Saturday, February 12, 2011

നിങ്ങളുടെ മരണവേളയിൽ




പരിശുദ്ധ അമ്മ, 1992 നവംബർ 2ന്  ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം '


"വൽസലമക്കളേ,  വിശ്വാസത്തിന്റെ മുദ്രയോടെ നിങ്ങൾക്കു മുമ്പേ കടന്നു പോയവരും  ശുദ്ധീകരണസ്ഥലത്ത് ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നവരുമായ നിങ്ങളുടെ  സഹോദരങ്ങളെ  അനുസ്മരിക്കുന്ന ദിവസമാണല്ലോ ഇന്ന്. ഈ സഹോദരങ്ങൾ
 പ്രത്യേകമാംവിധം നിങ്ങളുടെ  ചാരേ ഇന്ന് സന്നിഹിതരാണെന്നുള്ള സത്യം ഞാൻ നിങ്ങളെ  അറിയിക്കട്ടെ. ഇന്ന് അവർ വിജയം കൈയാളുന്ന സൈനികനിരയിലെ അംഗങ്ങളാണ്. എന്നെന്നേക്കുമായി രക്ഷ കൈവരിച്ചതിന്റെ ആഹ്ളാദത്തിലാണവർ, എങ്കിലും ഇനിയും ദൈവത്തെ സ്വന്തമാക്കാൻ കഴിയാത്തതിൽ അവർ  അനുഭവിക്കുന്ന വേദന ചില്ലറയൊന്നുമല്ല.
ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആത്മാക്കൾ നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. അവരുടെ യാതനകൾ നിങ്ങളുടെ ക്ഷേമത്തിനായി അവർ കാഴ്ചവയ്ക്കുന്നു. പറുദീസായുടെ നിത്യാനന്ദത്തിലേക്കു പ്രവേശിക്കുവാൻ വിഘാതമായി 
നിൽക്കുന്ന മാനുഷിക വൈകല്യങ്ങളിൽ നിന്നും അവരെ വിമുക്തരാക്കുവാൻ നിങ്ങളുടെ   
പ്രാർത്ഥനകൾ ഒത്തിരി സഹായകമാകുന്നുണ്ട്.
ഭൂമിയിലായിരുന്നപ്പോൾ എന്റെ സൈനികനിരയുടെ ഭാഗമായിരുന്ന,  ഇന്നു ശുദ്ധീകരണസ്ഥലത്ത്  കഴിയുന്ന ആത്മാക്കൾ, എന്റെ സാന്നിദ്ധ്യം പ്രത്യേകമാംവിധം  അനുഭവിച്ചറിയുകയും അത് അവരുടെ വേദനയുടെ കാഠിന്യത്തെ ലഘൂകരിക്കുകയും ശുദ്ധീകരണ കാലയളവിനെ കുറയ്ക്കുകയും ചെയ്യും.
ഈ ആത്മാക്കളെ ഞാൻ എന്റെ കരങ്ങളിൽ സ്വീകരിക്കുകയും പറുദീസായുടെ 
അനിർവ്വചനീയമായ പ്രകാശത്തിലേക്ക് നയിക്കുകയും ചെയ്യും.
ആകയാൽ എന്റെ വൽസലമക്കളേ, നിങ്ങളുടെ വേദനാജനകമായ  ഭൗമിക തീർത്ഥാടനത്തിന്റെ വേളയിൽ മാത്രമല്ല, നിങ്ങളുടെ അന്തിമവേളയിലും നിങ്ങളുടെ അമ്മ നിങ്ങളുടെ സവിധേ ഉണ്ടായിരിക്കും.
നിങ്ങൾ ജപമാല ചൊല്ലുമ്പോൾ എത്രയോ തവണയാണ് ഈ പ്രാർത്ഥന ഉരുവിട്ടുകൊണ്ടിരുന്നത് ! "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ 
ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും നീ പ്രാർത്ഥിക്കണമേ!" ഞാൻ  അത്യാഹ്ളാദത്തോടെ ശ്രദ്ധിക്കുന്നതും താൽപ്പര്യത്തോടെ ശ്രവിക്കുന്നതുമായ ഒരു 
പ്രാർത്ഥനയാണത്. നിങ്ങളുടെ ഓരോരുത്തരുടേയും പക്കൽ മരണവേളയിൽ ഞാൻ സന്നിഹിതയാണെങ്കിൽ,  എനിക്കായി പ്രതിഷ്ഠിക്കപ്പെട്ട് എന്റെ വിമലഹൃദയത്തിന്റെ സുരക്ഷിതത്വത്തിൽ  നിങ്ങൾ ജീവിക്കുമ്പോൾ  ഇതിനേക്കാൾ എത്രയോ അധികമായാണ് ഞാൻ  നിങ്ങൾക്കു സമീപസ്ഥയായിരിക്കുന്നത്!"