Tuesday, September 18, 2012

ജീവനിലേക്കുള്ള വഴി

 ഈശോ ജനക്കൂട്ടത്തോട് സംസാരിക്കുകയാണ്:
          
"കര്‍ത്താവിന്റെ വഴികളിലൂടെ, കര്‍ത്താവു കാണിച്ചുതരുന്ന  വഴികളിലൂടെ പോകുന്നവര്‍ - അവര്‍ സന്മനസ്സോടെയാണ് ആ വഴികളിലൂടെ പോകുന്നത് - ഒടുവില്‍ കര്‍ത്താവിനെ കണ്ടെത്തുന്നു. 
          മനുഷ്യന്‍, അവന്റെ ജീവിതപാതയില്‍ അനേകം കവലകള്‍ കടക്കുന്നുണ്ട്.  ഭൗമിക കവലകളെക്കാള്‍ കൂടുതലായി അഭൗമിക കവലകളാണ് അവയില്‍ അധികവും. എല്ലാ ദിവസവും നന്മതിന്മകളുടെ കവലകള്‍ നമ്മുടെ മനസ്സാക്ഷി കാണുന്നുണ്ട്. അബദ്ധം പറ്റാതിരിക്കണമെങ്കില്‍ നല്ല ജാഗ്രതയുണ്ടായിരിക്കണം.  ഈ ഉപമ കേള്‍ക്കൂ...
                   ഒരു തീര്‍ഥാടക സംഘം  - ജോലി അന്വേഷിച്ചു നടക്കുന്ന ഒരു സംഘം ആളുകള്‍ - ഒരു രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി. അതിര്‍ത്തിയില്‍, ജോലിക്ക് ആളെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ നിയുക്തരായിരിക്കുന്ന ഏജന്റുമാരുണ്ട്. അവരില്‍ ചിലര്‍ ഖനികളിലേക്ക് തൊഴിലാളികളെ റിക്രൂട്ടു ചെയ്യുന്നവരാണ്; ചിലര്‍ വയലിലെ ജോലിക്കാണ് ആളെ അന്വേഷിക്കുന്നത്; ചിലര്‍ ദുഷ്ടനായ ഒരു ധനികന്റെ വീട്ടുപണികള്‍ക്ക് ആളെ അന്വേഷിക്കുന്നു; മറ്റുചിലര്‍, ഒരു രാജാവിന്റെ പടയാളികളാകാന്‍ കൊള്ളാവുന്നവരെ അന്വേഷിക്കുന്നു. രാജാവ് വസിക്കുന്നത് ഒരു പര്‍വതത്തിനു മുകളിലുള്ള കൊട്ടാരത്തിലാണ്. അവിടെയെത്താന്‍ കുത്തനെയുള്ള ഒരു വഴി മാത്രമേയുള്ളൂ.  രാജാവിന്  ഭടന്മാരെയാണു വേണ്ടത്; എന്നാല്‍ അവര്‍ വീരശൂരന്മാര്‍ എന്നതിനേക്കാള്‍ ഉപരിയായി ജ്ഞാനമുള്ളവരായിക്കണമെന്നാണ് രാജാവ് ആഗ്രഹിക്കുന്നത്. കാരണം, അവര്‍ രാജ്യത്തില്‍ എല്ലായിടത്തും പോയി പ്രജകളെ വിശുദ്ധീകരിക്കാനുള്ളവരാണ്. രാജാവ് വലിയ ശമ്പളമോ  സുഖപ്രദമായ ജീവിതമോ വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍, വിശുദ്ധി നേടാന്‍ കഴിയുമെന്നും അവരുടെ സേവനത്തിനു പ്രതിഫലമുണ്ടാകുമെന്നും ഉറപ്പു പറഞ്ഞു. നേരെമറിച്ച് ഖനികളുടെയും വയലുകളുടെയും  ഉടമസ്ഥന്മാരുടെ ഏജന്റുമാര്‍ പറഞ്ഞത് ഇങ്ങനെയാണ്; "ജീവിതം സുഖപ്രദമായിരിക്കയില്ല; എന്നാല്‍ നിങ്ങള്‍ സ്വതന്ത്രരായിരിക്കും. നിങ്ങള്‍ക്ക് സുഖിക്കാനും മാത്രം പണമുണ്ടാക്കാന്‍ പറ്റും.."  ദുഷ്ടനായ  ധനികന്റെ ഏജന്റുമാര്‍ പറഞ്ഞു; "നല്ല ഭക്ഷണം, അലസമായ ജീവിതം, സുഖം, സമ്പത്ത്...  നിങ്ങള്‍ ആകെ ചെയ്യേണ്ടത്, അയാളുടെ വിചിത്രമായ തോന്ന്യാസങ്ങള്‍ക്കെല്ലാം സമ്മതിച്ചുകൊടുക്കണം. ഓ ! ഇത് ഒട്ടും വിഷമമുള്ളതല്ല... നിങ്ങള്‍ക്കോ .. രാജപ്രതിനിധികളെപ്പോലെ സുഖമായിക്കഴിയാം..."
            തീര്‍ഥാടകര്‍ തമ്മില്‍ കൂടിയാലോചന നടത്തി. അവര്‍ക്ക് സംഘം വിട്ടുപോകാന്‍ ഇഷ്ടമില്ലായിരുന്നു... അവര്‍ ചോദിച്ചു; :വയലുകള്‍, ഖനികള്‍, ധനികന്റെ വസതി, രാജാവിന്റെ രാജാവിന്റെ കൊട്ടാരം ഇവയെല്ലാം അടുത്തടുത്താണോ ?"
"ഓ! അല്ല; നിങ്ങള്‍ ആ കവലയിലേക്ക്  വരൂ.. ഓരോ സ്ഥലത്തേക്കുമുള്ള വഴി ഞങ്ങള്‍ കാണിച്ചുതരാം.."

അവര്‍ പോയി.
                            "നോക്കൂ.. നല്ല തണല്‍, പൂക്കള്‍, ജലധാരകള്‍ എല്ലാമുള്ള മിനുസമായ വഴി ധനികന്റെ മാളികയിലേക്കുള്ളതാണ്." ധനികന്റെ  ഏജന്റുമാര്‍ പറഞ്ഞു.
                  "ഇവിടെ ഈ പൊടി  പിടിച്ച  റോഡ്‌ വയലുകളിലൂടെ പോകുന്നു. അതാണ്‌ വയലുകളിലേക്കുള്ള വഴി.. വഴിക്കു മുഴുവന്‍ വെയിലാണ്; എന്നാലും വഴി നല്ലതാണെന്നു കാണാമല്ലോ..." വയലുടമയുടെ ഏജന്റുമാര്‍ പറഞ്ഞു.
"ഇതാ, ഈ വഴി,  ഭാരമുള്ള വണ്ടികള്‍ ഓടി ചാലുകളായി, ഇടയ്ക്ക് കറുത്ത് കാണുന്ന ഈ വഴി ഖനികളിലേക്കുള്ളതാണ്.  ഈ വഴി മനോഹരവുമല്ല, വൃത്തികെട്ടതുമല്ല.." ഖനിയുടമയുടെ ഏജന്റുമാരുടെ വാക്കുകള്‍.
             "ഇനി, ഈ വഴി കണ്ടോ... കുത്തനെയുള്ള കയറ്റം.. വെയിലുകൊണ്ടു  ചുട്ടുപഴുത്തിരിക്കുന്ന പാറയിലൂടെയാണ് കടന്നു പോകുന്നത്. മുള്‍പ്പടര്‍പ്പുകള്‍, ചിലയിടങ്ങളില്‍ ആഴമേറിയ മലയിടുക്കുകള്‍ എന്നിവ യാത്ര താമസിപ്പിക്കും. പക്ഷെ, ശത്രുക്കള്‍ക്കെതിരെ നല്ല പ്രതിരോധമാണ്... ഈ വഴി കിഴക്കോട്ടാണ് നയിക്കുന്നത്.. കര്‍ശനമായത്, വിശുദ്ധമായത് എന്നു നമുക്ക് പറയാന്‍ കഴിയും.. അവിടെ അരൂപികള്‍ നന്മയില്‍ പൂര്‍ണ്ണരാക്കപ്പെടുകയാണ്.." രാജാവിന്റെ ഏജന്റുമാര്‍ പറഞ്ഞു.
 തീര്‍ഥാടകര്‍ എല്ലാം നന്നായി നോക്കി. വീണ്ടും വീണ്ടും നോക്കി .. 

അവര്‍ കണക്കുകൂട്ടി.. പല കാര്യങ്ങളും അവരെ പ്രലോഭിപ്പിച്ചു.. സാവകാശത്തില്‍ അവര്‍ വേര്‍പിരിഞ്ഞു .. ആകെ പത്തുപേരാണുണ്ടായിരുന്നത് .. മൂന്നുപേര്‍ വയലിലേക്കു പോയി; രണ്ടുപേര്‍ ഖനിയിലേക്ക്;  ശേഷമുള്ളവര്‍ പരസ്പരം നോക്കിയിട്ട് അതില്‍ രണ്ടുപേര്‍ പറഞ്ഞു; "ഞങ്ങളോടുകൂടെ രാജാവിന്റെ പക്കലേക്ക് വരിക.. നമുക്ക് ലാഭമൊന്നും ഉണ്ടാകയില്ല.. ഈ ഭൂമിയിലെ സന്തോഷങ്ങളും ഉണ്ടാകയില്ല.. എന്നാല്‍, നമ്മള്‍ എന്നെന്നേക്കും വിശുദ്ധരായിരിക്കും.." എന്നാല്‍ മറ്റവര്‍ വഴങ്ങിയില്ല; തന്നെയുമല്ല, മനോഹരമായി കാണപ്പെട്ട പാതയിലൂടെ അവര്‍ ഓടിപ്പോകയും ചെയ്തു. 
     ശേഷമുണ്ടായിരുന്ന രണ്ടുപേര്‍ കുത്തനെയുള്ള വഴി തെരഞ്ഞെടുത്തു. പ്രാര്‍ഥിച്ചു കരഞ്ഞുകൊണ്ട്‌ ഏതാനും ദൂരം പിന്നിട്ടു.. അപ്പോഴേക്കും മനസ്സു തളര്‍ന്നുപോയി; എങ്കിലും അവര്‍ പിടിച്ചുനിന്നു.. പിന്നീട്, മുകളിലേക്കു കയറുംതോറും അവരുടെ ശരീരഭാരം കുറഞ്ഞു കുറഞ്ഞു വരുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു..അവരുടെ ക്ഷീണം മാറ്റുന്ന പരിചിതമല്ലാത്ത ആനന്ദവും .. പര്‍വതത്തിനു മുകളിലെത്തിയപ്പോള്‍ അവര്‍ ശ്വാസം കിട്ടാതെ അണക്കുകയാണ്.. ദേഹം മുഴുവന്‍ മുള്ളുകള്‍ കൊണ്ട് വരഞ്ഞുകീറിയിട്ടുണ്ട് .. അവര്‍ രാജസന്നിധിയിലേക്ക് ആനയിക്കപ്പെട്ടു; അവരെ ധീരന്മാരാക്കുവാന്‍ താന്‍ അവരില്‍ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നുവെന്ന് രാജാവ് അവരെ മനസ്സിലാക്കി. അവസാനം ഇങ്ങനെ പറഞ്ഞു; "ഇതെക്കുറിച്ചെല്ലാം എട്ടുദിവസം ചിന്തിക്കുക. പിന്നീട് എന്നെ വിവരം അറിയിക്കുകയും ചെയ്യുക."
                      അവര്‍ ചിന്തിച്ചു. പരീക്ഷകനുമായി വളരെ കഷ്ടപ്പെട്ടു  മല്ലിട്ടു. പരീക്ഷകന്‍ അവരുടെ ശരീരത്തെ ഉപകരണമാക്കി അവരെ ഭയപ്പെടുത്താന്‍ ശ്രമിക്കയായിരുന്നു.. ആകര്‍ഷകമായിത്തോന്നുന്ന ലോകത്തെയും അവരുടെ മുന്‍പില്‍ വച്ചു... എങ്കിലും അവര്‍ തന്നെ ജയിച്ചു. അവര്‍ അവിടെ താമസിച്ചു.  അവര്‍ നന്മയുടെ മഹാവീരന്മാരായിത്തീര്‍ന്നു.. പിന്നീട്, മരണം, അതായത് അവരുടെ മഹത്വീകരണം  വന്നു.. സ്വര്‍ഗ്ഗത്തിന്റെ മേല്‍ത്തട്ടില്‍ നിന്ന് അവര്‍, പാതാളത്തില്‍ കിടക്കുന്ന കൂട്ടുകാരെക്കണ്ടു... ദുഷ്ടനായ യജമാനനെ സേവിക്കാന്‍ പോയവര്‍, അവര്‍ ചങ്ങലയിലാണ് മരിച്ചു കഴിഞ്ഞിട്ടും .. ചങ്ങലയില്‍ നരകത്തിന്റെ അന്ധകാരത്തില്‍ക്കിടന്ന് നിലവിളിക്കുന്നു.. നശിച്ചുപോയ ആ ആത്മാക്കള്‍ ഈ രണ്ടുപേരെക്കണ്ട്  അവരെയും എല്ലാവരെയും ശപിച്ചു; ആദ്യം ഭയാനകമായ വിധത്തില്‍ ദൈവത്തെ ശപിച്ചുകൊണ്ടു പറഞു; "നീ ഞങ്ങളെയെല്ലാം ചതിച്ചുകളഞ്ഞു."
              "ഇല്ല; അങ്ങനെ പറയാന്‍ സാധിക്കില്ല.. നിങ്ങള്‍ക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പു തന്നിരുന്നു; നിങ്ങള്‍ ആഗ്രഹിച്ചത് നിങ്ങളുടെ തന്നെ നാശമാണ്." അനുഗ്രഹീതരായ ആ ആത്മാക്കള്‍ പറഞ്ഞു.   
         വയലിലും ഖനികളിലും ജോലിക്കു പോയവരെ ശുദ്ധീകരണസ്ഥലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ കണ്ടു.  അവര്‍ പറഞ്ഞു; "ഞങ്ങള്‍ നല്ലതുമല്ല, ചീത്തയുമല്ല എന്ന വിധത്തിലായിരുന്നു... ആ മന്ദതയ്ക്ക് ഞങ്ങളിപ്പോള്‍ പരിഹാരം ചെയ്യുകയാണ്.. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. "
"തീര്‍ച്ചയായും ഞങ്ങള്‍ പ്രാര്‍ഥിക്കും. പക്ഷെ, എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളുടെ കൂടെ വരാതിരുന്നത്?"
"ഞങ്ങള്‍ പിശാചുക്കളല്ല, മനുഷ്യരായതുകൊണ്ട്. ഞങ്ങള്‍ക്ക് ഔദാര്യ മനസ്ഥിതി ഇല്ലായിരുന്നു; സത്യസന്ധമായി നേടിയവയാണെങ്കിലും താല്‍ക്കാലികമായവയെ ഞങ്ങള്‍ സ്നേഹിച്ചു; പരിശുദ്ധവും നിത്യവുമായവയെക്കാള്‍ കൂടുതലായി സ്നേഹിച്ചു. നീതിയായി അറിയാനും സ്നേഹിക്കാനും ഇപ്പോള്‍ ഞങ്ങള്‍ പഠിക്കയാണ് .."
                ഇതാണ് ഉപമയുടെ അവസാനം. എല്ലാ മനുഷ്യരും നാല്‍ക്കവലകളിലാണ്.. നിത്യവും ഉള്ള കവലകള്‍.. നന്മയുടെ വഴിയിലൂടെ സ്ഥിരതയോടും  ഔദാര്യത്തോടും കൂടെ പ്രയാണം ചെയ്യുന്നവര്‍ അനുഗ്രഹീതരാകുന്നു. ദൈവം അവരോടുകൂടെ ഉണ്ടായിരിക്കട്ടെ.. അപ്രകാരമല്ലാത്തവരെ ദൈവം സ്പര്‍ശിച്ച് മാനസാന്തരപ്പെടുത്തി അങ്ങനെയൊരു ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ ..  സമാധാനത്തില്‍ പോവുക."

(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്)

Monday, September 17, 2012

മരണാനന്തര ജീവിതം

മരണാനന്തര ജീവിതം - ഈശോയുടെ പ്രബോധനം:  

ഈശോ പറയുന്നു:   "ജനിച്ച മനുഷ്യരെല്ലാവരും മരിക്കും;  എന്നാല്‍ ജീവിതം മരണത്തോടുകൂടെ അവസാനിക്കുന്നില്ല. വേറൊരു രൂപത്തില്‍ അത് തുടരുന്നു. നീതിമാന്മാരായിരുന്നവര്‍ക്ക് പ്രതിസമ്മാനത്തോടുകൂടെ അത് എന്നേക്കും നിലനില്‍ക്കുന്നു. ദുഷ്ടരായിരുന്നവര്‍ക്ക് ശിക്ഷയായും തുടരുന്നു.  ഒരു വിധിയുണ്ടാകുമെന്നുള്ള അറിവ് നിങ്ങളുടെ ഈ ജീവിതത്തെ മരവിപ്പിച്ചുകളയരുത്; മരണ സമയത്തും അരുത്. ഈ അറിവ്, ഒരു പ്രചോദനവും ഒരു നിയന്ത്രണവുമായിത്തീരണം. നന്മ ചെയ്യാനുള്ള പ്രചോദനം; ദുഷിച്ച വികാരങ്ങളില്‍ നിന്ന് നിങ്ങളെ അകറ്റിനിര്‍ത്തുന്ന നിയന്ത്രണം..  അതിനാല്‍, സത്യദൈവത്തിന്റെ യഥാര്‍ത്ഥ സ്നേഹിതരായിത്തീരുക. ഭാവിജീവിതത്തില്‍ ദൈവത്തെ ലഭിക്കാന്‍ അര്‍ഹതയുണ്ടാകണം എന്ന ലക്ഷ്യത്തോടെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക..."


(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന് )