Thursday, August 16, 2012

ജപമാലാ സഹോദരസംഘവും ദണ്ഡവിമോചനവും

      സമ്പൂര്‍ണ്ണ ജപമാല നിത്യവും ചൊല്ലാമെന്നു സമ്മതിക്കുന്ന അംഗങ്ങളുടെ ഒരു സമൂഹമാണ്          ജപമാലാ സഹോദരസംഘം. (Rosary Confraternity)                     
                       ജപമാലാ സഹോദരസംഘത്തിന്റെ ആരംഭം മുതല്‍ക്കേ   അതിനെ   കൂടുതല്‍  വിശേഷാനുഗ്രഹങ്ങള്‍  കൊണ്ട്   സമ്പന്നമാക്കുവാന്‍ സഭയുടെ നിധികള്‍ തുറന്നിട്ടില്ലാത്ത ഒരു മാര്‍പാപ്പയും ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. ഈ സഹോദരസംഘത്തോടുള്ള വലിയ മതിപ്പ് കാണിക്കുന്നതിനായി   അതില്‍ അംഗമായി  ചേരുകയായിരുന്നു പാപ്പാമാരുടെ പതിവ്.                                                  തിരുസഭയിലെ മറ്റേതൊരു സഹോദരസംഘത്തെക്കാളുപരി                                 ജപമാലാ സഹോദരസംഘത്തിന്    കൂടുതല്‍     ദണ്ഡവിമോചനങ്ങള്‍ സമ്മാനിക്കപ്പെട്ടിട്ടുണ്ട് .    അവയില്‍  ചിലത് താഴെക്കൊടുക്കുന്നു. 
                  1)  സഹോദരസംഘത്തില്‍ ചേരുന്ന ദിവസം അംഗങ്ങള്‍ക്ക് ഒരു   പൂര്‍ണദണ്ഡവിമോചനം നേടാവുന്നതാണ്.  മരണസമയത്തും അവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. 
                               2) അംഗങ്ങള്‍ ചൊല്ലുന്ന 5 രഹസ്യങ്ങളുടെ ഓരോ 3 ഗ്രൂപ്പിനും 10 വര്‍ഷത്തെയും 400 ദിവസത്തെയും ദണ്ഡവിമോചനം നേടാം. 
                                3)  യേശുവിന്റെയും മാതാവിന്റെയും  പരിശുദ്ധ നാമം  അംഗങ്ങള്‍ ഭക്തിയോടെ ഓരോ തവണ ഉച്ചരിക്കുമ്പോഴും 7 ദിവസത്തെ  ദണ്ഡവിമോചനം ലഭിക്കും. 
                   4) ഭക്തി മൂലവും ഒരു നല്ല മാതൃക കാണിക്കുന്നതിനായും ജപമാല പരസ്യമായി ധരിക്കുന്നവര്‍ക്ക് 100 ദിവസത്തെ  ദണ്ഡവിമോചനം നേടാം. 

Sunday, August 12, 2012

ജപമാല പ്രാര്‍ഥനയും ദണ്ഡവിമോചനവും

      (വി. ലൂയിസ് ഡി മോണ്ട്ട്ഫോര്‍ട്ടിന്‍റെ  "The Secret of the Rosary" ല്‍ നിന്ന്) 

ദണ്ഡവിമോചനം നേടുന്നതിന് ഒരു വ്യക്തി ജ്ഞാനസ്നാനം സ്വീകരിച്ചിരിക്കണം. ദണ്ഡവിമോചനങ്ങളുടെ തിരുവെഴുത്ത് പഠിപ്പിക്കുന്നതുപോലെ,   അവര്‍ ഉത്തമ മനസ്താപത്തോടെ   കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കണം.
                   ലഘുപാപത്തോടുപോലുമുള്ള താത്പര്യത്തില്‍ നിന്നും അവര്‍ പൂര്‍ണ്ണമായി മുക്തരായിരിക്കണം. കാരണം, പാപത്തോടുള്ള താത്പര്യം അവശേഷിച്ചിട്ടുണ്ടെങ്കില്‍ കുറ്റവും അവശേഷിച്ചിട്ടുണ്ട്.   കുറ്റം  അവശേഷിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ എടുത്തുമാറ്റാനാവില്ല. 
   ദണ്ഡവിമോചനം  നേടാന്‍ ആഗ്രഹിക്കുന്നവര്‍, ദണ്ഡവിമോചനങ്ങളുടെ തിരുവെഴുത്ത്  പഠിപ്പിക്കുംപ്രകാരമുള്ള പ്രാര്‍ഥനകള്‍ ചൊല്ലുകയും സത്പ്രവൃത്തികള്‍ ചെയ്യുകയും വേണം.  കൂടാതെ, ദണ്ഡവിമോചനം  നേടണമെന്നുള്ള  പൊതുനിയോഗവും അവര്‍ക്കുണ്ടായിരിക്കണം. ഒരു ദിവസത്തിന്റെ ആരംഭത്തില്‍, ആ ദിവസം നേടുവാന്‍ സാധ്യമായ എല്ലാ ദണ്ഡവിമോചനങ്ങളും നേടുന്നതിനുള്ള  ഒരു നിയോഗം നാം വെയ്ക്കുന്നുവെങ്കില്‍പ്പിന്നെ, ഒരു   ദണ്ഡവിമോചനം ഉള്‍ചേര്‍ത്തിട്ടുള്ള ഒരു പ്രവര്‍ത്തി ഓരോ തവണ ചെയ്യുമ്പോഴും നാം ഈ നിയോഗം  വെയ്ക്കേണ്ടണ്ടതില്ല.  ഒരു വ്യക്തി തനിക്കുവേണ്ടിത്തന്നെ   ദണ്ഡവിമോചനം നേടിയെടുക്കുന്നതുപോലെ,  ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയും അത് കാഴ്ച വെയ്ക്കാം. എന്നാല്‍, ജീവിച്ചിരിക്കുന്ന മറ്റൊരാള്‍ക്കുവേണ്ടി അത് പ്രയോജനപ്പെടുത്താനാവില്ല.  
                             പൂര്‍ണദണ്ഡവിമോചനം നേടുന്നതിന്,  അത് ഏതു പ്രവര്‍ത്തിയുമായാണോ ബന്ധപ്പെട്ടിരിക്കുന്നത് ആ പ്രവര്‍ത്തി ചെയ്യേണ്ടതാവശ്യമാണ്.  അതോടൊപ്പം മൂന്ന് വ്യവസ്ഥകള്‍ പാലിക്കുകയും വേണം.  കൌദാശിക കുമ്പസാരം, പരിശുദ്ധ കുര്‍ബാനസ്വീകരണം, മാര്‍പ്പാപ്പയുടെ നിയോഗങ്ങള്‍ക്കുവേണ്ടിയുള്ള  പ്രാര്‍ത്ഥന (ഒരു 'സ്വര്‍ഗസ്ഥനായ പിതാവെ'യും ഒരു 'നന്മ നിറഞ്ഞ മറിയമേ'യും മതിയാകും; നാം ആഗ്രഹിക്കുന്ന മറ്റേതൊരു  പ്രാര്‍ഥനയും ചൊല്ലാന്‍ നമുക്ക് സ്വാതന്ത്യമുണ്ടെങ്കിലും) എന്നിവയാണ് അവ. 
                     നിരവധി പൂര്‍ണദണ്ഡവിമോചനങ്ങള്‍ നേടിയെടുക്കുന്നതിന് ഒരേയൊരു കുമ്പസാരം മതിയാകുന്നതാണ്. എന്നിരുന്നാലും ഓരോ പൂര്‍ണദണ്ഡവിമോചനത്തിനും ഒരു വ്യക്തി പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും മാര്‍പ്പാപ്പയുടെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യണം. നിത്യവും പൂര്‍ണദണ്ഡവിമോനം നേടിയെടുക്കുവാന്‍ പ്രാപ്തനാകേണ്ടതിന് ആ വ്യക്തി ചുരുങ്ങിയപക്ഷം രണ്ടാഴ്ചയിലൊരിക്കല്‍  കുമ്പസാരിക്കണം. ഒരു ദിവസം ഒരേയൊരു   പൂര്‍ണദണ്ഡവിമോചനം മാത്രമേ ഒരാള്‍ക്ക്‌ നേടാനാവൂ.  എന്നാല്‍ ഒരാള്‍ മരണാവസ്ഥയില്‍ ആണെങ്കില്‍, ആ ദിവസം ഒരു പൂര്‍ണദണ്ഡവിമോചനം നേടിയെടുത്തതിനുശേഷവും  'മരണനിമിഷത്തിനുവേണ്ടി' അയാള്‍ക്ക്‌ പൂര്‍ണദണ്ഡവിമോചനം നേടാനാവുന്നതാണ്. 
ജപമാല പ്രാര്‍ഥനയും  ദണ്ഡവിമോചനവും  
                       ഒരു കത്തോലിക്കാ ദേവാലയത്തില്‍ അല്ലെങ്കില്‍ ഒരു കുടുംബത്തില്‍,  സന്യാസ സമൂഹത്തില്‍, അല്ലെങ്കില്‍ ഭക്തസംഘടനയില്‍ ചൊല്ലുന്ന, അഞ്ചു ദശകങ്ങളുടെ ജപമാലയ്ക്ക് പൂര്‍ണദണ്ഡവിമോചനം  അനുവദിക്കപ്പെടുന്നുണ്ട്.   (മറ്റു സാഹചര്യങ്ങളില്‍ ഭാഗിക ദണ്ഡവിമോചനമാണ്  അനുവദിച്ചു തരുന്നത്.) ഈ അഞ്ചു ദശകങ്ങളും തുടര്‍ച്ചയായി ചൊല്ലണം.  വാചാപ്രാര്‍ത്ഥനയ്ക്കുശേഷം   രഹസ്യങ്ങളെക്കുറിച്ച് ഭക്തിയോടെയുള്ള ധ്യാനവും ഉണ്ടായിരിക്കണം.