യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭുമിയിലേക്കു നയിച്ചു. അവൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ട് നാൽപതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു. അപ്പോൾ പിശാച് അവനോടു പറഞ്ഞു: "നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട് അപ്പമാകാൻ കൽപ്പിക്കുക." യേശു അവനോടു പറഞ്ഞു: "അപ്പം കൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു." പിന്നെ പിശാച് അവനെ ഒരു ഉയർന്ന സ്ഥലത്തേക്കു കൊണ്ടു പോയി, ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരം കൊണ്ട് അവനു കാണിച്ചു കൊടുത്തു. പിശാച് അവനോടു പറഞ്ഞു: "ഇവയുടെ മേൽ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാൻ തരാം. ഇതെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുളളവർക്ക് ഞാൻ ഇതു കൊടുക്കുന്നു. നീ എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിൻ്റേതാകും." യേശു മറുപടി പറഞ്ഞു: "നിൻ്റെ ദൈവമായ കർത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു." അനന്തരം പിശാച് അവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിൻ്റെ ശൃംഗത്തിൽ നിർത്തിക്കൊണ്ടു പറഞ്ഞു: "നീ ദൈവപുത്രനാണെങ്കിൽ ഇവിടെ നിന്നു താഴേക്കു ചാടുക. നിന്നെ സംരക്ഷിക്കാൻ അവൻ ദൂതന്മാരോടു കൽപ്പിക്കുമെന്നും നിൻ്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ
കൈകളിൽ താങ്ങിക്കൊളളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ." യേശു പറഞ്ഞു: "നിൻ്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും പറയപ്പെട്ടിരിക്കുന്നു." അപ്പോൾ പിശാച് പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച് നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി.
(ലൂക്കാ 4:1-13)