വി.ഫൗസ്റ്റീനായുടെ പ്രാര്‍ഥനയുടെ പ്രധാനപ്പെട്ട രണ്ടു വിഷയങ്ങളായിരുന്നു പാപികളുടെ മാനസാന്തരവും ശുദ്ധീകരണാത്മാക്കളുടെ മോചനവും. അവളുടെ നിരന്തരമായ സഹനങ്ങളും ത്യാഗങ്ങളും ഇത്തരം ആത്മാക്കള്‍ക്കുവേണ്ടിയാണ് കൂടുതലായും അവള്‍ ഉപയോഗപ്പെടുത്തിയിരുന്നത്. ഈശോ അവളോട് ഒരിക്കല്‍ പറഞ്ഞു: "ആത്മാക്കളെ രക്ഷിക്കാന്‍ എനിക്കു നിന്റെ സഹനങ്ങള്‍ ആവശ്യമുണ്ട്." (ഡയറി 1612)
ആത്മാക്കളെ രക്ഷിക്കുന്നത് പിശാചിനിഷ്ടമില്ല. എന്തുചെയ്തും അതു തടയാന്‍ അവന്‍ ശ്രമിക്കും. ഒരിക്കല്‍, വളരെ ക്ഷീണിതയായിരുന്നതിനാല്‍ അല്‍പ്പം നേരത്തെ വി.ഫൗസ്റ്റീനാ ഉറങ്ങാന്‍ കിടന്നു. ഏതാണ്ട് 11 മണിയായപ്പോള്‍ പിശാച് വിശുദ്ധയുടെ കിടക്ക കുലുക്കാന്‍ തുടങ്ങി. വി.ഫൗസ്റ്റീനാ എഴുന്നേറ്റിരുന്ന് കാവല്‍ മാലാഖയോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. വി.ഫൗസ്റ്റീനാ പറയുന്നു: "അപ്പോള്‍ ശുദ്ധീകരണസ്ഥലത്തില്‍ പരിഹാരം അനുഷ്ഠിച്ചുകൊണ്ടിരുന്ന ആത്മാക്കളെ ഞാന്‍ കണ്ടു... അവര്‍ ഒരു നിഴല്‍ പോലെ കാണപ്പെട്ടു.. അതിനിടയില്‍ ധാരാളം പിശാചുക്കളെയും ഞാന്‍ കണ്ടു. അതിലൊരു പിശാച് എന്നെ അലട്ടാനാരംഭിച്ചു; പൂച്ചയുടെ രൂപത്തില്‍ എന്റെ കിടക്കയിലും കാലിലും ചാടിക്കൊണ്ടിരുന്നു.. ഒരു ടണ്‍ ഭാരം എന്റെ മേല്‍ വന്നു വീഴുന്നതുപോലെ എനിക്കു തോന്നി.. ഞാന്‍ തുടര്‍ച്ചയായി കൊന്ത ചൊല്ലിക്കൊണ്ടിരുന്നു...
പ്രഭാത പ്രാര്‍ഥനയ്ക്കായി ഞാന്‍ ചാപ്പലില്‍ എത്തിയപ്പോള്‍ എന്റെ ആത്മാവില്‍ ഈ സ്വരം ഞാന്‍ കേട്ടു: "നീ എന്നോട് ഐക്യപ്പെട്ടിരിക്കുന്നു. ഒന്നിനെയും ഭയപ്പെടേണ്ട... പക്ഷെ, എന്റെ കുഞ്ഞേ, നീ അറിയുക; സാത്താന്‍ നിന്നെ വെറുക്കുന്നു. എല്ലാ ആത്മാക്കളെയും അവന്‍ വെറുക്കുന്നു. എന്നാല്‍, അവന്‍ നിനക്കെതിരെ പ്രത്യേക വെറുപ്പ് വെച്ചുപുലര്‍ത്തുന്നു. കാരണം അവന്റെ ആധിപത്യത്തില്‍ നിന്ന് അനേകം ആത്മാക്കളെ നീ വിടുവിച്ചെടുത്തു."