Saturday, July 21, 2012

ജപമാലയും ശുദ്ധീകരാത്മാക്കളും

                    ശുദ്ധീകരാത്മാക്കളെ സഹായിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം അവര്‍ക്കായി പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കുക  എന്നതാണ്. പരിശുദ്ധ കുര്‍ബാന കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവും ഫലപ്രാപ്തിയുള്ള മാര്‍ഗം  ജപമാല ചൊല്ലുകയെന്നതാണ്.  വി. അല്‍ഫോന്‍സ് ലിഗോരി പറയുന്നു: "ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളെ സഹായിക്കാന്‍ യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുക. അത് വളരെ ശക്തമായ  ഒരു പ്രാര്‍ഥനയാണ്"

                         വി.  ലൂയിസ് ഡി മോണ്‍ട്ഫോര്‍ട് ഒരു സംഭവം വിവരിക്കുന്നു:  പാപജീവിതം നയിച്ചിരുന്ന അലക്സാന്ദ്ര എന്ന് പേരായ ഒരു പ്രഭുകുമാരിയെ വി.ലൂയിസ്  മാനസാന്തരപ്പെടുത്തുകയും പരിശുദ്ധ ജപമാലാസംഘത്തില്‍ അംഗമായിച്ചേര്‍ക്കുകയും ചെയ്തു  .  എന്നാല്‍, മാനസാന്തരപ്പെട്ട് അധികം വൈകാതെ അവള്‍ മരണപ്പെട്ടു  മരണശേഷം അവള്‍ വി.  ലൂയിസിനു  കാണപ്പെട്ട്, തന്‍റെ നിരവധിയായ പാപങ്ങള്‍ നിമിത്തവും തന്‍റെ  ജീവിതമാതൃകയാല്‍   മറ്റുള്ളവരെ പാപത്തിലേയ്ക്കു നയിച്ചതു  നിമിത്തവും  താന്‍ 700 വര്‍ഷത്തെ ശുദ്ധീകരണസ്ഥലവാസത്തിനു ശിക്ഷിക്കപ്പെട്ടിരിക്കയാണെന്നും വിശുദ്ധന്‍റെയും ജപമാലാസംഘത്തിലെ മറ്റ് അംഗങ്ങളുടെയും പ്രാര്‍ത്ഥന യാചിക്കാന്‍ ദൈവം അവളെ അനുവദിച്ചിരിക്കയാല്‍, അതിനായാണ് വന്നതെന്നും അറിയിച്ചു.  വിശുദ്ധനും ജപമാലാസംഘത്തിലെ  അംഗങ്ങളും അവള്‍ക്കായി തീക്ഷ്ണതയോടെ  ദിവ്യബലികളും ജപമാലകളും അര്‍പ്പിച്ചു.  രണ്ടാഴ്ചയ്ക്കു ശേഷം, അലക്സാന്ദ്ര സ്വര്‍ഗീയശോഭയോടെ    വീണ്ടും വിശുദ്ധനു കാണപ്പെട്ടു.  താന്‍ ശുദ്ധീകരണസ്ഥലത്തു നിന്നു മോചിതയായിരിക്കുന്നുവെന്നും അതിനു സഹായിച്ചത് മുഖ്യമായും വിശുദ്ധന്‍റെയും ജപമാലാസംഘാംഗങ്ങളുടെയും ജപമാലപ്രാര്‍ത്ഥനയായിരുന്നുവെന്നും അറിയിച്ച അവള്‍ അവര്‍ക്കല്ലാവര്‍ക്കും നന്ദി പറഞ്ഞതോടൊപ്പം ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍, വിശുദ്ധനോട്  അദ്ദേഹത്തിന്റെ   ജപമാല പ്രഘോഷണം ഒരിക്കലും മുടക്കരുതെന്നും തങ്ങളുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളോട് തങ്ങള്‍ക്കായി  ജപമാലപ്രാര്‍ത്ഥന  ചൊല്ലാന്‍ അഭ്യര്‍ഥിക്കണമെന്നും കൂടി  അറിയിച്ചു.

         നമ്മുടേയും ഉറ്റവരും ഉടയവരുമായര്‍  ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിച്ച്  കഴിയുന്നുണ്ടാവാം.  അവര്‍ക്കായി നമുക്കും തീക്ഷ്ണതയോടെ ദിവ്യബലികളും ജപമാലകളും അര്‍പ്പിച്ചു പ്രാര്‍ഥിക്കാം ... അതൊരു കാരുണ്യപ്രവൃത്തി കൂടെയാണെന്ന് ഓര്‍ക്കുക  ...