Thursday, July 12, 2012

Read Me or Rue it - 2

ശുദ്ധീകരണസ്ഥലത്തില്‍ ആത്മാക്കള്‍ അനുഭവിക്കേണ്ടി വരുന്ന ദീര്‍ഘനാളത്തെ പീഡനത്തിനു കാരണം എന്തായിരിക്കാം?

ഉത്തരം കണ്ടെത്തുക എളുപ്പമാണ്.

1.പാപത്തിന്റെ ഹീനത  (malice)   വളരെ വലുതാണ്‌. ലഘുവായി നമുക്ക് തോന്നുന്ന തെറ്റുകള്‍ യഥാര്‍ഥത്തില്‍ ദൈവത്തിന്റെ അനന്തനന്മയ്ക്കെതിരായ ഗൗരവമേറിയ ധിക്കാര പ്രവൃത്തികളാണ് (offenses).   വിശുദ്ധര്‍ അവരുടെ തെറ്റുകളെ പ്രതി എത്രമാത്രം വേദനിച്ചു കരഞ്ഞിരുന്നു എന്നത് ഇതിനു തെളിവാണ്.

നാം ബലഹീനരാണ് എന്ന് വാദിച്ചേക്കാം.അത് ശരിതന്നെ. എന്നാല്‍ ഈ  ബലഹീനതയെ അതിജീവിച്ച്നമ്മെ ശക്തരാക്കുന്നതിനായി സമൃദ്ധമായ കൃപ ദൈവം നമുക്ക് നല്‍കുന്നുണ്ട്. തെറ്റിന്റെ ഗൌരവം മനസ്സിലാക്കാനുള്ള പ്രകാശവും പ്രലോഭനങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ശക്ത്തിയും പ്രദാനം ചെയ്യുന്നുണ്ട്. എന്നിട്ടും നാം ബലഹീനരാണ് എന്നു പറയുന്നതില്‍ കഴമ്പില്ല. ദൈവം ഔദാര്യത്തോടെ തരുന്ന ജ്ഞാനവും ശക്തിയും സ്വീകരിക്കുന്നതിനായി നാം പ്രാര്‍ഥിക്കുകയോ കൂദാശകള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നാണതിനര്‍ത്ഥം.

2. ഉന്നതനായ ഒരു ദൈവ ശാസ്ത്ര ജ്ഞ ന്റെ അഭിപ്രായത്തില്‍ "ഒരു മാരക പാപത്തിന് ആത്മാക്കള്‍ക്ക് നരകശിക്ഷ വിധിക്കുന്നുവെങ്കില്‍ അനേകം ലഘുപാപങ്ങള്‍ ചെയ്യുന്നവരെ,  പ്രത്യേകിച്ചും, അവ ചെയ്യുന്ന അവസരത്തില്‍  ലഘുവാണോ മാരകമാണോ എന്നുപോലും വ്യക്തതയില്ലാതെ ചെയ്തുകൂട്ടുന്നവരെ, ദീര്‍ഘകാലം ശുദ്ധീകരണസ്ഥലത്തു കഴിയാന്‍ അനുവദിക്കുന്നു എന്നതില്‍ അത്ഭുതമില്ല. ഇങ്ങനെ ചെയ്തു പോകുന്ന അനേകം  ലഘുപാപങ്ങള്‍ക്ക് വേണ്ടത്ര അനുതാപമോ പരിഹാരാനുഷ്ടാനമോ ഇല്ലാത്ത അവസ്ഥയുമായിരിക്കാം. ഇവയ്ക്കു പാപസങ്കീര്‍ത്തനം വഴി മോചനം ലഭിച്ചെങ്കിലും ഉചിതമായ പരിഹാരം ശുദ്ധീകരണസ്ഥലത്തില്‍ വെച്ച് അനുഭവിക്കേണ്ടി വരും.
          നാം അശ്രദ്ധമായി ഉരുവിടുന്ന ഓരോ വാക്കിനും കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നും (Matt.12:36) അവസാന ചില്ലിക്കാശു വരെ കൊടുത്ത് വീട്ടാതെ തടവറയില്‍ നിന്ന് മോചിതരാവുകയില്ലെന്നും ഈശോ തന്നെ വ്യക്തമായി അരുളിച്ചെയ്തിട്ടുണ്ടല്ലോ.
          വിശുദ്ധര്‍ വളരെ  ലഘുവായ പാപങ്ങളേ ചെയ്തിരുന്നുള്ളൂ. അതും തീരെക്കുറച്ച്. എന്നിട്ടും അവര്‍ അതെപ്രതി വളരെയധികം ദുഖിക്കുകയും കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികള്‍ അനുഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാം അനേകം തെറ്റുകള്‍, കൂടുതല്‍ ഗൌരവമുള്ളവ തന്നെ ചെയ്യുന്നു. പക്ഷെ, അവയെക്കുറിച്ച് ദുഖിക്കുകയോ പരിഹാരമനുഷ്ടിക്കുകയോ ചെയ്യുന്നുമില്ല.