Sunday, July 22, 2012

ശുദ്ധീകരണസ്ഥലം ഒഴിവാക്കാന്‍

                   ധാരാളം കത്തോലിക്കര്‍ ശുദ്ധീകരണസ്ഥലം എന്നൊന്ന് ഉണ്ടെന്നു പോലും  വിശ്വസിക്കുന്നില്ല. കുമ്പസാരം വഴി പാപങ്ങള്‍ക്കെല്ലാം പൊറുതി ലഭിക്കുന്നതിനാല്‍ മരണശേഷം നേരേ സ്വര്‍ഗത്തിലേക്കു പോകുമെന്നാണ് അവരുടെ വിശ്വാസം. വെളിപാട് 21:27 പറയുന്നു:    "അശുദ്ധമായതൊന്നും, മ്ലേച് ചതയും  കൌടില്യവും പ്രവര്‍ത്തിക്കുന്ന ആരും അതില്‍ പ്രവേശിക്കുകയില്ല."  അതിന്നര്‍ത്ഥം, ശുദ്ധീകരണസ്ഥലം ഒഴിവാക്കണമെങ്കില്‍, സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകണമെങ്കില്‍ പാപത്തില്‍ നിന്നുള്ള പരിപൂര്‍ണ്ണ വിടുതല്‍ ആവശ്യമാണ്‌ എന്നത്രേ.  

               ചെറിയ ചെറിയ തെറ്റുകള്‍  (ലഘുപാപങ്ങള്‍) പാപമേയല്ല എന്നാണ് പലരും കരുതുന്നത്. അതിനാല്‍ത്തന്നെ, അതിന്‍റെ പ്രത്യാഘാതങ്ങളെപ്പറ്റി അവര്‍ ചിന്തിക്കുന്നുമില്ല.  ഒരു ചെറിയ  നുണയോ, ഒരു കുറ്റം പറച്ചിലോ, ഏയ്‌ , അതിന്റെ പേരില്‍ എനിക്ക് സ്വര്‍ഗം നഷ്ടപ്പെടുകയൊന്നുമില്ല എന്നവര്‍ വിശ്വസിക്കുന്നു.  എന്നാല്‍ അറിയുക; തീരെ നിസ്സാരമായ ഒരു ലഘുപാപത്താല്‍പ്പോലും  നമ്മുടെ   ആത്മാവ് കളങ്കിതമായിത്തീരുന്നു.  ഈ കറ നീക്കം ചെയ്തതിനു   ശേഷം മാത്രമേ  സ്വര്‍ഗ്ഗപ്രവേശം സാധ്യമാകൂ.  
                  കുമ്പസ്സാരത്തില്‍ ഏറ്റുപറഞ്ഞ പാപത്തിന് വീണ്ടും ശിക്ഷയോ  എന്നാവും പലരുടെയും സംശയം.  കുമ്പസ്സാരത്തിലൂടെ  പാപക്ഷമ  മാത്രമേ ലഭിക്കുന്നുള്ളൂ.  നാം ചെയ്ത പാപങ്ങള്‍  ദൈവം ക്ഷമിക്കുന്നു. എന്നാല്‍, ചെയ്ത പാപം നിമിത്തം ആത്മാവിലേറ്റ  പാപക്കറ നിലനില്‍ക്കുന്നു. അത്  മാഞ്ഞുപോകണമെങ്കില്‍ പരിഹാരപ്രവൃത്തികള്‍ ആവശ്യമാണ്‌. പ്രാര്‍ത്ഥനകള്‍ വഴി ദണ്ഡവിമോചനം നേടുന്നതും അത് പാപപരിഹാരത്തിനായി കാഴ്ച വെയ്ക്കുന്നതും  പരിഹാരപ്രവൃത്തിയാണ്. ജീവിതകാലത്ത് നമുക്കു നേരിടുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും രോഗങ്ങളും മറ്റും ദൈവഹിതത്തിനു വിധേയപ്പെട്ട് പരാതി കൂടാതെ ക്ഷമയോടെ സഹിച്ചു നമ്മുടെ പാപപരിഹാരത്തിനായി കാഴ്ച വെയ്ക്കുന്നതും    പരിഹാരപ്രവൃത്തിയില്‍പ്പെടും. സ്നേഹത്താല്‍ പ്രേരിതരായി നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍  വലിയ തോതിലുള്ള പരിഹാരപ്രവൃത്തിയാണ്.(പേരിനും പ്രശസ്തിക്കും വേണ്ടി, അഥവാ മറ്റു ലക്ഷ്യങ്ങളോടെ ചെയ്യുന്നവ ഇതില്‍പ്പെടുന്നില്ല) ഇപ്രകാരം  ജീവിതകാലത്ത് നാം ചെയ്ത  പാപങ്ങള്‍ക്ക്‌ പരിഹാരം ചെയ്തില്ലെങ്കില്‍,  അഥവാ  പാപങ്ങളില്‍ നിന്നൊഴിഞ്ഞ് വിശുദ്ധിയോടെ ജീവിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നാം ശുദ്ധീകരണസ്ഥലത്തിലൂടെ  കടന്നു പോവുക തന്നെ  ചെയ്യും.