Saturday, July 14, 2012

Read Me or Rue it - 3

(Fr. Paul O Sallivan രചിച്ച Read Me or Rue it എന്ന സന്ദേശഗ്രന്ഥത്തില്‍ നിന്ന്)

ലഘുപാപങ്ങള്‍ 

     സാധാരണയായി  ഒരു കത്തോലിക്കന്‍ ചെയ്തുപോകുന്ന നിരവധിയായ ലഘുപാപങ്ങളുടെ കണക്കെടുക്കുക എളുപ്പമല്ല.

(a)     ആത്മപ്രശംസ (self love) യുടെയും സ്വാര്‍ഥതയുടെയും വാക്കാലും പ്രവൃത്തിയാലുമുള്ള ജഡികതയുടെയും അനേകം തരത്തിലുള്ള തെറ്റുകളും സ്നേഹരാഹിത്യത്തിന്റെ ചിന്തയാലും വാക്കാലും പ്രവൃത്തിയാലുമുള്ള തെറ്റുകള്‍, മടി, സുഖലോലുപത, അസൂയ, മന്ദത തുടങ്ങിയ നിരവധി പാപങ്ങളും  ലഘുപാപങ്ങളുടെ പട്ടികയില്‍പ്പെടും.
(b) അതുപോലെതന്നെ, ഉപേക്ഷയുടെ പാപങ്ങളുടെ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ദൈവത്തിന് നമ്മുടെ സ്നേഹത്തിന്റെമേല്‍ ഒരായിരം കാരണങ്ങളാല്‍ അവകാശമുണ്ടെങ്കിലും നാം അവിടുത്തെ വളരെ കുറച്ചുമാത്രമേ സ്നേഹിക്കുന്നുള്ളൂ. അവിടുത്തോടുള്ള നമ്മുടെ പെരുമാറ്റം പ്രത്യേക താല്പര്യമൊന്നുമില്ലാതെയും നന്ദിഹീനമായ വിധത്തിലുമാണ്.

                               അവിടുന്ന് നമുക്കോരോരുത്തര്‍ക്കും വേണ്ടി മരിച്ചു. അതിനനുസൃതമായി നാം  അവിടുത്തേക്ക്‌ നന്ദി പറയുന്നുണ്ടോ? അവിടുന്ന് രാപകലെന്നോണം സക്രാരിയില്‍ നമ്മെക്കാണാന്‍, നമ്മെ അനുഗ്രഹിക്കാന്‍ കാത്തിരിക്കയാണ്. എത്ര വിരളമായാണ് നാം അവിടുത്തെപ്പക്കല്‍ ചെല്ലുന്നത്?  
                     വിശുദ്ധ കുര്‍ബാനയിലൂടെ   അവിടുന്ന് നമ്മുടെ ഹൃദയങ്ങളിലേക്ക് കടന്നു വരാനാഗ്രഹിക്കുന്നു. എന്നാല്‍ നാം അവിടുത്തേക്ക്‌ പ്രവേശനം നിഷേധിക്കയാണ് ചെയ്യുന്നത്. ഓരോ പ്രഭാതത്തിലും  അവിടുന്ന് തന്റെ മരണം നമ്മുടെ അള്‍ത്താരകളില്‍ പുനരവതരിപ്പിച്ചുകൊണ്ട്  അനന്തമായ അനുഗ്രഹങ്ങള്‍ നമ്മിലേക്ക്‌ ചൊരിയാന്‍ ആഗ്രഹിക്കുന്നു.നാമോ ? ഈ കാല്‍വരിയാഗത്തിനണയാന്‍ എത്ര വലിയ മടിയാണ് കാട്ടുന്നത് ? ദൈവാനുഗ്രഹത്തോടുള്ള എത്ര വലിയ അവഗണനയാണത് !!

(c)  നമ്മുടെ ഹൃദയം കാഠിന്യമേറിയതും നീചവുമാകുന്നു. അത് സ്വന്തം സുഖത്തില്‍ മാത്രം മുഴുകിയിരിക്കുന്നു. നല്ല വീടും സുഭിക്ഷമായ ആഹാരവും വിലയേറിയ വസ്ത്രങ്ങളും സുഖസൌകര്യത്തിനാവശ്യമായ പലതും നമുക്ക് ഏറെയുണ്ട്. എന്നാല്‍ നമുക്കുചുറ്റും പട്ടിണിയുമായി അനേകര്‍ കഴിയുന്നു. അവര്‍ക്ക് ഒന്നും കൊടുക്കുവാന്‍ നാം തയാറല്ല.  നമുക്കുവേണ്ടിയാകട്ടെ, ആവശ്യത്തിലും ഏറെ ചെലവിട്ടു ധൂര്‍ത്തടിക്കുന്നു. 

(d)  ദൈവം നമ്മെ സൃഷ്ടിച്ചത് അവിടുത്തെ സേവിച്ചുകൊണ്ട് നമ്മുടെ ആത്മാക്കളെ രക്ഷിക്കാനാണ്. എന്നാല്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും ദൈവത്തിനായി രാവിലെയും വൈകിട്ടും കഷ്ടിച്ച് 5 മിനിട്ട് വീതം പ്രാത്ഥനയ്ക്കായി കൊടുത്തിട്ട് 24 മണിക്കൂറിലെ ബാക്കി സമയം മുഴുവന്‍ ജോലിക്കും വിശ്രമത്തിനും സ്വന്തം സുഖസന്തോഷത്തിനുമായി ചെലവഴിക്കുന്നു. കേവലം പത്തുമിനിട്ടാണ് ദൈവത്തിനും ദൈവം നല്‍കിയിരിക്കുന്ന അനശ്വരമായ ആത്മാവിനും അതിന്റെ രക്ഷയ്ക്കുമായി നാം ചെലവിടുന്നത്!! ഇത് ദൈവത്തോടുള്ള നീതി പുലര്‍ത്തലാണോ ?