ഫ്ലോറന്‍സിലെ പ്രസിദ്ധ ആര്‍ച്ചുബിഷപ്പായിരുന്ന വിശുദ്ധ അന്തോനിയസ് ഇപ്രകാരം രേഖപ്പെടുത്തുന്നു:
ബിഷപ്പ് താമസിച്ചിരുന്ന ഡൊമിനിക്കന്‍ ആശ്രമത്തിന്റെ വലിയൊരു ഗുണകാംക്ഷിയും ഭക്തനുമായ ഒരു മാന്യവ്യക്ത്തി മരണമടഞ്ഞു. വളരെയധികം കുര്‍ബാനകളും പ്രാര്‍ത്ഥനകളും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി അര്‍പ്പിക്കപ്പെട്ടു.
വളരെ നാളുകള്‍ക്കു ശേഷം ഒരു ദിവസം മരിച്ച ആ വ്യക്തിയുടെ ആത്മാവ് കഠിനവേദനയാല്‍ പിടയുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് വിശുദ്ധനെ അസ്വസ്ഥനാക്കി.
"ഓ, എന്‍റെ സ്നേഹിതാ, വളരെയധികം ഭക്തിയോടും വിശുദ്ധിയോടും കൂടെ ജീവിച്ച താങ്കള്‍ ഇപ്പോഴും ശുദ്ധീകരണസ്ഥലത്തു തന്നെയാണോ?" വിശുദ്ധന്‍ അത്ഭുതത്തോടെ ചോദിച്ചു.
"അതെ, ഞാന്‍ ശുദ്ധീകരണസ്ഥലത്തു തന്നെയാണ് .... ഇനിയും കുറേക്കാലം കൂടി ഞാന്‍ അവിടെയുണ്ടാകും..." വേദനിക്കുന്ന പാവപ്പെട്ട ആ ആത്മാവു പറഞ്ഞു. "കാരണം, ലോകത്തില്‍ ജീവിച്ചിരുന്ന കാലത്ത്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളര്‍പ്പിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട്, ഇപ്പോള്‍ എനിക്കായി അര്‍പ്പിക്കപ്പെടുന്ന ബലികളും പ്രാര്‍ഥനകളും, ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ പ്രാര്‍ഥിക്കാന്‍ കടപ്പെട്ടിരുന്ന ആത്മാക്കള്‍ക്കായി നല്‍കാന്‍ നീതിമാനായ ദൈവം കല്‍പ്പിച്ചു. ജീവിതകാലത്ത് ഞാന്‍ ചെയ്ത സത്പ്രവൃത്തികളുടെഎല്ലാം ഫലം ഞാന്‍ സ്വര്‍ഗത്തില്‍ എത്തുമ്പോള്‍ ദൈവം എനിക്ക് നല്‍കും. പക്ഷെ, അതിനുമുന്‍പ് ശുദ്ധീകരണസ്ഥലത്തിലുള്ള എന്‍റെ പ്രിയപ്പെട്ടവരോടു ഞാന്‍ കാണിച്ച അവഗണയ്ക്ക് ഞാന്‍ പരിഹാരം ചെയ്യേണ്ടിയിരിക്കുന്നു. കര്‍ത്താവിന്റെ വചനങ്ങള്‍ എത്രയോ സത്യമാണ്!! നീ അളക്കുന്ന അളവു കൊണ്ടു തന്നെ നിനക്കും അളന്നുകിട്ടും..."