Sunday, July 17, 2011

ഫാത്തിമാ സന്ദേശം

1917 മെയ് 13 മുതൽ തുടർന്നുള്ള ആറുമാസം എല്ലാ പതിമൂന്നാം തീയതികളിലും  പരിശുദ്ധ കന്യകാമാതാവ് പോർട്ടുഗലിലെ ഫാത്തിമയിൽ ലൂസി, ജസീന്ത, ഫ്രാൻസിസ് എന്നീ ഇടയബാലകർക്കു പ്രത്യക്ഷയായി.  പാപികളുടെ മാനസാന്തരത്തിനു വേണ്ടി ദിവസേന ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്നതായിരുന്നു ഫാത്തിമയിലെ പ്രധാന സന്ദേശങ്ങളിലൊന്ന്. ദർശനവേളകളിലൊന്നിൽ, അന്നു പത്തു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ലൂസി,  തങ്ങളുടെ മുമ്പിൽ പ്രത്യക്ഷയായ  മനോഹരിയോടു ചോദിച്ചു; "ഞാൻ സ്വർഗ്ഗത്തിൽ പോകുമോ?"
അവൾ മറുപടി നൽകി: "ഉവ്വ്, നീ സ്വർഗ്ഗത്തിൽ പോകും."
"ജസീന്തയോ?"
"അവളും സ്വർഗ്ഗത്തിൽ പോകും."
"ഫ്രാൻസിസോ?"
"അവനും പോകും. എന്നാൽ അവൻ ധാരാളമായി ജപമാല ചൊല്ലി പ്രാർത്ഥിക്കേണ്ടതുണ്ട്."
തങ്ങളുടെ മൂവരുടേയും നിത്യരക്ഷയേക്കുറിച്ചുള്ള ഉറപ്പു കിട്ടിക്കഴിഞ്ഞപ്പോൾ, അടുത്തിടെ മരണമടഞ്ഞ രണ്ട് കൂട്ടുകാരികളുടെ കാര്യം ലൂസി ആരാഞ്ഞു.
 "എന്റെ കൂട്ടുകാരി മരിയയോ"?
"അവൾ സ്വർഗ്ഗത്തിൽ  ആനന്ദിക്കുന്നു."
 "അമേലിയയോ?"
"അവൾ ലോകാവസാനം വരെ ശുദ്ധീകരണസ്ഥലത്തായിരിക്കും." 
(അമേലിയ മരിക്കുമ്പോൾ അവൾക്കു പതിനെട്ടു വയസ്സായിരുന്നു.) 
കന്യകാമാതാവിന്റെ ഈ വെളിപ്പെടുത്തൽ നമുക്കുള്ള മുന്നറിയിപ്പു കൂടിയാണ്. 
പാപങ്ങളിൽ നിന്നകന്ന്  പരിശുദ്ധമായ ജീവിതം നയിക്കുവാനും അങ്ങനെ  ആത്മരക്ഷ ഉറപ്പാക്കാനും നമുക്ക് പരിശ്രമിക്കാം.
നമ്മുടെ കർത്താവിന്റെ ഈ തിരുവചനവും നമുക്കോർക്കാം:  "Amen, I say to thee, thou shalt not go out from thence till thou repay the last farthing." 

Friday, July 15, 2011

ദൈവപിതാവിന്റെ സ്നേഹസന്ദേശം

പിതാവായ ദൈവം മദർ എവുജീനിയ വഴി നൽകുന്ന സന്ദേശം
"ചില സമയത്ത് നിങ്ങളെ നോക്കുമ്പോൾ നിങ്ങളുടെ നിർഭാഗ്യസ്ഥിതിയിൽ എനിക്കു് അനുകമ്പ തോന്നാറുണ്ട്. ചില ആത്മാക്കളുടെ നിത്യസൗഭാഗ്യം ഉറപ്പാക്കാൻ, അവരുടെയടുത്ത്   വർഷങ്ങളോളം ഞാൻ ചെലവഴിക്കാറുണ്ട്. എന്നാൽ, ഞാൻ സമീപത്ത് കാത്തു നിൽക്കുന്നുവെന്നോ ഓരോ നിമിഷവും അവരെ ക്ഷണിക്കുന്നുവെന്നോ അവരറിയുന്നന്നില്ല. എന്നാലും എനിക്കൊരു ക്ഷീണവുമില്ല. നിങ്ങളോടു കൂടെയായിരിക്കുന്നതാണ് എനിക്കാനന്ദം... നിങ്ങൾ ഒരു ദിവസം പിതാവിലേക്കു മടങ്ങിവരുമെന്നും മരിക്കുന്നതിനു മുമ്പ് ഒരു സ്നേഹപ്രവൃത്തിയെങ്കിലും എനിക്കു കാഴ്ച വയ്ക്കുമെന്നും പ്രതീക്ഷിച്ച് ഞാൻ കാത്തിരിക്കും. 


ഉടൻ മരിക്കും എന്നു കരുതി കാത്തുകിടന്ന ഒരാളിന്റെ കഥ പറയാം. ഈ ആത്മാവ് ഒരു ധൂർത്തപുത്രനായിരുന്നു. ഞാൻ അയാൾക്കു സമൃദ്ധമായ അനുഗ്രഹങ്ങൾ നൽകിയതാണ്. പക്ഷേ, സ്നേഹപിതാവായ ഞാൻ കൊടുത്ത അനുഗ്രഹങ്ങളും ദാനങ്ങളും പാഴാക്കുകയായിരുന്നു അയാൾ. മാത്രവുമല്ല, എന്നെ അയാൾ കഠിനമായി വേദനിപ്പിക്കാനും തുടങ്ങി. ഞാൻ  കാത്തിരുന്നു... പോകുന്ന വഴിയെല്ലാം ഞാനയാളെ അനുഗമിച്ചു. കൂടുതൽ അനുഗ്രഹങ്ങൾ നൽകി... ആരോഗ്യം, ധനം എല്ലാം ധാരാളമായി കൊടുത്തു... എൻ്റെ  പരിപാലനയിൽ അയാൾ പിന്നെയും വൻനേട്ടങ്ങൾ നേടി. എന്നാൽ തിന്മയുടെ മങ്ങിയ വെളിച്ചത്തിലാണ് അയാൾ എല്ലാം നോക്കിക്കണ്ടത്. മാരകപാപങ്ങളുടെ, തെറ്റുകളുടെ, ഊടും പാവും കൊണ്ടു 
തീർത്തതായിരുന്നു അയാളുടെ ജീവിതം....
എന്നിട്ടും സ്നേഹത്തിൽ ഒരു കുറവും വരുത്താതെ ഞാനയാളെ വിടാതെ പിന്തുടർന്നു കൊണ്ടിരുന്നു. നിരാകരണം അവഗണിച്ചും ക്ഷമയോടെ ഞാൻ കാത്തിരുന്നു. എന്നെങ്കിലും ഒരിക്കൽ എന്റെ സ്നേഹം  മനസ്സിലാക്കി, പിതാവും  രക്ഷകനുമായ എന്റെ അടുത്തേക്കും എന്റെ സ്നേഹത്തിലേക്കും അയാൾ മടങ്ങി വരുമെന്നു കരുതി ഞാൻ സന്തോഷത്തോടെ കഴിഞ്ഞു....


അങ്ങനെ ഒടുവിൽ അയാളുടെ അന്ത്യദിനങ്ങളായി. പിതാവായ എൻ്റെ  പക്കലേക്കു മടക്കിക്കൊണ്ടുവരത്തക്കവിധം അയാളെ വിവേകിയാക്കാൻ ഞാനയാൾക്കൊരു രോഗം അയച്ചുകൊടുത്തു...
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു... ആ പാവപ്പെട്ട മകന് വയസ്സ് 74 ആയി. അയാളുടെ അവസാന മണിക്കൂർ വന്നു... മുമ്പത്തേതുപോലെ അപ്പോഴുമുണ്ട് ഞാൻ  അടുത്ത്... പഴയതിലും കാരുണ്യത്തോടെ ഞാനയാളോടു സംസാരിച്ചു. അയാൾക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കാൻ  എൻ്റെ  തെരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെട്ടു; 
ഞാൻ കൊടുക്കാനുദ്ദേശിക്കുന്ന പാപപ്പൊറുതി അയാൾ അപേക്ഷിക്കുന്നതിനുവേണ്ടി 
പ്രാർത്ഥിക്കാൻ...

ഒടുവിൽ  അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് അയാൾ കണ്ണു തുറന്നു; തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു... എന്നിലേക്കുള്ള നേർവഴിയിൽ നിന്ന് വ്യതിചലിച്ചു നടന്നത് അയാൾ ഓർമ്മിച്ചു.
സുബോധം വീണ്ടു കിട്ടിയപ്പോൾ അടുത്തു നിന്നവർക്കാർക്കും കേൾക്കാനാവാത്ത ദുർബ്ബലമായ ശബ്ദത്തിലയാൾ പറഞ്ഞു: "എൻ്റെ ദൈവമേ....!  അങ്ങേക്ക് എന്നോടുള്ള സ്നേഹം എത്ര വലുതായിരുന്നുവെന്ന് ഞാനിപ്പോഴാണ് അറിയുന്നത്! 

                                   മോശമായ ജീവിതം വഴി ഞാനങ്ങയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു... എൻ്റെ എല്ലാ തെറ്റുകൾക്കും ഞാൻ മാപ്പപേക്ഷിക്കുന്നു.  സംഭ്രമകരമായ ഈ നിമിഷം, എല്ലാം ഞാൻ തിരിച്ചറിയുന്നു... എന്റെ പിതാവും രക്ഷകനുമായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു.." 

തൽക്ഷണം  അയാൾ മരിച്ചു. ഇപ്പോൾ, ഇവിടെ, എന്റെ മുമ്പിലുണ്ട്...  
ഞാനീ ആത്മാവിനെ പൈതൃകമായ സ്നേഹത്താലാണ് വിധിക്കുന്നത്. "എൻ്റെ  പിതാവേ" എന്നയാൾ എന്നെ വിളിച്ചു; രക്ഷിക്കപ്പെടുകയും ചെയ്തു. കുറച്ചുനാൾ അയാൾ ശുദ്ധീകരണസ്ഥലത്തിൽ കിടക്കും. അതുകഴിഞ്ഞ് അനന്തകാലം സൗഭാഗ്യത്തിൽ.   

                        ജീവിതകാലത്ത് അനുതപിച്ചാൽ ഇയാളെ രക്ഷിക്കണമെന്ന് ഞാൻ വിചാരിച്ചിരുന്നു. എന്നേക്കും ഇയാളുടെ പിതാവാകണമെന്ന ആഗ്രഹം നിറവേറിയതിൽ   എന്റെ 
സ്വർഗ്ഗീയദൂതരൊത്ത് ഇന്ന് ഞാനേറെ സന്തോഷിക്കുകയാണ്..." 


("ദൈവപിതാവ് മക്കളോടു സംസാരിക്കുന്നു" എന്ന ഗ്രന്ഥത്തിൽ നിന്ന്)

Sunday, July 10, 2011

ഉപവിക്കെതിരായ തിന്മകൾ - ശുദ്ധീകരണസ്ഥലം

(മരിയ സിമ്മയുടെ 'My experience with Souls in Purgatory' എന്ന പുസ്തകത്തിൽ നിന്ന്)


                         ഉപവിക്കെതിരായ തിന്മപ്രവൃത്തികൾക്കാണ് (നമുക്കിഷ്ടമില്ലാത്ത ആളുകളുടെ സാമീപ്യവും സമ്പർക്കവും ഒഴിവാക്കുക, മറ്റുള്ളവരോട് ക്ഷമിക്കാതിരിക്കുക, അനുരഞ്ജനത്തിനു തയാറാകാത്ത മനസ്ഥിതി വച്ചുപുലർത്തുക, വെറുപ്പും പകയും മനസ്സിൽ സൂക്ഷിക്കുക തുടങ്ങിയവ)  പ്രധാനമായും ശുദ്ധീകരണസ്ഥലത്തിൽ ദീർഘകാലം കഴിയേണ്ടി വരുന്നത്. 
    മരിയയെ സമീപിച്ച ഒരാത്മാവിന്റെ (സ്ത്രീ) വിവരണം ഇപ്രകാരമാണ്.
                   മരണമടഞ്ഞ സ്ത്രീയ്ക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ഈ സ്ത്രീ തന്നെ വരുത്തി വച്ച  ഒരു കാരണത്താൽ അവർ ശത്രുതയിലായി.  വളരെക്കൊല്ലങ്ങളോളം ആ ശത്രുത തുടർന്നു.  കൂട്ടുകാരി പലവട്ടം അനുരഞ്ജനത്തിനു ശ്രമിച്ചെങ്കിലും ക്ഷമിക്കാൻ ഇവൾ തയാറായില്ല. ഒടുവിൽ ഈ സ്ത്രീ രോഗബാധിതയായി; മരണാസന്നയായി. എന്നിട്ടും അവർ തന്റെ കൂട്ടുകാരിയോട് ക്ഷമിക്കാനോ അനുരഞ്ജനപ്പെടാനോ തയാറായില്ല. ആ ശത്രുത പുലർത്തിക്കൊണ്ടു തന്നെ അവർ മരണമടഞ്ഞു. മരണശേഷം, അതികഠിനമായ, ഏറ്റം കഠോരമായ ശുദ്ധീകരണത്തിനു വിധേയയായതിനാൽ പ്രാർത്ഥനാസഹായം തേടിയാണ് ആ ആത്മാവ് മരിയയുടെ അടുത്തു വന്നത്. 
            "പകയും വൈരാഗ്യവും വച്ചുപുലർത്തുന്നത്  ദൈവത്തിന് അങ്ങേയറ്റം അപ്രീതികരമാണെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം,"  മരിയ പറയുന്നു; "അതുപോലെ തന്നെയാണ് മറ്റുള്ളവരെ മുറിപ്പെടുത്തുന്ന കഠിനവാക്കുകൾ പ്രയോഗിക്കുന്നതും. നമ്മുടെ ഒരു വാക്ക്, അല്ലെങ്കിൽ സംസാരം, മറ്റുള്ളവരെ എത്രത്തോളം മുറിവേൽപ്പിക്കുമെന്ന്, ചിലപ്പോൾ കൊല്ലുക തന്നെ ചെയ്യുമെന്ന് നാമറിയുന്നില്ല. അതുപോലെ തന്നെ നമ്മുടെ ഒരു നല്ലവാക്ക് മറ്റുള്ളവർക്ക് സൗഖ്യം പകരുകയും ചെയ്യും." 

(അനാരോഗ്യം മൂലം മഠപ്രവേശം നിഷേധിക്കപ്പെട്ട ഒരു ഭക്തവനിതയാണ് മരിയ സിമ്മ.  1940 മുതൽ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾ പ്രാർത്ഥന യാചിച്ച് അവളെ സന്ദർശിക്കാനെത്തിയിരുന്നു; ഒപ്പം ദീർഘകാല ശാരീരികസഹനങ്ങളും.) 

മരിച്ചവർക്കായുള്ള ദിവ്യബലി

ശുദ്ധീകരണസ്ഥലത്തു നിന്നും ആത്മാക്കളെ മോചിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം  (പ്രാർത്ഥന) ദിവ്യബലിയർപ്പണമാണ്. കാരണം, നമ്മോടുള്ള സ്നേഹാധിക്യത്താൽ ദിവ്യബലിയിൽ ക്രിസ്തു തന്നെത്തന്നെ ബലിയായി പിതാവിന് സമർപ്പിക്കുകയാണ്. ദിവ്യബലിയോടു പ്രത്യേക ഭക്തി പുലർത്തിയിരുന്ന ആത്മാക്കൾക്ക് - അതായത് ദിവ്യബലിയിൽ ഭക്തിപൂർവ്വം പങ്കുകൊള്ളുകയും ഇടദിവസങ്ങളിലും ബലിയർപ്പണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നവർക്ക്    -     അവർക്കുവേണ്ടി       അർപ്പിക്കുന്ന 
ബലിയർപ്പണത്തിലൂടെ  വലുതായ പ്രയോജനം ലഭിക്കും. 
                         വിശുദ്ധ ജോൺ മരിയ വിയാനി തന്റെ ഇടവകജനത്തോട് പറഞ്ഞ ഒരു സംഭവമാണ് താഴെ.
            വിശുദ്ധനായ ഒരു വൈദികന്റെ ആത്മസുഹൃത്ത് മരണമടഞ്ഞു. സുഹൃത്തിന്റെ ആത്മശാന്തിക്കായി വൈദികൻ നിരന്തരം പ്രാർത്ഥിച്ചുപോന്നു. സുഹൃത്തിന്റെ ആത്മാവ് ശുദ്ധീകരണസ്ഥലത്താണെന്നും അതികഠിനമായ ശുദ്ധീകരണത്തിനു  വിധേയനായിരിക്കൊണ്ടിക്കയാണെന്നും ഒരു ദിവസം ദൈവം അദ്ദേഹത്തിനു വെളിപ്പെടുത്തി. സുഹൃത്തിനു വേണ്ടി ദിവ്യബലി അർപ്പിക്കാൻ വൈദികൻ തീരുമാനിച്ചു. 
                                ബലിയർപ്പണവേളയിൽ തിരുശ്ശരീരവും തിരുരക്തവും ഉയർത്തവേ, അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു: 'കൊള്ളാം നല്ലവനായ പിതാവേ,  നമുക്കൊരു വച്ചുമാറ്റം നടത്താം... എന്റെ പ്രിയപ്പെട്ട ചങ്ങാതിയുടെ ആത്മാവ് ഇപ്പോൾ അങ്ങയുടെ കൈകളിലാണ്. അങ്ങേ പ്രിയപുത്രൻ ഇപ്പോൾ എന്റെ കരങ്ങളിലും.... അങ്ങെന്റെ ചങ്ങാതിയുടെ ആത്മാവിനെ ശുദ്ധീകരണസ്ഥലത്തു നിന്നു മോചിപ്പിച്ചാലും... അതിനായി അങ്ങേ തിരുക്കുമാരനെ, അവിടുത്തെ പീഢാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും എല്ലാ യോഗ്യതകളോടും കൂടെ ഞാൻ അങ്ങേയ്ക്കു കാഴച വയ്ക്കുന്നു....'
          വിശുദ്ധനായ ആ വൈദികന്റെ പ്രാർത്ഥനക്ക് ദൈവം ഉടൻ ഉത്തരമരുളി. സുഹൃത്തിന്റെ ആത്മാവ് വർണ്ണനാതീതമായ ശോഭയോടു കൂടി സ്വർഗ്ഗത്തിലേക്ക് കരേറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം ദൈവത്തിന് നന്ദിയർപ്പിച്ചു. 

മരിച്ചവർക്കായുള്ള പ്രാർത്ഥന - ഒരു കാരുണ്യപ്രവൃത്തി

2 Maccabees 12:45:

It is therefore a holy and wholesome thought to pray for the dead, that they may be loosed from sins.



മരണശേഷം നേരെ സ്വർഗ്ഗത്തിലേക്ക്, അല്ലെങ്കിൽ നരകത്തിലേക്ക് ആണ് ഒരാത്മാവ് അയയ്ക്കപ്പെടുന്നതെങ്കിൽ, മേൽപ്പറഞ്ഞ തിരുവചനത്തിന് അർത്ഥമില്ല. സ്വർഗ്ഗപ്രാപ്തി കൈവരിച്ചു കഴിഞ്ഞ ആത്മാവിന് പ്രാർത്ഥനയുടെ ആവശ്യമില്ല. നിത്യ നരകത്തിൽ നിപതിച്ച ആത്മാവിനാകട്ടെ, പ്രാർത്ഥന കൊണ്ട് പ്രയോജനവുമില്ല. 
അപ്പോൾ, ഇതിനു രണ്ടിനും ഇടയ്ക്കായി, ആത്മാക്കൾ തങ്ങളുടെ പാപങ്ങളുടെ ശിക്ഷയിൽ നിന്നും മോചനം പ്രാപിക്കുന്ന ഒരു സ്ഥലം, അല്ലെങ്കിൽ ഒരവസ്ഥയുണ്ടെന്നു വരുന്നു.  
 അതാണ് Purgatory.


മരിച്ചവർക്കായുള്ള പ്രാർത്ഥന ഏഴു കാരുണ്യപ്രവൃത്തികളിൽ ഒന്നാണ്.   ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളുടേയും സ്വർഗ്ഗപ്രാപ്തിയെക്കുറിച്ച് നമുക്ക് ഉറപ്പുണ്ടെങ്കിൽത്തന്നെയും  ദുരിതമനുഭവിക്കുന്ന ഈ ആത്മാക്കളെ നമ്മുടെ പ്രാർത്ഥനയാലും പരിഹാരപ്രവൃത്തികളാലും സഹായിക്കുവാൻ നമുക്ക് കടമയുണ്ട്. നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി മാത്രമല്ല, ഓർക്കാനും പ്രാർത്ഥിക്കാനും ആരോരുമില്ലാത്ത ആത്മാക്കൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതുണ്ട്. 

Tuesday, July 5, 2011

മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന

   വരപ്രസാദാവസ്ഥയില്‍ മരണമടഞ്ഞവരെങ്കിലും തങ്ങളുടെ പാപങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി പരിഹാരം ചെയ്തു കഴിഞ്ഞിട്ടില്ലാത്ത ആത്മാക്കള്‍, മരണശേഷം ശുദ്ധീകരണത്തിനു വിധേയരാകുന്നു. 
സ്വര്‍ഗ്ഗപ്രാപ്തിക്കാവശ്യമായ പരിശുദ്ധി നേടുന്നതിനാണിത്. 
 സത്യം തന്നെയായ ദൈവപുത്രന്‍ പറഞ്ഞു: 'പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവനോട് ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ  ക്ഷമിക്കപ്പെടുകയില്ല.' (Mathew 12:32)   ഇതില്‍ നിന്ന്, ചില തെറ്റുകള്‍ക്ക് ഈ യുഗത്തിലും മറ്റു ചിലതിന് വരാനിരിക്കുന്ന യുഗത്തിലും മാപ്പ് ലഭിക്കുമെന്ന്   നമുക്ക് മനസ്സിലാക്കാം എന്ന് വി. ഗ്രിഗറി പറയുന്നു.

1 കോറിന്തോസ് 3:13-15   ല്‍ നാം വായിക്കുന്നു.

"[13] each man's work will become manifest; for the Day

will disclose it, because it will be revealed with fire, and 

the fire will test what sort of work each one has done.

[14] If the work which any man has built on the


foundation survives, he will receive a reward. 

[15] If any man's work is burned up, he will suffer loss,



though he himself will be saved, but only as through fire.


 ഓരോ മനുഷ്യനും വിധിക്കപ്പെടുകയും അവന്‍റെ പണി അഗ്നിയാല്‍  വെളിവാക്കപ്പെടുകയും ചെയ്യും.  നാം ചെയ്യുന്ന നന്മ പ്രവൃത്തികള്‍ അഗ്നിയെ അതിജീവിക്കുകയും നാം സമ്മാനിതരാവുകയും ചെയ്യുമ്പോള്‍ നമ്മുടെ തിന്മ പ്രവൃത്തികള്‍ 
അഗ്നിക്കിരയാവുകയും നാം നഷ്ടം സഹിക്കേണ്ടി വരികയും ചെയ്യും. നാം രക്ഷിക്കപ്പെടുമെങ്കിലും അത് അഗ്നിയിലൂടെയെന്നതുപോലെ ആയിരിക്കും.    


                 ഇപ്രകാരം ,  രക്ഷിക്കപ്പെട്ടു കഴിഞ്ഞ ആത്മാക്കള്‍ക്കുള്ള ശുദ്ധീകരണമാണ് Purgatory
എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

 ആകയാല്‍, നമുക്ക് മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരെ പ്രാര്‍ത്ഥനകളാലും പരിത്യാഗപ്രവൃത്തികളാലും സഹായിക്കാം.