Friday, April 12, 2013

ന്യായവിധി - 2

ഗ്ളോറിയ പോളോ തന്റെ അനുഭവസാക്ഷ്യം തുടരുന്നു:

"പത്തു കൽപ്പനകളെ അടിസ്ഥാനമാക്കി കർത്താവ് എന്നെ പരിശോധിക്കുകയാണ്.

                 എല്ലാറ്റിലുമുപരിയായി  എന്റെ ദൈവത്തെ ഞാൻ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു എന്നു ഞാൻ പറഞ്ഞു; എന്നാൽ സത്യത്തിൽ ഞാൻ ആരാധിച്ചത് സാത്താനെയാണ്. എന്റെ ഔട്ട് പേഷ്യന്റ്സ് ക്ളിനിക്കിൽ  കാർഡുപയോഗിച്ച് ഭാവി പ്രവചിക്കുന്ന ഒരു സ്ത്രീ സ്ഥിരമായി വരികയും ദോഷങ്ങൾ ഇല്ലാതാക്കാൻ എന്നു പറഞ്ഞ് എന്തോ ചില മന്ത്രങ്ങളും പൂജയും ഒക്കെ ചെയ്യുകയും  പതിവായിരുന്നു.  ഇത് അനുവദിച്ചതു വഴി   ഞാൻ സാത്താനു വാതിൽ തുറന്നു കൊടുക്കയായിരുന്നു...  എന്റെ ക്ളിനിക്കിൽ മാത്രമല്ല, എന്റെ ജീവിതത്തിലും യഥേഷ്ടം വിഹരിക്കാൻ പിശാചുക്കൾക്ക് അവസരമുണ്ടാക്കിക്കൊടുക്കയായിരുന്നു.  ദൈവതിരുമുമ്പിൽ ഇതെല്ലാം അങ്ങേയറ്റം മ്ളേച്ഛമായ പ്രവൃത്തികളാണ്.
                ദൈവത്തിനായാലും മറ്റുള്ളവർക്കായാലും നന്ദി പറയുക എന്നൊരു കാര്യം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല; എന്റെ മാതാപിതാക്കളോടുള്ള എന്റെ പെരുമാറ്റം മോശമായിരുന്നു. എന്നെയും സഹോദരങ്ങളെയും വളർത്താനും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാനും അവർ സഹിച്ച കഷ്ടപ്പാടുകൾ വളരെയേറെയായിരുന്നു. എന്നിട്ടും അവരെപ്പറ്റി നന്ദിയോടെ ഓർക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല; എന്നു തന്നെയല്ല, ഡോക്ടറായിക്കഴിഞ്ഞപ്പോഴേക്കും എന്റെ സ്റ്റാറ്റസിനു ചേന്നവല്ല അവരെന്നുള്ള ചിന്ത എന്നെ അവരിൽ നിന്നും പിന്നെയുമകറ്റി. പ്രത്യേകിച്ചും,  എന്റെ അമ്മയുടെ വിനയവും എളിമയും  നിറഞ്ഞ പെരുമാറ്റത്തിൽ എനിക്കു ലജ്ജ തോന്നിയിരുന്നു.
                             അതുപോലെ, എന്റെ ജീവിതപങ്കാളിയോടുള്ള എന്റെ അഹന്ത നിറഞ്ഞ പെരുമാറ്റവും കർത്താവ് എന്നെ കാണിച്ചുതന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്കു ഗുഡ് മോർണിംഗ് പറയുന്ന അദ്ദേഹത്തോടുള്ള എന്റെ മറുപടി ഇതായിരിക്കും. "ഓ, എന്തൊരു പ്രഭാതം? കണ്ടില്ലേ മഴ?"  ദൈവം നൽകിയ നിരവധി അനുഗ്രഹങ്ങൾക്കു നന്ദി പറയുന്നതിനു പകരം, ദിവസം മുഴുവൻ പിറുപിറുത്തും പരാതി പറഞ്ഞുമാണ് ഞാൻ കഴിച്ചുകൂട്ടിയിരുന്നത്.  
ദിവസത്തിൽ നാലും അഞ്ചും മണിക്കൂറുകൾ എന്റെ ശരീരത്തിന്റെ ഭംഗികൂട്ടുന്നതിനുള്ള വ്യായാമങ്ങൾക്കും എയ്റോബിക്സിനും മറ്റുമായി ചിലവഴിച്ചിരുന്ന എനിക്ക് ദൈവത്തിനു വേണ്ടി മാറ്റി വയ്ക്കാൻ പത്തു മിനിറ്റു പോലുമില്ലായിരുന്നു. ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ പരസ്യങ്ങളുടെ സമയത്തായിരുന്നു എന്റെ ജപമാല ചൊല്ലൽ...  പള്ളിയിൽപ്പോകുന്ന കാര്യത്തിൽ ങ്ങേയറ്റത്തെ മടിയായിരുന്നു എനിക്ക്. എനിക്ക്  ഒരാത്മാവുണ്ടെന്ന കാര്യം തന്നെ ഞാൻ വിസ്മരിച്ചു. ആ സമയം കൂടി എന്റെ ശരീരത്തിനായി വിനിയോഗിക്കാൻ എനിക്കൊരു മടിയുമില്ലായിരുന്നു.. 
              വീണ്ടും കർത്താവ്  കാണിച്ചുതന്നു;     വൈദികരെ ഞാൻ നിർദ്ദാക്ഷിണ്യം വിമർശിച്ചിരുന്നു..  എന്റെ ആത്മാവിനെ കളങ്കപ്പെടുത്തിയ ഏറ്റവും വലിയ തിന്മകളിലൊന്ന് ഇതായിരുന്നു; വൈദികരെ കുറ്റം വിധിച്ചതും അവരെപ്പറ്റി അപവാദം പറഞ്ഞു പരത്തിയതും.. എന്റെ  പിതാവിൽ നിന്നാണ്  ഈ ശീലം എനിക്കു കിട്ടിയത്. അദ്ദേഹം എപ്പോഴും വൈദികരെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ,  ഞങ്ങളുടെ മുമ്പിൽ വച്ച് വൈദികരെ സ്ത്രീജിതരെന്നും മറ്റും വിളിച്ചാക്ഷേപിക്കാൻ അദ്ദേഹത്തിനു യാതൊരു മടിയുമില്ലായിരുന്നു. 
                      കർത്താവ് സ്വരമുയർത്തി എന്നോടു ചോദിച്ചു: "എന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ കുറ്റം വിധിക്കാൻ നീ ആരാണെന്നാണ് നിന്റെ വിചാരം? ദൈവമോ? വൈദികരും മനുഷ്യരാണ്. അവരായിരിക്കുന്ന സമൂഹത്തിന്റെ നന്മയ്ക്കും സുസ്ഥിതിയ്ക്കും വേണ്ടിയാണ് ഞാനവരെ ആ വിശുദ്ധസ്ഥിതിയിലേക്കു നിയോഗിച്ചിരിക്കുന്നത്.  സമൂഹത്തിന് അവരുടെ വൈദികർക്കു വേണ്ടി പ്രാർത്ഥിക്കാനും അവരെ സ്നേഹിക്കാനും പിന്തുണയ്ക്കാനും കടമയുണ്ട്.  ഒരു വൈദികന്റെ വീഴ്ചയിൽ സമൂഹത്തിനും പങ്കുണ്ട്.  പിശാച് വൈദികരെയും അവരുടെ അഭിഷിക്ത കരങ്ങളെയും അങ്ങേയറ്റം വെറുക്കുന്നു. കാരണം, നിത്യനായ ദൈവത്തിനു സമർപ്പിക്കപ്പെട്ടവനായ ഒരു പുരോഹിതന്റെ അഭിഷിക്ത കരങ്ങൾ വഴിയാണ്  അൾത്താരയിലെ അത്ഭുതം നടക്കുന്നത്; അതുവഴി അനേക ജീവിതങ്ങളിൽ അത്ഭുതം നടക്കുന്നത്. ദിവ്യകാരുണ്യം സ്വർഗ്ഗത്തിലേക്കുള്ള വാതിലാണ്. അതുകൊണ്ടുതന്നെ പിശാചിന്റെ നിരന്തരമായ പ്രലോഭനങ്ങൾ വൈദികനു നേരിടേണ്ടി വരുന്നു. വൈദികർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അവർക്കു  താങ്ങായി നിൽക്കേണ്ടവരാണ് വിശ്വാസികൾ. അവരെ വിധിക്കുന്നവ  അതികഠിനമായിത്തന്നെ വിധിക്കപ്പെടും."