Monday, July 23, 2012

വിശുദ്ധരും ശുദ്ധീകരാത്മാക്കളും

                   പ്രസിദ്ധരും അപ്രസിദ്ധരുമായ  ഒട്ടേറെ വിശുദ്ധര്‍ക്ക് തങ്ങളുടെ ജീവിതകാലത്ത് ശുദ്ധീകരണസ്ഥലത്തിന്‍റെ ദര്‍ശനം ലഭിക്കുകയോ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ പ്രാര്‍ത്ഥന യാചിച്ച് അവരെ സന്ദര്‍ശിക്കുകയോ ചെയ്തിരുന്നതായി അവരുടെ ജീവചരിത്രത്തില്‍ നാം വായിക്കുന്നുണ്ട്. വി.ജെര്‍ട്രൂഡ്, ടൊളന്‍ന്റിനോയിലെ വി.നിക്കോളാസ്, വി.ജോണ്‍ മാസ്സിയാസ്,     ആര്‍സിലെ വിശുദ്ധനായ വികാരി വി. ജോണ്‍ മരിയ വിയാനി, വി. പാദ്രെ പിയോ, സിയന്നായിലെ വി. കാതറിന്‍, വി.അമ്മത്രേസ്യ, വി.കൊച്ചുത്രേസ്യ, ജനോവായിലെ വി. കാതറിന്‍, വി.ഫൌസ്തീന, വി. മാഗ്ദലിന്‍  (St.Magdalen of the Cross) തുടങ്ങിവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു.
 
വി. മാഗ്ദലിന്‍ ഒരു സംഭവം വിവരിക്കുന്നു:  "വൈകുന്നേരമായപ്പോള്‍ എന്‍റെ  കാവല്‍മാലാഖ എന്നെ  ശുദ്ധീകരണസ്ഥലത്തിന്‍റെ ഏറ്റവും താഴത്തെ  ഭാഗത്തേക്കു നയിച്ചു.   ഭയാനകമായ  ഒരു ദൃശ്യമായിരുന്നു അവിടെ ഞാന്‍ കണ്ടത്.  അതിനോടു   താരതമ്യം  ചെയ്‌താല്‍  ഭൂമിയിലെ എല്ലാ സഹനങ്ങളും വേദനകളും  കൂടെ ചേര്‍ത്തുവെച്ചാലും അവ ഒന്നുമായിരിക്കയില്ല. ഇവിടുത്തെ  ദഹിപ്പിക്കുന്ന അഗ്നിയോടു തുലനം ചെയ്യുമ്പോള്‍ ഭൂമിയിലെ ഏറ്റം കൊടിയ ചൂടും മന്ദമാരുതന്‍ മാത്രമാണ്.  എന്‍റെ ഒരു ബന്ധുവിനെ ഞാനവിടെ കാണുകയുണ്ടായി.  അവള്‍ വളരെ മുന്‍പു തന്നെ സ്വര്‍ഗത്തില്‍ എത്തിയിട്ടുണ്ടാവുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ദൈവം തന്‍റെ നീതിയില്‍, ഏറ്റവും ദീര്‍ഘമായ ഒരു ശുദ്ധീകരണമാണ്   അവള്‍ക്കായി കരുതി വെച്ചിരുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. അവര്‍ക്കായി അര്‍പ്പിക്കപ്പെടുന്ന പ്രാര്‍ത്ഥനകളുടെ ഫലമൊന്നും ഈ ഭാഗത്തുള്ള ആത്മാക്കള്‍ക്ക് ലഭിക്കാറില്ല എന്ന് എന്‍റെ മാലാഖ പറഞ്ഞു. കാരണം ജീവിച്ചിരിക്കുമ്പോള്‍ കൊടിയ പാപങ്ങള്‍ ചെയ്ത് ദൈവത്തെ ഏറ്റവുമധികം വേദനിപ്പിച്ചവരും മരണനിമിഷത്തില്‍  മാത്രം ദൈവത്തെ തെരഞ്ഞെടുത്തവരുമാണവര്‍!   

ശുദ്ധീകരണസ്ഥലത്തുണ്ടായിരുന്ന മറ്റൊരാത്മാവിനെ  ഞാന്‍ കണ്ടു. ദൈവത്തെ ശപിച്ചും ദൈവദൂഷണം പറഞ്ഞും  തന്നിഷ്ടം പോലെ ജീവിച്ചിരുന്ന  അയാള്‍, മരണശേഷം കഠിനമായ ശുദ്ധീകരണത്തിലൂടെ കടന്നുപോകേണ്ടി വരുമെന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍. അയാള്‍ എത്ര നീണ്ടകാലം  ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടി വരുമെന്ന് എന്‍റെ മാലാഖയോട് ചോദിച്ചപ്പോള്‍ അധികം വൈകാതെ അയാള്‍ സ്വര്‍ഗ്ഗപ്രാപ്തനാകുമെന്നായിരുന്നു     മാലാഖയുടെ മറുപടി. എന്‍റെ അത്ഭുതം കണ്ട് മാലാഖ വിശദീകരിച്ചു: 'മരണസമയത്ത് ഈ മനുഷ്യന്‍ വളരെ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുകയും ഇനി പാപം ചെയ്ത് തന്‍റെ  രക്ഷകനായ ദൈവത്തെ വേദനിപ്പിക്കാനിടയാകില്ലല്ലോ എന്ന ചിന്തയാല്‍ സന്തോഷപൂര്‍വ്വം മരണത്തെ സ്വാഗതം ചെയ്യുകയും ചെയ്തതിനാലാണത്.'   വീണ്ടും ഞാനാരാഞ്ഞു:  "സ്വര്‍ഗത്തില്‍ ഏറ്റവും താഴ്ന്ന ഒരു സ്ഥാനമായിരിക്കും   ഇദ്ദേഹത്തിന്,    അല്ലെ?" "അല്ലേയല്ല;  സെറാഫുകളുടെ ഇടയിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം; കാരണം അദ്ദേഹം അങ്ങേയറ്റം ഉദാരമനസ്കനായിരുന്നു. ജീവിതകാലത്ത് തന്‍റെ സഹായം തേടി വന്നവരില്‍ ഒരാള്‍ക്കുപോലും അദ്ദേഹമത് നിരസിച്ചിട്ടില്ല. "കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് കരുണ ലഭിക്കും" എന്ന ദിവ്യരക്ഷകന്‍റെ വാക്കുകള്‍ ഈ സമയം എന്‍റെ ഓര്‍മ്മയില്‍ വന്നു."

  ദൈവത്തിന്‍റെ വിധി മനുഷ്യരുടേതില്‍ നിന്ന് എത്ര ഭിന്നം!!