Saturday, October 13, 2012

വി.യൌസേപ്പും ശുദ്ധീകരാത്മാക്കളും


             യേശുവിന്റെ വളര്‍ത്തുപിതാവായ വി.യൌസേപ്പിന്  സ്വര്‍ഗ്ഗത്തില്‍ ലഭിച്ചിരിക്കുന്ന മഹത്വവും ഔന്നത്യവും വളരെ വലുതാണ്‌.  അദ്ദേഹത്തിന്റെ സ്നേഹസംരക്ഷണയിലാണ് ദൈവപുത്രന്‍ വളര്‍ന്നുവന്നത്.  അദ്ദേഹത്തിന്റെ പരിപാലനയിലാണ് ദൈവമാതാവ് ജീവിച്ചത്.  ദൈവപുത്രന്റെയും ദൈവമാതാവിന്റെയും പരിചരണങ്ങള്‍ ഏറ്റുവാങ്ങി മരിക്കാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹത്തെ നന്മരണ മദ്ധ്യസ്ഥനായി സഭ ആദരിക്കുകയും ചെയ്യുന്നു.
               ശുദ്ധീകരാത്മാക്കളുടെ മോചനത്തിനായി  നാം പ്രാര്‍ഥിക്കുകയും ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നത് വി.യൌസേപ്പിന് അത്യന്തം പ്രീതികരമാണ്.  തുടര്‍ച്ചയായി 7 ഞായറാഴ്ചകളിലെ നമ്മുടെ വിശുദ്ധ ബലിയര്‍പ്പണം ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി  വി.യൌസേപ്പിന് കാഴ്ച വെയ്ക്കുന്നത്, നമ്മുടെ പ്രാര്‍ഥനകള്‍ക്കുത്തരം കിട്ടാന്‍ ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്.   മാനസാന്തരം ആവശ്യമുള്ള ഉറ്റ ബന്ധുക്കള്‍ നിങ്ങള്‍ക്കുണ്ടോ? മക്കള്‍ ദൈവത്തില്‍ നിന്ന് അകലുന്നുണ്ടോ? നിങ്ങള്‍ക്ക് ജോലി ആവശ്യമാണോ? ശുദ്ധീകരാത്മാക്കള്‍ക്കായി  വി.യൌസേപ്പിനോടു പ്രാര്‍ഥിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍  സാധിച്ചു കിട്ടും.

Tuesday, October 9, 2012

വി.ഫൗസ്റ്റീനായും ശുദ്ധീകരാത്മാക്കളും

വി.ഫൗസ്റ്റീനായുടെ പ്രാര്‍ഥനയുടെ പ്രധാനപ്പെട്ട രണ്ടു വിഷയങ്ങളായിരുന്നു പാപികളുടെ മാനസാന്തരവും ശുദ്ധീകരണാത്മാക്കളുടെ മോചനവും.  അവളുടെ നിരന്തരമായ സഹനങ്ങളും ത്യാഗങ്ങളും ഇത്തരം ആത്മാക്കള്‍ക്കുവേണ്ടിയാണ്  കൂടുതലായും അവള്‍ ഉപയോഗപ്പെടുത്തിയിരുന്നത്‌.  ഈശോ അവളോട്‌ ഒരിക്കല്‍ പറഞ്ഞു: "ആത്മാക്കളെ രക്ഷിക്കാന്‍ എനിക്കു നിന്റെ സഹനങ്ങള്‍ ആവശ്യമുണ്ട്." (ഡയറി 1612) 
                    ആത്മാക്കളെ രക്ഷിക്കുന്നത് പിശാചിനിഷ്ടമില്ല.  എന്തുചെയ്തും അതു തടയാന്‍ അവന്‍ ശ്രമിക്കും.  ഒരിക്കല്‍, വളരെ ക്ഷീണിതയായിരുന്നതിനാല്‍ അല്‍പ്പം നേരത്തെ വി.ഫൗസ്റ്റീനാ ഉറങ്ങാന്‍ കിടന്നു. ഏതാണ്ട് 11 മണിയായപ്പോള്‍ പിശാച് വിശുദ്ധയുടെ കിടക്ക കുലുക്കാന്‍ തുടങ്ങി.  വി.ഫൗസ്റ്റീനാ എഴുന്നേറ്റിരുന്ന്  കാവല്‍ മാലാഖയോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.   വി.ഫൗസ്റ്റീനാ പറയുന്നു: "അപ്പോള്‍ ശുദ്ധീകരണസ്ഥലത്തില്‍ പരിഹാരം അനുഷ്ഠിച്ചുകൊണ്ടിരുന്ന ആത്മാക്കളെ ഞാന്‍ കണ്ടു...  അവര്‍ ഒരു നിഴല്‍ പോലെ കാണപ്പെട്ടു.. അതിനിടയില്‍ ധാരാളം പിശാചുക്കളെയും ഞാന്‍ കണ്ടു. അതിലൊരു പിശാച് എന്നെ അലട്ടാനാരംഭിച്ചു;  പൂച്ചയുടെ രൂപത്തില്‍ എന്റെ കിടക്കയിലും കാലിലും ചാടിക്കൊണ്ടിരുന്നു.. ഒരു ടണ്‍ ഭാരം എന്റെ മേല്‍ വന്നു വീഴുന്നതുപോലെ എനിക്കു  തോന്നി.. ഞാന്‍ തുടര്‍ച്ചയായി കൊന്ത ചൊല്ലിക്കൊണ്ടിരുന്നു... 
                                  പ്രഭാത പ്രാര്‍ഥനയ്ക്കായി  ഞാന്‍ ചാപ്പലില്‍ എത്തിയപ്പോള്‍ എന്റെ ആത്മാവില്‍ ഈ സ്വരം ഞാന്‍ കേട്ടു: "നീ എന്നോട് ഐക്യപ്പെട്ടിരിക്കുന്നു. ഒന്നിനെയും ഭയപ്പെടേണ്ട... പക്ഷെ, എന്റെ കുഞ്ഞേ, നീ അറിയുക; സാത്താന്‍ നിന്നെ വെറുക്കുന്നു. എല്ലാ ആത്മാക്കളെയും അവന്‍ വെറുക്കുന്നു.  എന്നാല്‍, അവന്‍ നിനക്കെതിരെ പ്രത്യേക വെറുപ്പ്‌ വെച്ചുപുലര്‍ത്തുന്നു.  കാരണം അവന്റെ ആധിപത്യത്തില്‍ നിന്ന് അനേകം ആത്മാക്കളെ നീ വിടുവിച്ചെടുത്തു."
  

വിശുദ്ധരുടെ ദര്‍ശനങ്ങള്‍

                 പ്രസിദ്ധരും അപ്രസിദ്ധരുമായ  ഒട്ടേറെ വിശുദ്ധര്‍ക്ക് തങ്ങളുടെ ജീവിതകാലത്ത് ശുദ്ധീകരണസ്ഥലത്തിന്‍റെ ദര്‍ശനം ലഭിക്കുകയോ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ പ്രാര്‍ത്ഥന യാചിച്ച്   അവരെ    സന്ദര്‍ശിക്കുകയോ    ചെയ്തിരുന്നതായി അവരുടെ ജീവചരിത്രത്തില്‍ നാം വായിക്കുന്നുണ്ട്. വി.ജെര്‍ട്രൂഡ്, ടൊളന്‍ന്റിനോയിലെ വി.നിക്കോളാസ്, വി.ജോണ്‍ മാസ്സിയാസ്,     ആര്‍സിലെ വിശുദ്ധനായ വികാരി വി. ജോണ്‍ മരിയ വിയാനി, വി. പാദ്രെ പിയോ, സിയന്നായിലെ വി. കാതറിന്‍, വി.അമ്മത്രേസ്യ, വി.കൊച്ചുത്രേസ്യ,    ജനോവായിലെ   വി. കാതറിന്‍,  വി.ഫൌസ്തീന,  വി. മാഗ്ദലിന്‍  (St.Magdalen of the Cross) തുടങ്ങിവര്‍ അവരില്‍ ചിലര്‍ മാത്രം.. 
St.Gertrude
                         ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിക്കാനായി നമ്മുടെ കര്‍ത്താവ് വി. ജെര്‍ത്രൂദിനോട് പറഞ്ഞു:  "നീതിയുടെ പേരില്‍ ഒരുവന്റെ കൂട്ടുകാരനെ രാജാവ് തടവറയില്‍ ഇട്ടാലും, തന്റെ കൂട്ടുകാരനെ മോചിപ്പിക്കാനാന്‍ വേണ്ടി രാജാവിന്റെ അടുക്കല്‍ വന്ന് കരുണയ്ക്കായി പ്രാര്‍ഥിക്കുന്നതുപോലെ, ശുദ്ധീകരണസ്ഥലത്തിലെ പാവപ്പെട്ട ആത്മാക്കള്‍ക്കായി എനിക്കര്‍പ്പിക്കുന്ന സകലതും വലിയ സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കുന്നു. കാരണം, ഞാന്‍ വലിയ വില കൊടുത്തത് ആര്‍ക്കുവേണ്ടിയാണോ അവര്‍ എന്റെ അടുത്തുണ്ടാകണമെന്ന് ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു.  അവര്‍ക്കായി പ്രാര്‍ഥിക്കുന്ന ഓരോ നിമിഷവും ശുദ്ധീകരണസ്ഥലത്തുനിന്ന് ഒരു തടവുകാരനെ മോചിപ്പിക്കാന്‍ ഞാന്‍ പ്രേരിതനാകുന്നു."    
                          ആവിലായിലെ വി.അമ്മ ത്രേസ്യയുടെ സന്യാസസഭയിലെ ഒരു സഹോദരി ദണ്ഡവിമോചനങ്ങളുടെ ശക്തിയെപ്പറ്റി ബോധ്യമുള്ളവളായിരുന്നു. അതു നേടാനുള്ള ഒരവസരവും അവള്‍ പാഴാക്കിയിരുന്നില്ല.  ആ സഹോദരി മരിച്ചപ്പോള്‍, അവളുടെ ആത്മാവ് ശുദ്ധീകരണസ്ഥലത്തുപോകാതെ നേരെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നത് അമ്മ ത്രേസ്യ കണ്ടു. വളരെ സാധാരണയായ ഒരു ജീവിതം നയിച്ചിരുന്നതായി അവളെ കണ്ടിരുന്നതിനാല്‍  ഇതിന്റെ കാരണമെന്തെന്ന് വി.ത്രേസ്യ ഈശോയോടു ചോദിച്ചു. ഈശോ ഇങ്ങനെ ഉത്തരം നല്‍കി: "അവള്‍ വിശ്വസ്തതയോടെ നേടിയെടുത്ത ദണ്ഡവിമോചനങ്ങളിലൂടെ അവളുടെ   അനേകം കടങ്ങള്‍ അവള്‍ വീട്ടി. അങ്ങനെ മരണസമയത്ത് കളങ്കമില്ലാത്ത ഒരാത്മാവായിരുന്നു അവളുടേത്‌."