Saturday, September 21, 2013

ന്യായവിധി - 3

ഗ്ളോറിയ പോളോ തന്റെ അനുഭവസാക്ഷ്യം തുടരുന്നു:

ഈശോ തുടർന്നു: "വൈദികൻ വഴിയായിട്ടാണ് നിങ്ങളുടെ പാപങ്ങൾക്കു മോചനം ലഭിക്കുന്നത്. ഒരു കുമ്പസാരക്കൂട് എന്താണെന്നു നീ മനസ്സിലാക്കിയിട്ടുണ്ടോ? ആത്മാക്കൾ ശുദ്ധി പ്രാപിക്കുന്ന സ്നാനസ്ഥലമാണത്; സോപ്പും വെള്ളവുമല്ല നിങ്ങളെ ശുദ്ധീകരിക്കുന്നത്,  പ്രത്യുത, എന്റെ രക്തമാണ്. പാപത്തിന്റെ ചെളി പുരണ്ടു കറുത്തിരുണ്ട ആത്മാവുമായി നീ വരുമ്പോൾ കുമ്പസാരമെന്ന കൂദാശയിലൂടെ എന്റെ പാപരഹിതമായ രക്തം കൊണ്ടു നിന്നെ ഞാൻ കഴുകി ശുദ്ധീകരിക്കുന്നു. അതുമാത്രമല്ല, പിശാചിന്റെ ബന്ധനങ്ങളിൽ നിന്നു ഞാൻ നിന്നെ വിടുവിക്കയും ചെയ്യുന്നു. ഇതെല്ലാം സംഭവിക്കുന്നത് വൈദികൻ വഴിയാണ്. പിശാചിന് വൈദികനെ വെറുക്കാനും തകർക്കാനും ഇതിൽക്കൂടുതൽ കാരണം വേണോ?"

അടുത്തതായി കർത്താവു സംസാരിച്ചത്, വിവാഹം എന്ന കൂദാശയെപ്പറ്റിയും അതു വഴി നൽകപ്പെടുന്ന കൃപകളെപ്പറ്റിയുമാണ്.  "വിവാഹകർമ്മത്തിലൂടെ,  കന്യാത്വം പാലിച്ചിട്ടുള്ള പങ്കാളികളുടെ മേൽ ചൊരിയപ്പെടുന്ന കൃപകളും അനുഗ്രഹങ്ങളും എണ്ണമറ്റതാണ്..."  എന്റെ വിവാഹകർമ്മം ഈശോ  എന്നെ കാണിച്ചുതന്നു.  വിവാഹകർമ്മത്തിൽ പരസ്പരവിശ്വസ്തതയുടെ പ്രതിജ്ഞ നാമെടുക്കുമ്പോൾ അവിടെ സന്നിഹിതമായിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ  മുമ്പിലാണ് അതു നിർവഹിക്കപ്പെടുന്നത്; അവിടുത്തോടാണ് നാം  ആ പ്രതിജ്ഞ ചെയ്യുന്നത്.  നാം മരണമടയുമ്പോൾ ഈ അനർഘനിമിഷം നമ്മുടെ 'ജീവന്റെ പുസ്തകത്തിൽ'  അതേപോലെ നാം കാണും. വിവാഹകർമ്മത്തിൽ ദമ്പതിമാർ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ഈശോ അവരെ തന്റെ ഹൃദയത്തോടു ചേർക്കുകയാണ്; അങ്ങനെ അവിടെയും ഒരു 'പരിശുദ്ധ ത്രിത്വം' രൂപപ്പെടുകയാണ്.  എന്റെ സഹോദരങ്ങളേ,  ദൈവം യോജിപ്പിച്ചതിനെ വേർപെടുത്താൻ ആർക്കാണ് അധികാരം? ആർക്കും തന്നെയില്ല!