ശുദ്ധീകരണസ്ഥലത്തു നിന്നും ആത്മാക്കളെ മോചിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം (പ്രാർത്ഥന) ദിവ്യബലിയർപ്പണമാണ്. കാരണം, നമ്മോടുള്ള സ്നേഹാധിക്യത്താൽ ദിവ്യബലിയിൽ ക്രിസ്തു തന്നെത്തന്നെ ബലിയായി പിതാവിന് സമർപ്പിക്കുകയാണ്. ദിവ്യബലിയോടു പ്രത്യേക ഭക്തി പുലർത്തിയിരുന്ന ആത്മാക്കൾക്ക് - അതായത് ദിവ്യബലിയിൽ ഭക്തിപൂർവ്വം പങ്കുകൊള്ളുകയും ഇടദിവസങ്ങളിലും ബലിയർപ്പണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നവർക്ക് - അവർക്കുവേണ്ടി അർപ്പിക്കുന്ന
ബലിയർപ്പണത്തിലൂടെ വലുതായ പ്രയോജനം ലഭിക്കും.
വിശുദ്ധ ജോൺ മരിയ വിയാനി തന്റെ ഇടവകജനത്തോട് പറഞ്ഞ ഒരു സംഭവമാണ് താഴെ.
വിശുദ്ധനായ ഒരു വൈദികന്റെ ആത്മസുഹൃത്ത് മരണമടഞ്ഞു. സുഹൃത്തിന്റെ ആത്മശാന്തിക്കായി വൈദികൻ നിരന്തരം പ്രാർത്ഥിച്ചുപോന്നു. സുഹൃത്തിന്റെ ആത്മാവ് ശുദ്ധീകരണസ്ഥലത്താണെന്നും അതികഠിനമായ ശുദ്ധീകരണത്തിനു വിധേയനായിരിക്കൊണ്ടിക്കയാണെന്നും ഒരു ദിവസം ദൈവം അദ്ദേഹത്തിനു വെളിപ്പെടുത്തി. സുഹൃത്തിനു വേണ്ടി ദിവ്യബലി അർപ്പിക്കാൻ വൈദികൻ തീരുമാനിച്ചു.
ബലിയർപ്പണവേളയിൽ തിരുശ്ശരീരവും തിരുരക്തവും ഉയർത്തവേ, അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു: 'കൊള്ളാം നല്ലവനായ പിതാവേ, നമുക്കൊരു വച്ചുമാറ്റം നടത്താം... എന്റെ പ്രിയപ്പെട്ട ചങ്ങാതിയുടെ ആത്മാവ് ഇപ്പോൾ അങ്ങയുടെ കൈകളിലാണ്. അങ്ങേ പ്രിയപുത്രൻ ഇപ്പോൾ എന്റെ കരങ്ങളിലും.... അങ്ങെന്റെ ചങ്ങാതിയുടെ ആത്മാവിനെ ശുദ്ധീകരണസ്ഥലത്തു നിന്നു മോചിപ്പിച്ചാലും... അതിനായി അങ്ങേ തിരുക്കുമാരനെ, അവിടുത്തെ പീഢാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും എല്ലാ യോഗ്യതകളോടും കൂടെ ഞാൻ അങ്ങേയ്ക്കു കാഴച വയ്ക്കുന്നു....'
വിശുദ്ധനായ ആ വൈദികന്റെ പ്രാർത്ഥനക്ക് ദൈവം ഉടൻ ഉത്തരമരുളി. സുഹൃത്തിന്റെ ആത്മാവ് വർണ്ണനാതീതമായ ശോഭയോടു കൂടി സ്വർഗ്ഗത്തിലേക്ക് കരേറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം ദൈവത്തിന് നന്ദിയർപ്പിച്ചു.
