Sunday, July 10, 2011

ഉപവിക്കെതിരായ തിന്മകൾ - ശുദ്ധീകരണസ്ഥലം

(മരിയ സിമ്മയുടെ 'My experience with Souls in Purgatory' എന്ന പുസ്തകത്തിൽ നിന്ന്)


                         ഉപവിക്കെതിരായ തിന്മപ്രവൃത്തികൾക്കാണ് (നമുക്കിഷ്ടമില്ലാത്ത ആളുകളുടെ സാമീപ്യവും സമ്പർക്കവും ഒഴിവാക്കുക, മറ്റുള്ളവരോട് ക്ഷമിക്കാതിരിക്കുക, അനുരഞ്ജനത്തിനു തയാറാകാത്ത മനസ്ഥിതി വച്ചുപുലർത്തുക, വെറുപ്പും പകയും മനസ്സിൽ സൂക്ഷിക്കുക തുടങ്ങിയവ)  പ്രധാനമായും ശുദ്ധീകരണസ്ഥലത്തിൽ ദീർഘകാലം കഴിയേണ്ടി വരുന്നത്. 
    മരിയയെ സമീപിച്ച ഒരാത്മാവിന്റെ (സ്ത്രീ) വിവരണം ഇപ്രകാരമാണ്.
                   മരണമടഞ്ഞ സ്ത്രീയ്ക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ഈ സ്ത്രീ തന്നെ വരുത്തി വച്ച  ഒരു കാരണത്താൽ അവർ ശത്രുതയിലായി.  വളരെക്കൊല്ലങ്ങളോളം ആ ശത്രുത തുടർന്നു.  കൂട്ടുകാരി പലവട്ടം അനുരഞ്ജനത്തിനു ശ്രമിച്ചെങ്കിലും ക്ഷമിക്കാൻ ഇവൾ തയാറായില്ല. ഒടുവിൽ ഈ സ്ത്രീ രോഗബാധിതയായി; മരണാസന്നയായി. എന്നിട്ടും അവർ തന്റെ കൂട്ടുകാരിയോട് ക്ഷമിക്കാനോ അനുരഞ്ജനപ്പെടാനോ തയാറായില്ല. ആ ശത്രുത പുലർത്തിക്കൊണ്ടു തന്നെ അവർ മരണമടഞ്ഞു. മരണശേഷം, അതികഠിനമായ, ഏറ്റം കഠോരമായ ശുദ്ധീകരണത്തിനു വിധേയയായതിനാൽ പ്രാർത്ഥനാസഹായം തേടിയാണ് ആ ആത്മാവ് മരിയയുടെ അടുത്തു വന്നത്. 
            "പകയും വൈരാഗ്യവും വച്ചുപുലർത്തുന്നത്  ദൈവത്തിന് അങ്ങേയറ്റം അപ്രീതികരമാണെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം,"  മരിയ പറയുന്നു; "അതുപോലെ തന്നെയാണ് മറ്റുള്ളവരെ മുറിപ്പെടുത്തുന്ന കഠിനവാക്കുകൾ പ്രയോഗിക്കുന്നതും. നമ്മുടെ ഒരു വാക്ക്, അല്ലെങ്കിൽ സംസാരം, മറ്റുള്ളവരെ എത്രത്തോളം മുറിവേൽപ്പിക്കുമെന്ന്, ചിലപ്പോൾ കൊല്ലുക തന്നെ ചെയ്യുമെന്ന് നാമറിയുന്നില്ല. അതുപോലെ തന്നെ നമ്മുടെ ഒരു നല്ലവാക്ക് മറ്റുള്ളവർക്ക് സൗഖ്യം പകരുകയും ചെയ്യും." 

(അനാരോഗ്യം മൂലം മഠപ്രവേശം നിഷേധിക്കപ്പെട്ട ഒരു ഭക്തവനിതയാണ് മരിയ സിമ്മ.  1940 മുതൽ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾ പ്രാർത്ഥന യാചിച്ച് അവളെ സന്ദർശിക്കാനെത്തിയിരുന്നു; ഒപ്പം ദീർഘകാല ശാരീരികസഹനങ്ങളും.)