ഒരു ക്രിസ്ത്യാനി യൂണിഫോമിൽ നിൽക്കുന്ന - നിൽക്കേണ്ട - ദൃശ്യം, എഫേസ്യർക്കെഴുതിയ ലേഖനത്തിൽ സെൻ്റ് പോൾ വിവരിക്കുന്നുണ്ട്. "നിങ്ങളുടെ പഴയ ജീവിതരീതിയിൽ നിന്നു രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിൻ. നിങ്ങൾ മനസ്സിൻ്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിൻ്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ. (എഫേ 4:22-24). തുടർന്ന് ആ ക്രിസ്തീയ പടനായകൻ എഴുതുന്നു: "...പിശാചിൻ്റെ കുടില തന്ത്രങ്ങളെ എതിർത്തു നിൽക്കാൻ ദൈവത്തിൻ്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. (എഫേ 6:11)."
"സത്യം കൊണ്ട് അര മുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങൾ ഉറച്ചു നിൽക്കുവിൻ. സമാധാനത്തിൻ്റെ സുവിശേഷത്തിനുളള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിക്കുവിൻ. സർവോപരി, ദുഷ്ടൻ്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിൻ്റെ പരിച എടുക്കുവിൻ. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിൻ്റെ വാൾ എടുക്കുകയും ചെയ്യുവിൻ." (എഫേ 6:14-17)
ഒരു ക്രിസ്ത്യാനി, വർഷത്തിലെ 365 ദിവസങ്ങളിലും മാസത്തിലെ 30/31 ദിവസങ്ങളിലും ആഴ്ചയിലെ ഏഴു ദിവസങ്ങളിലും ദിവസത്തിൻ്റെ 24 മണിക്കൂറുകളിലും, എപ്പോഴും എവിടെയും ക്രിസ്തുവിൻ്റെ ഒരു ധർമഭടനായി വർത്തിക്കണം. അവനെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ അവനിലൂടെ ക്രിസ്തുവിനെ കാണുകയും കേൾക്കുകയും ചെയ്യണം. കാരണം, ഇന്നത്തെ ലോകത്തിൽ ക്രിസ്ത്യാനിയാണ് ക്രിസ്തുവിൻ്റെ പ്രതിപുരുഷൻ - സ്ഥാനപതി.
(ഫാ.ജേക്കബ് ഏറണാട്ട് - ജെം ചിന്തകൾ)
