Thursday, July 26, 2012

ദണ്ഡവിമോചനങ്ങള്‍

 (വി. ലൂയിസ് ഡി മോണ്ട്ട്ഫോര്‍ട്ടിന്‍റെ  "The Secret of the Rosary" ല്‍ നിന്ന്)
                   
                 നമ്മുടെ പാപങ്ങളര്‍ഹിക്കുന്ന താല്‍ക്കാലിക ശിക്ഷയില്‍ നിന്നുള്ള വിടുതലാണ് ദണ്ഡവിമോചനം. ആ പാപത്തിന്‍റെ അപരാധത്തെ സംബന്ധിച്ചിടത്തോളം അവ (കുമ്പസാരം വഴി)  പൊറുക്കപ്പട്ടുകഴിഞ്ഞവയായിരിക്കും.   സഭാഭണ്ഡാരത്തില്‍ അടങ്ങിയിട്ടുള്ള യേശുക്രിസ്തുവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധരുടേയും അളവറ്റ പരിഹാരങ്ങളുടെ യോഗ്യതയാല്‍, നമ്മുടെ പാപങ്ങള്‍ നിമിത്തം നമുക്കു ലഭിക്കാനിരിക്കുന്ന താല്‍ക്കാലിക ശിക്ഷയില്‍ നിന്നുള്ള വിടുതല്‍ അല്ലെങ്കില്‍ ഇളവ് ആണത്. 
                                പാപത്തിന്‍റെ കുറ്റവും അത് അര്‍ഹിക്കുന്ന നിത്യശിക്ഷയും കൌദാശിക പാപമോചനത്തിലൂടെ ഇളച്ചു കിട്ടുമെങ്കിലും ക്ഷമിക്കപ്പെട്ടുകഴിഞ്ഞ പാപങ്ങള്‍ക്കും ദൈവനീതിയെ തൃപ്തിപ്പെടുത്തേണ്ടതിന്,  ജീവിതകാലത്തോ മരണശേഷമോ ഒരു ശിക്ഷ നാം അനുഭവിക്കേണ്ടതായിട്ടുണ്ട്. 
                                                          ഭൂമിയിലെ നമ്മുടെ ജീവിതകാലത്ത്, നമ്മുടെ പാപങ്ങള്‍ക്ക്‌ മതിയാംവണ്ണം പ്രായശ്ചിത്തം ചെയ്യുന്നതില്‍ നാം പരാജിതരാകുന്നതനുസരിച്ച്, ഒരു നിശ്ചിതകാലം ശുദ്ധീകരണസ്ഥലത്ത് നാം സഹിക്കേണ്ടിവരും.  ദണ്ഡവിമോചനം, ഈ താല്‍ക്കാലിക ശിക്ഷ ഇല്ലാതാക്കുകയോ അല്ലെങ്കില്‍ കുറയ്ക്കുകയോ ചെയ്യുന്നു. 
 
               പാപം മൂലമുള്ള  ശിക്ഷയില്‍ നിന്നുള്ള പൂര്‍ണ്ണമായ വിടുതലാണ് പൂര്‍ണ്ണദണ്ഡവിമോചനം.  ഭാഗികമായ ദണ്ഡവിമോചനവുമുണ്ട്.  ഉദാഹരണത്തിന്, സഭയുടെ പുരാതന കാനോന്‍ നിയമസംഹിതയനുസരിച്ച്, ഒരു വ്യക്തിക്ക് നൂറോ ആയിരമോ വര്‍ഷത്തെ പ്രായശ്ചിത്തം നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെങ്കില്‍, അത്രയും കാലം ആ വ്യക്തി ശുദ്ധീകരണസ്ഥലത്ത് അനുഭവിച്ചു തീര്‍ക്കേണ്ട പ്രായശ്ചിത്തത്തില്‍ നിന്നുള്ള ഒഴിവാണ് 100, അല്ലെങ്കില്‍ 1000 വര്‍ഷത്തെ ദണ്ഡവിമോചനം എന്നത്.

                   കാനോന്‍ നിയമമനുസരിച്ച്,  ഒരു മാരകപാപത്തിന്   ഏഴ്, അല്ലെങ്കില്‍ പത്ത്, ചിലപ്പോള്‍ 15 വര്‍ഷത്തെ പ്രായശ്ചിത്തം ആവശ്യമായി വരുന്നു.   ഇതുപ്രകാരം, 20 മാരകപാപം ചെയ്ത ഒരു വ്യക്തിക്ക് 7 വര്‍ഷത്തെ പ്രായശ്ചിത്തം ഏറ്റം ചുരുങ്ങിയത് 20 പ്രാവശ്യം അനുഷ്ടിക്കേണ്ടി വരും.