Saturday, February 19, 2011

ഈശോയുടെ പ്രബോധനം: മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന

ഈശോ പറയുന്നു: "ശാരീരികമായ കാരുണ്യപ്രവൃത്തികൾക്ക് സ്വർഗ്ഗത്തിൽ പ്രതിസമ്മാനമുണ്ടെന്നു ഞാൻ പറഞ്ഞതുപോലെ ആത്മീയമായ കാരുണ്യപ്രവൃത്തികൾക്കും സ്വർഗ്ഗത്തിൽ പ്രതിസമ്മാനമുണ്ടെന്നു ഞാൻ പറഞ്ഞിരുന്നു. സത്യമായും ഞാൻ പറയുന്നു; മരിച്ചവരുടെ ആത്മാക്കൾക്കായുള്ള ഒരു പ്രാർത്ഥന കാരുണ്യത്തിന്റെ വലിയ ഒരു പ്രവൃത്തിയാണ്. അതിനു ദൈവം നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ ആർക്കുവേണ്ടി പ്രാർത്ഥിച്ചുവോ  ആ ആത്മാക്കൾ നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. ശരീരത്തിന്റെ പുനരുത്ഥാനത്തിൽ നിങ്ങളെല്ലാവരും വിധികർത്താവായ ക്രിസ്തുവിന്റെ മുമ്പിൽ ഒരുമിച്ച് കൂടുമ്പോൾ, ഞാൻ  അനുഗ്രഹിക്കുന്നവരുടെ കൂടെ, ശുദ്ധീകരിക്കപ്പെടുന്ന സഹോദരങ്ങളോട് കാരുണ്യം കാണിച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ദാനധർമ്മം നടത്തുകയും ചെയ്തവരുടെ ആത്മാക്കൾ  ഉണ്ടായിരിക്കും. ഞാൻ  നിങ്ങളോടു പറയുന്നു; ഒരു നന്മപ്രവൃത്തി പോലും ഫലമില്ലാത്തതായി പോകയില്ല. അനേകം ആളുകൾ സ്വർഗ്ഗത്തിൽ  തെളിവായി പ്രകാശിക്കും. അവർ സുവിശേഷം പ്രസംഗിച്ചിട്ടില്ല; എന്നാൽ അവർ  ശുദ്ധീകരിക്കപ്പെടുന്ന  ആത്മാക്കൾക്കുവേണ്ടിയും പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും പ്രാർത്ഥിക്കയും സഹിക്കയും ചെയ്തിട്ടുണ്ട്. ലോകത്തിൽ,  അറിയപ്പെടാത്ത പുരോഹിതരും അറിയപ്പെടാത്ത പ്രേഷിതരും,  ദൈവം മാത്രം അറിയുന്ന,  സഹനത്തിന്റെ  ബലിയാടുകളായിരിക്കുന്നവരും, കർത്താവിന്റെ ശുശ്രൂഷയുടെ പ്രതിസമ്മാനം സ്വീകരിക്കും. കാരണം, അവരുടെ ജീവിതത്തെ, സഹോദര സ്നേഹത്തിനും ദൈവമഹത്വത്തിനുമായി നിരന്തര സ്നേഹബലിയായി അർപ്പിച്ചവരാണവർ. ഞാൻ സത്യമായി പറയുന്നു; നിത്യജീവിതത്തിലേക്ക് പലവഴികളിലൂടെ പ്രവേശിക്കാം. അതിൽ ഒന്ന് ഇതാണ്; ഇത് എന്റെ ഹൃദയത്തിന് വളരെ പ്രീതിയുളവാക്കുന്നു."

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Saturday, February 12, 2011

നിങ്ങളുടെ മരണവേളയിൽ




പരിശുദ്ധ അമ്മ, 1992 നവംബർ 2ന്  ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം '


"വൽസലമക്കളേ,  വിശ്വാസത്തിന്റെ മുദ്രയോടെ നിങ്ങൾക്കു മുമ്പേ കടന്നു പോയവരും  ശുദ്ധീകരണസ്ഥലത്ത് ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നവരുമായ നിങ്ങളുടെ  സഹോദരങ്ങളെ  അനുസ്മരിക്കുന്ന ദിവസമാണല്ലോ ഇന്ന്. ഈ സഹോദരങ്ങൾ
 പ്രത്യേകമാംവിധം നിങ്ങളുടെ  ചാരേ ഇന്ന് സന്നിഹിതരാണെന്നുള്ള സത്യം ഞാൻ നിങ്ങളെ  അറിയിക്കട്ടെ. ഇന്ന് അവർ വിജയം കൈയാളുന്ന സൈനികനിരയിലെ അംഗങ്ങളാണ്. എന്നെന്നേക്കുമായി രക്ഷ കൈവരിച്ചതിന്റെ ആഹ്ളാദത്തിലാണവർ, എങ്കിലും ഇനിയും ദൈവത്തെ സ്വന്തമാക്കാൻ കഴിയാത്തതിൽ അവർ  അനുഭവിക്കുന്ന വേദന ചില്ലറയൊന്നുമല്ല.
ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആത്മാക്കൾ നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. അവരുടെ യാതനകൾ നിങ്ങളുടെ ക്ഷേമത്തിനായി അവർ കാഴ്ചവയ്ക്കുന്നു. പറുദീസായുടെ നിത്യാനന്ദത്തിലേക്കു പ്രവേശിക്കുവാൻ വിഘാതമായി 
നിൽക്കുന്ന മാനുഷിക വൈകല്യങ്ങളിൽ നിന്നും അവരെ വിമുക്തരാക്കുവാൻ നിങ്ങളുടെ   
പ്രാർത്ഥനകൾ ഒത്തിരി സഹായകമാകുന്നുണ്ട്.
ഭൂമിയിലായിരുന്നപ്പോൾ എന്റെ സൈനികനിരയുടെ ഭാഗമായിരുന്ന,  ഇന്നു ശുദ്ധീകരണസ്ഥലത്ത്  കഴിയുന്ന ആത്മാക്കൾ, എന്റെ സാന്നിദ്ധ്യം പ്രത്യേകമാംവിധം  അനുഭവിച്ചറിയുകയും അത് അവരുടെ വേദനയുടെ കാഠിന്യത്തെ ലഘൂകരിക്കുകയും ശുദ്ധീകരണ കാലയളവിനെ കുറയ്ക്കുകയും ചെയ്യും.
ഈ ആത്മാക്കളെ ഞാൻ എന്റെ കരങ്ങളിൽ സ്വീകരിക്കുകയും പറുദീസായുടെ 
അനിർവ്വചനീയമായ പ്രകാശത്തിലേക്ക് നയിക്കുകയും ചെയ്യും.
ആകയാൽ എന്റെ വൽസലമക്കളേ, നിങ്ങളുടെ വേദനാജനകമായ  ഭൗമിക തീർത്ഥാടനത്തിന്റെ വേളയിൽ മാത്രമല്ല, നിങ്ങളുടെ അന്തിമവേളയിലും നിങ്ങളുടെ അമ്മ നിങ്ങളുടെ സവിധേ ഉണ്ടായിരിക്കും.
നിങ്ങൾ ജപമാല ചൊല്ലുമ്പോൾ എത്രയോ തവണയാണ് ഈ പ്രാർത്ഥന ഉരുവിട്ടുകൊണ്ടിരുന്നത് ! "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ 
ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും നീ പ്രാർത്ഥിക്കണമേ!" ഞാൻ  അത്യാഹ്ളാദത്തോടെ ശ്രദ്ധിക്കുന്നതും താൽപ്പര്യത്തോടെ ശ്രവിക്കുന്നതുമായ ഒരു 
പ്രാർത്ഥനയാണത്. നിങ്ങളുടെ ഓരോരുത്തരുടേയും പക്കൽ മരണവേളയിൽ ഞാൻ സന്നിഹിതയാണെങ്കിൽ,  എനിക്കായി പ്രതിഷ്ഠിക്കപ്പെട്ട് എന്റെ വിമലഹൃദയത്തിന്റെ സുരക്ഷിതത്വത്തിൽ  നിങ്ങൾ ജീവിക്കുമ്പോൾ  ഇതിനേക്കാൾ എത്രയോ അധികമായാണ് ഞാൻ  നിങ്ങൾക്കു സമീപസ്ഥയായിരിക്കുന്നത്!"