Tuesday, October 9, 2012

വിശുദ്ധരുടെ ദര്‍ശനങ്ങള്‍

                 പ്രസിദ്ധരും അപ്രസിദ്ധരുമായ  ഒട്ടേറെ വിശുദ്ധര്‍ക്ക് തങ്ങളുടെ ജീവിതകാലത്ത് ശുദ്ധീകരണസ്ഥലത്തിന്‍റെ ദര്‍ശനം ലഭിക്കുകയോ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ പ്രാര്‍ത്ഥന യാചിച്ച്   അവരെ    സന്ദര്‍ശിക്കുകയോ    ചെയ്തിരുന്നതായി അവരുടെ ജീവചരിത്രത്തില്‍ നാം വായിക്കുന്നുണ്ട്. വി.ജെര്‍ട്രൂഡ്, ടൊളന്‍ന്റിനോയിലെ വി.നിക്കോളാസ്, വി.ജോണ്‍ മാസ്സിയാസ്,     ആര്‍സിലെ വിശുദ്ധനായ വികാരി വി. ജോണ്‍ മരിയ വിയാനി, വി. പാദ്രെ പിയോ, സിയന്നായിലെ വി. കാതറിന്‍, വി.അമ്മത്രേസ്യ, വി.കൊച്ചുത്രേസ്യ,    ജനോവായിലെ   വി. കാതറിന്‍,  വി.ഫൌസ്തീന,  വി. മാഗ്ദലിന്‍  (St.Magdalen of the Cross) തുടങ്ങിവര്‍ അവരില്‍ ചിലര്‍ മാത്രം.. 
St.Gertrude
                         ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിക്കാനായി നമ്മുടെ കര്‍ത്താവ് വി. ജെര്‍ത്രൂദിനോട് പറഞ്ഞു:  "നീതിയുടെ പേരില്‍ ഒരുവന്റെ കൂട്ടുകാരനെ രാജാവ് തടവറയില്‍ ഇട്ടാലും, തന്റെ കൂട്ടുകാരനെ മോചിപ്പിക്കാനാന്‍ വേണ്ടി രാജാവിന്റെ അടുക്കല്‍ വന്ന് കരുണയ്ക്കായി പ്രാര്‍ഥിക്കുന്നതുപോലെ, ശുദ്ധീകരണസ്ഥലത്തിലെ പാവപ്പെട്ട ആത്മാക്കള്‍ക്കായി എനിക്കര്‍പ്പിക്കുന്ന സകലതും വലിയ സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കുന്നു. കാരണം, ഞാന്‍ വലിയ വില കൊടുത്തത് ആര്‍ക്കുവേണ്ടിയാണോ അവര്‍ എന്റെ അടുത്തുണ്ടാകണമെന്ന് ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു.  അവര്‍ക്കായി പ്രാര്‍ഥിക്കുന്ന ഓരോ നിമിഷവും ശുദ്ധീകരണസ്ഥലത്തുനിന്ന് ഒരു തടവുകാരനെ മോചിപ്പിക്കാന്‍ ഞാന്‍ പ്രേരിതനാകുന്നു."    
                          ആവിലായിലെ വി.അമ്മ ത്രേസ്യയുടെ സന്യാസസഭയിലെ ഒരു സഹോദരി ദണ്ഡവിമോചനങ്ങളുടെ ശക്തിയെപ്പറ്റി ബോധ്യമുള്ളവളായിരുന്നു. അതു നേടാനുള്ള ഒരവസരവും അവള്‍ പാഴാക്കിയിരുന്നില്ല.  ആ സഹോദരി മരിച്ചപ്പോള്‍, അവളുടെ ആത്മാവ് ശുദ്ധീകരണസ്ഥലത്തുപോകാതെ നേരെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നത് അമ്മ ത്രേസ്യ കണ്ടു. വളരെ സാധാരണയായ ഒരു ജീവിതം നയിച്ചിരുന്നതായി അവളെ കണ്ടിരുന്നതിനാല്‍  ഇതിന്റെ കാരണമെന്തെന്ന് വി.ത്രേസ്യ ഈശോയോടു ചോദിച്ചു. ഈശോ ഇങ്ങനെ ഉത്തരം നല്‍കി: "അവള്‍ വിശ്വസ്തതയോടെ നേടിയെടുത്ത ദണ്ഡവിമോചനങ്ങളിലൂടെ അവളുടെ   അനേകം കടങ്ങള്‍ അവള്‍ വീട്ടി. അങ്ങനെ മരണസമയത്ത് കളങ്കമില്ലാത്ത ഒരാത്മാവായിരുന്നു അവളുടേത്‌."