Monday, February 25, 2013

വി.അമ്മത്രേസ്യയും ശുദ്ധീകരാത്മാക്കളും

മഹാവിശുദ്ധയും വേദപാരംഗതയുമായ ആവിലായിലെ വി.ത്രേസ്യയുടെ സ്വയംകൃതചരിതത്തിൽ നിന്ന്:

"എനിക്കുണ്ടായ മരിച്ചവരുടെ ദർശനങ്ങളെപ്പറ്റി ഞാൻ വിവരിക്കാൻ തുടങ്ങിയിരിക്കുന്ന സ്ഥിതിക്ക്, ചില ആത്മാക്കളെ സംബന്ധിച്ചു ദൈവം എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ള ഏതാനും കാര്യങ്ങൾ ഞാൻ വിവരിക്കാം.
             ഞങ്ങളുടെ പ്രൊവിൻഷ്യൽ മറ്റൊരു സ്ഥലത്ത് പ്രൊവിൻഷ്യലായിരിക്കുമ്പോൾ മരിച്ചുവെന്നു ഞാൻ കേട്ടു.  അദ്ദേഹം ഒരു സുകൃതിയായിരുന്നു. മരിച്ചുവെന്നു കേട്ടപ്പോൾ അദ്ദേഹം രക്ഷപ്പെട്ടുവോ എന്ന സന്ദേഹം എന്നെ ആകുലപ്പെടുത്തി.  20 കൊല്ലം അദ്ദേഹം സുപ്പീരിയറായിരുന്നുവെന്നതുതന്നെ ഭയകാരണമാണ്. ആത്മപരിപാലനം വളരെ വിപത്കരമായതുകൊണ്ടാണ് ഞാൻ ഇത്രയധികം ഭയപ്പെട്ടത്. ആകുലതയോടെ ഞാൻ പ്രാർത്ഥനാമുറിയിൽക്കയറി ജീവിതത്തിൽ ഞാൻ ചെയ്തിട്ടുള്ള സുകൃതങ്ങളെല്ലാം അദ്ദേഹത്തിനു വേണ്ടി കാഴ്ചവച്ചു. വളരെക്കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറവുകൾ കർത്താവിന്റെ യോഗ്യതകൾ കൊണ്ടു നികത്താനും അങ്ങനെ ശുദ്ധീകരണസ്ഥലത്തു നിന്ന് അദ്ദേഹത്തെ രക്ഷിക്കാനും ഞാൻ പ്രാർത്ഥിച്ചു.
                അങ്ങനെ എന്റെ കഴിവിനനുസരിച്ചു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ വലതുഭാഗത്ത് ഭൂമിയുടെ അഗാധത്തിൽ നിന്ന്  അദ്ദേഹം  ഉയർന്നു വരുന്നതും അതീവാനന്ദത്തോടെ സ്വർഗ്ഗത്തിലേക്കു കയറിപ്പോകുന്നതും ഞാൻ കണ്ടു. അന്ന് അദ്ദേഹം  വൃദ്ധനായിരുന്നെങ്കിലും ഒരു മുപ്പതുകാരനെപ്പോലെയാണ് എനിക്കു  തോന്നിയത്. മുഖത്തു നല്ല പ്രകാശമുണ്ടായിരുന്നു. ദർശനം അതിവേഗം സമാപിച്ചു. അത് എനിക്ക്  അതീവാശ്വാസം പ്രദാനം ചെയ്തു. അനേകർ അദ്ദേഹത്തിന്റെ മരണത്തിൽ വിലപിച്ചിരുന്നുവെങ്കിലും എനിക്ക് അന്നുമുതൽ ദുഃഖിക്കാൻ കഴിഞ്ഞില്ല. എന്റെ ആത്മാവിന് അത്യന്തം ആശ്വാസം അനുഭവപ്പെട്ടതിനാൽ യാതൊന്നും എന്നെ അസ്വസ്ഥയാക്കിയില്ല.
              അദ്ദേഹത്തിന്റെ മരണം കഴിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷമാണ് എനിക്കീ ദർശനമുണ്ടായത്. ഏതാനും നാളുകൾ കഴിഞ്ഞ് കർത്താവ് അദ്ദേഹത്തിന് അനുവദിച്ച മരണത്തിന്റെ ഒരു വിവരണം എനിക്കു  ലഭിച്ചു. അദ്ദേഹത്തിന്റെ  മരണം എത്രയും സൗഭാഗ്യകരമായിരുന്നു. മരണസമയത്തെ അദ്ദേഹത്തിന്റെ  ഏകാഗ്രതയും അനുതാപവും വിനയവും എല്ലാവരേയും അത്ഭുതപരതന്ത്രരാക്കി.
                  എന്റെ ആശ്രമത്തിലെ ഒരു കന്യാസ്ത്രി മരിച്ചു. അവൾക്ക് പതിനെട്ടോ ഇരുപതോ വയസ്സു കാണും. എന്നും രോഗിയായിരുന്നു. അവൾ ഒരുത്തമ ദൈവദാസിയായിരുന്നു. പ്രാർത്ഥനയിൽ എത്രയും ശ്രദ്ധാലുവും സുകൃതിനിയുമായിരുന്നു. അവളുടെ വിശിഷ്ട യോഗ്യതകളും അവളനുഭവിച്ച നിരവധി കഷ്ടതകളും പരിഗണിച്ചപ്പോൾ, അവൾ ശുദ്ധീകരണസ്ഥലത്തിൽ പോകയില്ലെന്നു തന്നെ ഞാൻ വിചാരിച്ചു. സംസ്കാരത്തിനു മുമ്പ്, എന്നാൽ മരിച്ചിട്ട് ഏതാണ്ടു നാലു മണിക്കൂർ കഴിഞ്ഞപ്പോൾ, ഞാൻ നമസ്കാരം ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ അതേ സ്ഥലത്തു നിന്ന് അവൾ സ്വർഗ്ഗത്തിലേക്കു കയറിപ്പോകുന്നതു ഞാൻ കണ്ടു..."