോതിശാസ്ത്രം മുതലായ ലൗകിക കാര്യങ്ങളിൽ ആകൃഷ്ടയായി അവയുടെ പുറകേ പോകാൻ  തുടങ്ങി...


  തുടർന്ന്, പത്തുകൽപ്പനകൾ ഏതെല്ലാം വിധത്തിലാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് എന്റെ ജീവിതവുമായി ബന്ധപ്പെടുത്തി അവിടുന്ന് കാണിച്ചുതന്നു."

Monday, February 25, 2013

വി.അമ്മത്രേസ്യയും ശുദ്ധീകരാത്മാക്കളും

മഹാവിശുദ്ധയും വേദപാരംഗതയുമായ ആവിലായിലെ വി.ത്രേസ്യയുടെ സ്വയംകൃതചരിതത്തിൽ നിന്ന്:

"എനിക്കുണ്ടായ മരിച്ചവരുടെ ദർശനങ്ങളെപ്പറ്റി ഞാൻ വിവരിക്കാൻ തുടങ്ങിയിരിക്കുന്ന സ്ഥിതിക്ക്, ചില ആത്മാക്കളെ സംബന്ധിച്ചു ദൈവം എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ള ഏതാനും കാര്യങ്ങൾ ഞാൻ വിവരിക്കാം.
             ഞങ്ങളുടെ പ്രൊവിൻഷ്യൽ മറ്റൊരു സ്ഥലത്ത് പ്രൊവിൻഷ്യലായിരിക്കുമ്പോൾ മരിച്ചുവെന്നു ഞാൻ കേട്ടു.  അദ്ദേഹം ഒരു സുകൃതിയായിരുന്നു. മരിച്ചുവെന്നു കേട്ടപ്പോൾ അദ്ദേഹം രക്ഷപ്പെട്ടുവോ എന്ന സന്ദേഹം എന്നെ ആകുലപ്പെടുത്തി.  20 കൊല്ലം അദ്ദേഹം സുപ്പീരിയറായിരുന്നുവെന്നതുതന്നെ ഭയകാരണമാണ്. ആത്മപരിപാലനം വളരെ വിപത്കരമായതുകൊണ്ടാണ് ഞാൻ ഇത്രയധികം ഭയപ്പെട്ടത്. ആകുലതയോടെ ഞാൻ പ്രാർത്ഥനാമുറിയിൽക്കയറി ജീവിതത്തിൽ ഞാൻ ചെയ്തിട്ടുള്ള സുകൃതങ്ങളെല്ലാം അദ്ദേഹത്തിനു വേണ്ടി കാഴ്ചവച്ചു. വളരെക്കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറവുകൾ കർത്താവിന്റെ യോഗ്യതകൾ കൊണ്ടു നികത്താനും അങ്ങനെ ശുദ്ധീകരണസ്ഥലത്തു നിന്ന് അദ്ദേഹത്തെ രക്ഷിക്കാനും ഞാൻ പ്രാർത്ഥിച്ചു.
                അങ്ങനെ എന്റെ കഴിവിനനുസരിച്ചു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ വലതുഭാഗത്ത് ഭൂമിയുടെ അഗാധത്തിൽ നിന്ന്  അദ്ദേഹം  ഉയർന്നു വരുന്നതും അതീവാനന്ദത്തോടെ സ്വർഗ്ഗത്തിലേക്കു കയറിപ്പോകുന്നതും ഞാൻ കണ്ടു. അന്ന് അദ്ദേഹം  വൃദ്ധനായിരുന്നെങ്കിലും ഒരു മുപ്പതുകാരനെപ്പോലെയാണ് എനിക്കു  തോന്നിയത്. മുഖത്തു നല്ല പ്രകാശമുണ്ടായിരുന്നു. ദർശനം അതിവേഗം സമാപിച്ചു. അത് എനിക്ക്  അതീവാശ്വാസം പ്രദാനം ചെയ്തു. അനേകർ അദ്ദേഹത്തിന്റെ മരണത്തിൽ വിലപിച്ചിരുന്നുവെങ്കിലും എനിക്ക് അന്നുമുതൽ ദുഃഖിക്കാൻ കഴിഞ്ഞില്ല. എന്റെ ആത്മാവിന് അത്യന്തം ആശ്വാസം അനുഭവപ്പെട്ടതിനാൽ യാതൊന്നും എന്നെ അസ്വസ്ഥയാക്കിയില്ല.
              അദ്ദേഹത്തിന്റെ മരണം കഴിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷമാണ് എനിക്കീ ദർശനമുണ്ടായത്. ഏതാനും നാളുകൾ കഴിഞ്ഞ് കർത്താവ് അദ്ദേഹത്തിന് അനുവദിച്ച മരണത്തിന്റെ ഒരു വിവരണം എനിക്കു  ലഭിച്ചു. അദ്ദേഹത്തിന്റെ  മരണം എത്രയും സൗഭാഗ്യകരമായിരുന്നു. മരണസമയത്തെ അദ്ദേഹത്തിന്റെ  ഏകാഗ്രതയും അനുതാപവും വിനയവും എല്ലാവരേയും അത്ഭുതപരതന്ത്രരാക്കി.
                  എന്റെ ആശ്രമത്തിലെ ഒരു കന്യാസ്ത്രി മരിച്ചു. അവൾക്ക് പതിനെട്ടോ ഇരുപതോ വയസ്സു കാണും. എന്നും രോഗിയായിരുന്നു. അവൾ ഒരുത്തമ ദൈവദാസിയായിരുന്നു. പ്രാർത്ഥനയിൽ എത്രയും ശ്രദ്ധാലുവും സുകൃതിനിയുമായിരുന്നു. അവളുടെ വിശിഷ്ട യോഗ്യതകളും അവളനുഭവിച്ച നിരവധി കഷ്ടതകളും പരിഗണിച്ചപ്പോൾ, അവൾ ശുദ്ധീകരണസ്ഥലത്തിൽ പോകയില്ലെന്നു തന്നെ ഞാൻ വിചാരിച്ചു. സംസ്കാരത്തിനു മുമ്പ്, എന്നാൽ മരിച്ചിട്ട് ഏതാണ്ടു നാലു മണിക്കൂർ കഴിഞ്ഞപ്പോൾ, ഞാൻ നമസ്കാരം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ അതേ സ്ഥലത്തു നിന്ന് അവൾ സ്വർഗ്ഗത്തിലേക്കു കയറിപ്പോകുന്നതു ഞാൻ കണ്ടു..."